ദൗർഭാഗ്യം അറ്റ് ഇറ്റ്സ് പീക്ക്, മെസിക്ക് നഷ്‌ടമായത് ഒരു ഒളിമ്പികോ ഗോളും ഒരു ഫ്രീ കിക്ക് ഗോളും | Messi

ലോകകപ്പ് യോഗ്യത മത്സരത്തിൽ പാരഗ്വായ്‌ക്കെതിരെ നടന്ന മത്സരത്തിൽ ലയണൽ മെസി ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. പരിക്കിന്റെ പ്രശ്‌നങ്ങൾ ഒരു മുൻകരുതൽ എന്ന നിലയിലാണ് ലയണൽ സ്‌കലോണി ആദ്യ ഇലവനിൽ ഇറക്കാതിരുന്നത്. ലയണൽ മെസിയും ഡി മരിയയും ഇല്ലാതിരുന്നതിനാൽ നിക്കോ ഗോൺസാലസ്, ലൗടാരോ മാർട്ടിനസ്, ജൂലിയൻ അൽവാരസ് എന്നിവരാണ് അർജന്റീനക്കായി മുന്നേറ്റനിരയിൽ ഇറങ്ങിയത്. നിക്കോളാസ് ഓട്ടമെന്റിയായിരുന്നു ടീമിന്റെ നായകൻ.

ടീമിന്റെ നായകനായിറങ്ങിയ മത്സരത്തിൽ മൂന്നാം മിനുട്ടിൽ തന്നെ നിക്കോളാസ് ഓട്ടമെൻഡി വിജയഗോൾ കുറിക്കുകയുണ്ടായി. റോഡ്രിഗോ ഡി പോൾ എടുത്ത കോർണർ കിക്ക് ഒരു സൂപ്പർ വോളിയിലൂടെ താരം വലയിലേക്ക് എത്തിക്കുകയായിരുന്നു. ആ ഗോളിന്റെ ലീഡ് നിലനിർത്താൻ കഴിഞ്ഞ അർജന്റീന മത്സരത്തിൽ വിജയം സ്വന്തമാക്കി. ഇതോടെ ലോകകപ്പ് യോഗ്യത മത്സരത്തിൽ തുടർച്ചയായ മൂന്നാമത്തെ വിജയമാണ് അർജന്റീന സ്വന്തമാക്കുന്നത്.

ആദ്യ ഇലവനിൽ ഇറങ്ങാതിരുന്ന ലയണൽ മെസി രണ്ടാം പകുതിയുടെ അൻപത്തിമൂന്നാം മിനുട്ടിൽ കളിക്കളത്തിൽ ഇറങ്ങിയിരുന്നു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ അർജന്റീനക്ക് തന്നെയായിരുന്നു ആധിപത്യം. പതിനാലു ഷോട്ടുകൾ അർജന്റീന ഉതിർത്തപ്പോൾ നാല് ഷോട്ടുകൾ മാത്രമാണ് പരാഗ്വയുടെ ഭാഗത്തു നിന്നും ഉണ്ടായത്. തുടക്കത്തിൽ തന്നെ നേടിയ ലീഡ് നിലനിർത്താൻ അർജന്റീന മികച്ച പ്രകടനം നടത്തിയെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

അതേസമയം ലയണൽ മെസിയുടെ മാന്ത്രികത മത്സരത്തിൽ വീണ്ടും കാണുകയുണ്ടായി. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ രണ്ടു ഗോളുകളാണ് ദൗർഭാഗ്യം കൊണ്ട് താരത്തിന് നഷ്‌ടമായത്. എഴുപത്തിയഞ്ചാം മിനുട്ടിൽ മെസിയെടുത്ത ഒരു കോർണർ പോസ്റ്റിൽ തട്ടി തെറിച്ചു പോയിരുന്നു. അതിനു ശേഷം ഇഞ്ചുറി ടൈമിൽ താരമെടുത്ത ഒരു ഫ്രീ കിക്കും പോസ്റ്റിലടിച്ച് തെറിക്കുകയുണ്ടായി. അർജന്റീനക്ക് വേണ്ടി മറ്റൊരു ഗോൾ നേടാനുള്ള അവസരം താരത്തിന് ഇല്ലാതായി.

ഇതിനു മുൻപ് ഇക്വഡോർ, ബൊളീവിയ എന്നീ ടീമുകൾക്ക് എതിരെയാണ് അർജന്റീന ലോകകപ്പ് യോഗ്യത മത്സരം വിജയിച്ചത്. ഇതോടെ ബ്രസീലിനെ മറികടന്ന് സൗത്ത് അമേരിക്കൻ ക്വാളിഫയേഴ്‌സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുകയാണ് അർജന്റീന. അടുത്ത മത്സരത്തിൽ പെറുവാണ് അർജന്റീനയുടെ എതിരാളികൾ. ആ മത്സരത്തിൽ മെസി ആദ്യ ഇലവനിൽ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Messi Hits Crossbar Two Times Against Paraguay