നെയ്‌മർക്ക് നേരെ ഭക്ഷണാവശിഷ്‌ടങ്ങൾ വലിച്ചെറിഞ്ഞ് ബ്രസീൽ ആരാധകർ, പ്രകോപിതനായി താരം | Neymar

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ കരുത്തരായ ബ്രസീൽ വിജയത്തിന്റെ അടുത്തെത്തിയിരുന്നെങ്കിലും സമനില വഴങ്ങുകയായിരുന്നു. അൻപതാം മിനുട്ടിൽ നെയ്‌മറുടെ അസിസ്റ്റിൽ ഗബ്രിയേൽ നേടിയ ഗോളിൽ ബ്രസീൽ മുന്നിലെത്തി. മത്സരത്തിൽ മേധാവിത്വം പുലർത്തിയ ബ്രസീൽ എൺപത്തിനാലാം മിനുട്ട് വരെയും മുന്നിലായിരുന്നെങ്കിലും അതിനു ശേഷം വെനസ്വല താരം ബെല്ലോ നേടിയ ബൈസിക്കിൾ കിക്ക് ഗോൾ ബ്രസീലിനു വിജയം നിഷേധിച്ചു.

മത്സരത്തിൽ ബ്രസീലിന്റെ സൂപ്പർതാരമായ നെയ്‌മർ മികച്ച പ്രകടനമാണ് നടത്തിയത്. ഒരു ഗോളിന് വഴിയൊരുക്കിയ താരം മൂന്നു കീ പാസുകൾ മത്സരത്തിൽ നൽകുകയുണ്ടായി. അതിനു പുറമെ ഒരു സുവർണാവസരവും താരം സൃഷ്‌ടിച്ചു. രണ്ടാം പകുതിയിൽ ഒരു ഗോളും നെയ്‌മർ നേടിയിരുന്നെങ്കിലും മറ്റൊരു ബ്രസീലിയൻ താരം ഓഫ്‌സൈഡ് ആയതിനാൽ അത് നിഷേധിക്കപ്പെട്ടു. എന്നാൽ മത്സരത്തിന് ശേഷം ആരാധകരിൽ നിന്നും പ്രതിഷേധമാണ് നെയ്‌മർ ഏറ്റുവാങ്ങിയത്.

മത്സരത്തിന് ശേഷം നെയ്‌മർ ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോഴാണ് അസാധാരണമായ സംഭവം നടന്നത്. താരം ടണലിലേക്ക് കേറുന്നതിനു തൊട്ടു മുൻപ് അതിനു മുകളിലായി കൂടി നിന്നിരുന്ന ബ്രസീലിയൻ ആരാധകരിൽ ആരോ ഒരാൾ അവർ കഴിച്ചിരുന്ന പോപ്കോണിന്റെ പാത്രം നെയ്‌മർക്ക് നേരെ എറിയുകയായിരുന്നു. നെയ്‌മറുടെ തലയിൽ തന്നെയാണ് അത് വന്നു വീണത്. ഈ സംഭവത്തിൽ പ്രകോപിതനായ താരം ആരാധകർക്ക് നേരെ കടുത്ത ഭാഷയിൽ പ്രതികരിക്കുകയും ചെയ്യുകയുണ്ടായി.

ക്ലബ് തലത്തിൽ ചിലപ്പോൾ മോശം പ്രകടനം നടത്താറുണ്ടെങ്കിലും ബ്രസീലിയൻ ടീമിന് വേണ്ടി കളിക്കുന്ന സമയത്തെല്ലാം നെയ്‌മർ മികച്ച പ്രകടനം കാഴ്‌ച വെക്കാറുണ്ട്. എന്നാൽ ബ്രസീലിയൻ ടീമിന് വേണ്ടി കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കി നൽകാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഒരിക്കൽ കോൺഫെഡറേഷൻ കപ്പ് സ്വന്തമാക്കിയത് ഒഴിച്ചാൽ ബ്രസീലിനൊപ്പം നെയ്‌മർക്ക് പ്രധാന കിരീടങ്ങളില്ല. അതിനു ശേഷം ബ്രസീൽ കോപ്പ അമേരിക്ക കിരീടം നേടിയപ്പോൾ നെയ്‌മർ പരിക്ക് കാരണം ടീമിൽ ഉണ്ടായിരുന്നില്ല.

ഇപ്പോഴും ബ്രസീലിയൻ ടീമിലെ പ്രധാന താരമാണ് നെയ്‌മർ. താരത്തെ കേന്ദ്രീകരിച്ച് മികച്ചൊരു ടീമിനെ ഉണ്ടാക്കിയാൽ വരാനിരിക്കുന്ന കിരീടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷ എല്ലാവർക്കുമുണ്ട്. എന്നാൽ അതിനിടയിൽ സ്വന്തം നാട്ടിൽ നിന്നു തന്നെ നെയ്‌മർക്കെതിരെ പ്രതിഷേധം ഉയരുന്നത് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണ്. എന്തായാലും ഈ സംഭവത്തിനുള്ള മറുപടി അടുത്ത മത്സരത്തിൽ നെയ്‌മർ നൽകുമെന്നാണ് താരത്തിന്റെ ആരാധകർ കരുതുന്നത്.

Fans Throw Popcorn To Neymar After Venezuela Match