കഴിഞ്ഞ മൂന്നര വർഷത്തിനിടയിലെ ഏറ്റവും സ്ഥിരതയുള്ള ടീം, കേരള ബ്ലാസ്റ്റേഴ്‌സ് മോഡലിനെ പ്രശംസിച്ച് എതിരാളികൾ | Kerala Blasters

ഇവാൻ വുകോമനോവിച്ച് പരിശീലകനായി എത്തിയതിനു ശേഷം എല്ലാ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് സ്ഥിരതയാർന്ന പ്രകടനം നടത്തിയിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആദ്യത്തെ സീസണിൽ ടീമിനെ ഫൈനലിലേക്ക് നയിച്ച അദ്ദേഹത്തിന് കീഴിൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കളിച്ചെങ്കിലും വിവാദങ്ങളുയർത്തിയ പ്രതിഷേധം കാരണം അവിടെ നിന്നും മുന്നേറാൻ കഴിഞ്ഞില്ല.

ഈ സീസൺ പകുതി പിന്നിട്ടപ്പോൾ മികച്ച പ്രകടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ലീഗിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്. സീസൺ തുടങ്ങിയപ്പോൾ മുതൽ നേരിട്ട പരിക്കിന്റെയും വിലക്കിന്റെയും തിരിച്ചടികളുടെ ഇടയിലാണ് ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തുന്നത്. ലൂണയുടെ പരിക്കിന് ശേഷം നടന്ന മൂന്നു മത്സരങ്ങളിലും ടീം വിജയം നേടിയെന്നതും എടുത്തു പറയേണ്ടതാണ്.

കഴിഞ്ഞ കുറച്ചു സീസണുകളായി ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന സ്ഥിരതയാർന്ന ഈ പ്രകടനം പരിശീലകനും സ്പോർട്ടിങ് ഡയറക്റ്ററുമെല്ലാം ചേർന്ന് പ്രവർത്തിച്ചതിന്റെ കൂടി ഫലമാണ്. ഈ നേട്ടങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇടയിൽ മാത്രമല്ല, മറിച്ച് എതിരാളികളുടെ ഇടയിലും ശ്രദ്ധിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയിൻ എഫ്‌സി പരിശീലകൻ നടത്തിയ അഭിപ്രായം അതിനൊരു ഉദാഹരണമാണ്.

“വളരെയധികം സ്ഥിരതയുള്ള ഒരു മോഡലിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കളിച്ചു കൊണ്ടിരിക്കുന്നത്. അവർക്ക് മികച്ച പ്രകടനം നടത്താനും കഴിയുന്നുണ്ട്. കഴിഞ്ഞ മൂന്നര വർഷത്തിന്റെ ഇടയിൽ വളരെയധികം സ്ഥിരതയോടെ കളിക്കുന്ന അവർക്ക് ഫോമിൽ തുടരാനും കഴിയുന്നുണ്ട്.” മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് ചെന്നൈ പരിശീലകൻ ഓവൻ കോയൽ പറഞ്ഞു.

ഈ ഫോമിന് പിന്നിൽ ഇവാൻ വുകോമനോവിച്ച് വലിയൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ടീമിനെ അഴിച്ചു പണിയാനും അക്കാദമി താരങ്ങളെ മുന്നോട്ടു കൊണ്ടുവരാനുമെല്ലാം അദ്ദേഹം പ്രധാന പങ്കു വഹിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ ഏറ്റവും നല്ല രീതിയിൽ താരങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു പരിശീലകനാണ് അദ്ദേഹമെന്ന് പറഞ്ഞാലും അതിൽ അത്ഭുതമില്ല.

Kerala Blasters Model Praised By Owen Coyle