മെസിയെ ബ്രസീൽ പേടിക്കുന്നുണ്ട്, ഒരു ലോകകപ്പ് കൂടി താരം കളിക്കുന്നത് ആലോചിക്കാൻ പോലും കഴിയില്ലെന്ന് മുൻ താരം | Lionel Messi

ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന തലത്തിലേക്ക് ലയണൽ മെസി എല്ലാ രീതിയിലും ഉയർന്നത് കഴിഞ്ഞ ലോകകപ്പോടു കൂടിയാണ്. ക്ലബ് പ്രോഡക്റ്റ് എന്ന് ഒരുപാട് കാലം വിമർശിച്ചവരുടെയെല്ലാം വായടപ്പിച്ചാണ് ഖത്തർ ലോകകപ്പിൽ അർജന്റീനയെ മുന്നിൽ നിന്നു നയിച്ച് ലയണൽ മെസി ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഇതോടെ ഇനി കരിയറിൽ മെസിക്ക് സ്വന്തമാക്കാൻ യാതൊരു കിരീടവും ബാക്കിയില്ല.

കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഇടയിൽ ദേശീയ ടീമിനൊപ്പം സാധ്യമായ മൂന്നു കിരീടങ്ങളും സ്വന്തമാക്കിയ ലയണൽ മെസി മറ്റൊരു കിരീടം കൂടി ലക്ഷ്യമിട്ട് ഇറങ്ങുകയാണ്. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് കിരീടമാണ് മെസി ലക്ഷ്യമിടുന്നത്. അതിനിടയിൽ മെസിയെക്കുറിച്ച് മുൻ ബ്രസീൽ താരമായ പൗളോ സിലിസ് പറഞ്ഞ അഭിപ്രായം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.

“ലയണൽ മെസിയെക്കുറിച്ച് എന്ത് പറയാനാണ്. ചിന്തിക്കുന്നതിനും അപ്പുറത്താണ് താരത്തിന്റെ നിലവാരം. കഴിഞ്ഞ നാൽപത്, അൻപത് വർഷത്തിന്റെ ഇടയിലുണ്ടായ ഏറ്റവും മികച്ച താരമാണ് ലയണൽ മെസി. ലയണൽ മെസി മറ്റൊരു ലോകകപ്പ് കൂടി കളിക്കാൻ പോകുന്നത് ബ്രസീലിലുള്ളവരെ ഭയപ്പെടുത്തുന്നുണ്ട്. അതാണ് യാഥാർഥ്യമെങ്കിലും ഞങ്ങളതിന് ഏറ്റവും നല്ല രീതിയിൽ തയ്യാറെടുക്കുന്നു.” സിലിസ് പറഞ്ഞു.

കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിൽ ബ്രസീലിൽ നിന്നും അവിശ്വസനീയമായ പിന്തുണയാണ് അർജന്റീനക്ക് ലഭിച്ചത്. ലോകകപ്പ് വിജയത്തിന് ശേഷം ബ്രസീലിലേക്ക് മത്സരത്തിനായി അർജന്റീന ടീം എത്തിയപ്പോഴും നിരവധി ആരാധകർ പിന്തുണയുമായി എത്തിയിരുന്നു. ഇതിനെല്ലാം കാരണം ലയണൽ മെസിയുടെ സാന്നിധ്യമാണെന്നും താരത്തെ ബ്രസീലിയൻസ് വളരെ ഇഷ്‌ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പ്രതീക്ഷിച്ച ലയണൽ മെസി ദേശീയ ടീമിനൊപ്പം തുടരുകയാണ്. ലോകകപ്പിന് ശേഷവും മിന്നുന്ന പ്രകടനം നടത്തുന്ന അർജന്റീന ഒരു കിരീടം കൂടി ലക്ഷ്യമിട്ടാണ് കോപ്പ അമേരിക്ക ടൂർണമെന്റിനായി തയ്യാറെടുക്കുന്നത്. അതിനൊപ്പം ഇന്റർ മിയാമിക്കൊപ്പം ആദ്യത്തെ മുഴുനീള സീസണിന് വേണ്ടിയും ലയണൽ മെസി തയ്യാറെടുത്തു കൊണ്ടിരിക്കുന്നു.

Brazil Is Afraid Of Lionel Messi Says Paulo Silas