ഖത്തറിൽ മഞ്ഞപ്പടയുടെ വൈക്കിംഗ് ക്ലാപ്പ് മുഴങ്ങി, ഇന്ത്യൻ ഫുട്ബോൾ ടീമിന് ആവേശോജ്ജ്വല സ്വീകരണം | Indian Football Team

എഎഫ്‌സി ഏഷ്യൻ കപ്പിനായി ഖത്തറിലെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് ലഭിച്ചത് ആവേശോജ്വലമായ സ്വീകരണം. കഴിഞ്ഞ ദിവസം ഖത്തറിലെ ഹമദ് എയർപോർട്ടിൽ എത്തിയ ഇന്ത്യൻ ടീമിന് ഏഷ്യൻ കപ്പിലെ മറ്റൊരു ടീമിനും അവകാശപ്പെടാൻ കഴിയാത്ത രീതിയിലുള്ള വരവേൽപ്പാണ് ലഭിച്ചത്. നൂറു കണക്കിന് ആരാധകരാണ് ഇന്ത്യൻ ഫുട്ബോൾ ടീമിനെ സ്വീകരിക്കാൻ എയർപോർട്ടിൽ ഉണ്ടായിരുന്നത്.

ഇന്ത്യൻ ഫുട്ബോൾ ടീം എയർപോർട്ടിൽ വന്നിറങ്ങിയതു മുതൽ വലിയ ആരവമാണ് ഉണ്ടായത്. ഓരോ താരങ്ങളെയും ആരാധകർ സ്വീകരിച്ചു. ഖത്തറിലെ മഞ്ഞപ്പട വിങ്ങാണ് ഇത്രയും മികച്ചൊരു സ്വീകരണം ഇന്ത്യൻ ഫുട്ബോൾ ടീമിന് നൽകാൻ മുന്നിൽ നിന്നത്. എയർപോർട്ടിൽ മഞ്ഞപ്പടയുടെ ട്രേഡ്‌മാർക്ക് വൈക്കിംഗ് ക്ലാപ്പ് നടത്തിയത് വലിയ ആവേശം നൽകിയ ദൃശ്യമായിരുന്നുവെന്നതിൽ സംശയമില്ല.

ഇഗോർ സ്റ്റിമാച്ച് പരിശീലകനായ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഇരുപത്തിയാറ് പേരടങ്ങിയ സ്‌ക്വാഡാണ് ഖത്തറിൽ എത്തിയിരിക്കുന്നത്. സുനിൽ ഛേത്രി നയിക്കുന്ന ടീമിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നുള്ള മൂന്നു താരങ്ങളാണുള്ളത്. രാഹുൽ കെപി, പ്രീതം കോട്ടാൽ, ഇഷാൻ പണ്ഡിറ്റ എന്നീ താരങ്ങളാണ് ടീമിലുള്ളത്. മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ സഹലും ഇന്ത്യൻ ടീമിലുണ്ട്.

ജനുവരി പന്ത്രണ്ടു മുതൽ ഫെബ്രുവരി പത്ത് വരെയുള്ള ദിവസങ്ങളിലാണ് ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നത്. ഇരുപത്തിനാലു ടീമുകൾ കിരീടത്തിനായി പോരാടുന്ന ടൂർണമെന്റിൽ ഇന്ത്യ ഗ്രൂപ്പ് ബിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. കരുത്തരായ ഓസ്‌ട്രേലിയക്ക് പുറമെ ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നീ ടീമുകളാണ് ഇന്ത്യൻ ടീമിന്റെ ഗ്രൂപ്പിലുള്ളത്.

അഞ്ചാമത്തെ തവണയാണ് ഇന്ത്യ ഏഷ്യൻ കപ്പിൽ കളിക്കുന്നത്. ഇത്തവണ ഇന്ത്യക്ക് ആരാധകപിന്തുണ നല്ല രീതിയിൽ ഉണ്ടാകുമെന്ന് ടീമിന് ലഭിച്ച സ്വീകരണത്തിൽ നിന്നും വ്യക്തമാണ്. ശക്തരായ ടീമുകൾ ഉള്ളതിനാൽ ഇന്ത്യക്ക് കിരീടപ്രതീക്ഷയൊന്നും ഇല്ല. എന്നാൽ ഈ വർഷം മികച്ച ഫോമിൽ കളിച്ച ടീം പരമാവധി മുന്നേറ്റമുണ്ടാക്കാനാവും ലീഗിൽ ശ്രമിക്കുക.

Manjappada Welcome Indian Football Team At Qatar