ലയണൽ മെസിയെ തുപ്പി പാരഗ്വായ് താരം, വിവാദത്തിൽ ക്ലാസ് മറുപടിയുമായി അർജന്റീന താരം | Messi

ഇന്ന് പുലർച്ചെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയുടെ ആദ്യ ഇലവനിൽ ലയണൽ മെസി ഇറങ്ങിയിരുന്നില്ല. നിരവധി മത്സരങ്ങളായി പരിക്ക് കാരണം പുറത്തിരുന്ന ലയണൽ മെസിയെ മുൻകരുതൽ എന്ന നിലയിലാണ് പരിശീലകൻ ലയണൽ സ്‌കലോണി ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്നത്. ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ലെങ്കിലും രണ്ടാം പകുതിയിൽ ലയണൽ മെസി കളത്തിലിറങ്ങിയിരുന്നു. മികച്ച പ്രകടനം നടത്തിയ താരത്തിന് ദൗർഭാഗ്യം കാരണമാണ് ഗോൾ നേടാൻ കഴിയാതിരുന്നത്.

അർജന്റീന ഒരു ഗോളിന് വിജയം നേടിയ മത്സരത്തിനു പിന്നാലെ ഒരു വിവാദവും കൊടുമ്പിരിക്കൊണ്ടു വരുന്നുണ്ട്. മത്സരത്തിൽ ലയണൽ മെസിയെ പരാഗ്വയുടെ മുന്നേറ്റനിര താരമായ അന്റോണിയോ സനാബ്രിയ തുപ്പിയെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. മത്സരത്തിനിടയിൽ ലയണൽ മെസിയും പാരഗ്വായ് താരവും തമ്മിൽ എന്തെല്ലാമോ പറഞ്ഞ് ചെറുതായി ഉരസുന്നതും അതിനു ശേഷം പിന്തിരിഞ്ഞു നടക്കുന്ന മെസിക്ക് നേരെ നിന്ന് സനാബ്രിയ തുപ്പുന്നതും ദൃശ്യങ്ങളിൽ കാണാനുണ്ട്.

ഇതുമായി ബന്ധപ്പെട്ട് മെസിയോട് പ്രതികരണം ചോദിച്ചപ്പോൾ താരം ക്ലാസ് മറുപടിയാണ് നൽകിയത്. “എന്നെ ആരോ തുപ്പിയെന്നു ലോക്കർ റൂമിൽ വെച്ച് അവരെന്നോട് പറഞ്ഞിരുന്നു, ഞാൻ അതൊന്നും കണ്ടിരുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ ആ കളിക്കാരൻ ആരാണെന്നു പോലും എനിക്കറിയില്ല. അവനു യാതൊരു വിധ പ്രാധാന്യവും നൽകാൻ എനിക്ക് ആഗ്രഹമില്ല. കാരണം ഇതേപ്പറ്റി കൂടുതൽ സംസാരം ഉണ്ടാവുകയും അവൻ പ്രശസ്‌തനാവുകയും ചെയ്യും.” മെസിയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു.

അതേസമയം മെസിയുടെ ദേഹത്തേക്ക് തുപ്പിയിട്ടില്ലെന്നാണ് ഇറ്റാലിയൻ ക്ലബായ ടോറിനോയുടെ താരമായ സനാബ്രിയ ഇതുമായി ബന്ധപ്പെട്ടു പ്രതികരിച്ചത്. “ആ ദൃശ്യം ഞാൻ കണ്ടിരുന്നു. അത് കണ്ടാൽ ഞാൻ മെസിയെ തുപ്പിയതു പോലെ തന്നെയാണ് തോന്നുക. പക്ഷെ അങ്ങിനെ സംഭവിച്ചിട്ടില്ല, മെസി ഒരുപാട് ദൂരെയായിരുന്നു. ആ ക്യാമറാ ആംഗിളിൽ പുറകിൽ നിന്നും നോക്കുമ്പോൾ ഞാൻ മെസിയെ തുപ്പിയെന്നു തന്നെയാണ് തോന്നുക, പക്ഷെ അത് സംഭവിച്ചിട്ടില്ല.” താരം വ്യക്തമാക്കി.

ലയണൽ മെസിയെപ്പോലെ തന്നെ ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിലൂടെ ഉയർന്നു വന്ന താരമാണ് സനാബ്രിയ. സംഭവത്തെ മെസി തന്നെ നിസാരമാക്കി തള്ളിയതിനാൽ ഇക്കാര്യത്തിൽ അന്വേഷണവും നടപടിയും ഒന്നും ഉണ്ടാകാനുള്ള സാധ്യതയില്ല. അതേസമയം അന്വേഷണം നടന്ന് മെസിയെ തുപ്പിയെന്നു കണ്ടെത്തിയാൽ പാരഗ്വായ് താരത്തിനെതിരെ വിലക്കടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

Messi Responds To Sanabria Spat Incident