സ്വന്തം രാഷ്ട്രീയ നിലപാടുകൾ പ്രസിദ്ധീകരിക്കാൻ ഇന്ത്യൻ ഫുട്ബോളിനെ ഉപയോഗിക്കരുത്, എഐഎഫ്എഫ് ഒഫീഷ്യൽ പേജിൽ വന്ന ചിത്രത്തിനെതിരെ രൂക്ഷമായ വിമർശനം | Kalyan Chaubey

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ കല്യാൺ ചൗബേ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തിനെതിരെ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നു. തന്റെ രാഷ്ട്രീയ നിലപാടുകൾ എന്ത് തന്നെയായാലും അത് പ്രസിദ്ധീകരിക്കാൻ ഇന്ത്യൻ ഫുട്ബോളിന്റെ ഒഫീഷ്യൽ പേജിനെ ഉപയോഗിക്കരുതെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

കല്യാൺ ചൗബെക്കും കുടുംബത്തിനുമൊപ്പം ആർഎസ്എസ് നേതാവായ മോഹൻ ഭഗവത് നിൽക്കുന്ന ചിത്രമാണ് എഐഎഫ്എഫ് പ്രസിഡന്റ് പോസ്റ്റ് ചെയ്‌തത്‌. തന്റെ കൊൽക്കത്തയിലെ വീട്ടിൽ അദ്ദേഹം സന്ദർശനം നടത്തിയെന്നും വനിതകളുടെയും യുവാക്കളുടെയും രാജ്യത്തിന്റെയും വികസനത്തിന് സ്പോർട്ട്സിനു എന്ത് പങ്കു വഹിക്കാൻ കഴിയുമെന്ന് അദ്ദേഹവുമായി ചർച്ച നടത്തിയെന്നും കല്യാൺ ചൗബേ പോസ്റ്റിൽ പറയുന്നു.

കല്യാൺ ചൗബേ തന്റെ സ്വന്തം അക്കൗണ്ടിൽ ഇക്കാര്യം പോസ്റ്റ് ചെയ്‌തതിന്‌ പുറമെ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ ഇത് ഷെയർ ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇതാണ് ആരാധകരുടെ പ്രതിഷേധം ശക്തമാകാൻ കാരണം. തന്റെ രാഷ്ട്രീയം എന്തായാലും അതിനു വേണ്ടി ഫുട്ബോളിനെ ഉപയോഗിക്കരുത് എന്നാണു ആരാധകർ അതിനടിയിൽ കമന്റായി കുറിക്കുന്നത്.

രൂക്ഷമായ വിമർശനമാണ് ആരാധകരിൽ പലരും ഇതിനെതിരെ ഉയർത്തുന്നത്. ഇന്ത്യൻ ഫുട്ബോളിന്റെ ഒഫീഷ്യൽ പേജിൽ എന്തിനാണ് ഇങ്ങിനെയൊരു ചിത്രമെന്നു ചിലർ ചോദിക്കുമ്പോൾ ആർഎസ്എസും ഇന്ത്യൻ ഫുട്ബോളും തമ്മിൽ എന്താണ് ബന്ധമെന്ന് ചിലർ ചോദിക്കുന്നു. രാഷ്ട്രീയ അജണ്ടകൾക്ക് ഇന്ത്യൻ ഫുട്ബോളിൽ സ്ഥാനമില്ലെന്ന ശക്തമായ പ്രതിഷേധവും ചിലർ കാണിക്കുന്നു.

എന്തായാലും ഇതിലൂടെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ തലപ്പത്ത് ഇരിക്കുന്നവർ കൃത്യമായ രാഷ്ട്രീയ അജണ്ടകളോടെയാണ് പ്രവർത്തിക്കുന്നതെന്നും അത് വളർത്താൻ ഫുട്ബോളിനെ ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമാകുന്നു. എന്തായാലും ഇത്രയും കടന്നൊരു സമീപനം ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായത് അവിശ്വസനീയമായ കാര്യം തന്നെയാണ്.

Kalyan Chaubey Slammed By Fans Over Meeting With Politician