അടുത്ത മത്സരത്തിനുള്ള തീപ്പൊരി സ്‌ക്വാഡ് റെഡിയാണ്, അർജന്റീനയെ തകർക്കാനുള്ള പദ്ധതികൾ ബ്രസീൽ ആരംഭിച്ചു | Brazil

ഇന്റർനാഷണൽ ബ്രേക്കിൽ ഏവരും ഉറ്റുനോക്കുന്ന പോരാട്ടമാണ് ബ്രസീലും അർജന്റീനയും തമ്മിലുള്ളത്. രണ്ടു ടീമുകളുടെയും ഇന്റർനാഷണൽ ബ്രേക്കിലെ രണ്ടാമത്തെ മത്സരത്തിലാണ് പരസ്‌പരം ഏറ്റുമുട്ടുന്നത്. അർജന്റീന അതിനു മുൻപ് യുറുഗ്വായെയും ബ്രസീൽ ആദ്യത്തെ മത്സരത്തിൽ കൊളംബിയയെയും നേരിടും. പരിക്കേറ്റു പുറത്തിരിക്കുന്ന സൂപ്പർതാരമായ നെയ്‌മർ ഇല്ലാതെയാണ് ബ്രസീൽ വരാനിരിക്കുന്ന മത്സരങ്ങൾക്ക് ഇറങ്ങുന്നത്. പുറമെ ഗോൾകീപ്പറായ എഡേഴ്‌സണും ഈ മത്സരങ്ങൾ നഷ്‌ടമാകും.

കൊളംബിയക്കെതിരെ നടക്കുന്ന മത്സരത്തിനുള്ള ബ്രസീലിന്റെ സാധ്യത ഇലവൻ കഴിഞ്ഞ ദിവസം ഗ്ലോബോ സ്പോർട്ട് പുറത്തു വിട്ടത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നത്. നെയ്‌മറിന്റെ അഭാവം ടീമിന് തിരിച്ചടി നൽകുമെങ്കിലും അതിനു പകരം വെക്കാൻ പോന്ന താരങ്ങളെ ഇറക്കിയാണ് താൽക്കാലിക പരിശീലകൻ ഡിനിസ് ഫോർമേഷൻ തീരുമാനിച്ചിരിക്കുന്നത്. മികച്ച ഫോമിൽ കളിക്കുന്ന ആഴ്‌സണൽ താരം മാർട്ടിനെല്ലി ബ്രസീൽ ടീമിൽ ഇടം പിടിക്കുമെന്നതാണ് അതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി ഈ സീസണിൽ രണ്ടു ഗോളുകൾ നേടുകയും മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌ത മാർട്ടിനെല്ലി ഏതു പ്രതിരോധനിരയെയും തകർക്കാൻ കഴിവുള്ള മുന്നേറ്റനിര താരമാണ്. ബ്രസീലിന്റെ മുന്നേറ്റനിര താരങ്ങൾ പതറുന്ന സാഹചര്യത്തിൽ മാർട്ടിനെല്ലിക്ക് അവസരങ്ങൾ നൽകാതിരുന്നത് നേരത്തെ തന്നെ ചർച്ചയായിരുന്നു. വിനീഷ്യസ്, റോഡ്രിഗോ എന്നിവർ ഏറ്റവും മുന്നിലും അവർക്ക് പിന്നിൽ മാർട്ടിനെല്ലി, റാഫിന്യ എന്നിവർ വശങ്ങളിലും വരുന്ന രീതിയിലാണ് ഫോർമേഷൻ.

ഇവർക്ക് പിന്നിൽ ഫ്ലുമിനൻസ് താരമായ ആന്ദ്രെയും ന്യൂകാസിൽ യുണൈറ്റഡ് താരം ബ്രൂണോ ഗുയമേറാസും വരുന്നതാണ് മധ്യനിര. അതേസമയം പ്രതിരോധം ബ്രസീലിനു ചെറിയ രീതിയിൽ ആശങ്ക നൽകുന്നതാണ്. മികച്ച ഫുൾ ബാക്കുകളില്ലാത്ത ടീമിനായി റെനൻ ലോദി, എമേഴ്‌സൺ എന്നിവരാണ് വിങ് ബാക്കുകളായി കളിക്കുക. സെൻട്രൽ ഡിഫൻസിൽ മാർക്വിൻയോസ്, ഗബ്രിയേൽ എന്നിവരും ഗോൾകീപ്പറായി അലിസണും ഇറങ്ങുമെന്ന് ബ്രസീലിയൻ മാധ്യമം റിപ്പോർട്ടു ചെയ്യുന്നു.

ബ്രസീലിയൻ ടീമിലേക്ക് പുതിയതായി എത്തിയ ടീനേജ് സെൻസേഷനായ എൻഡ്രിക്കിന് ആദ്യ ഇലവനിൽ അവസരം നൽകാൻ സാധ്യതയില്ല. പകരക്കാരനായി ഇറങ്ങി മത്സരത്തിന്റെ ഗതി മാറ്റുകയെന്ന ഉത്തരവാദിത്വമാകും താരത്തിനുണ്ടാവുക. കഴിഞ്ഞ രണ്ടു ലോകകപ്പ് മത്സരങ്ങളിലും വിജയം നേടാൻ കഴിയാതിരുന്ന ബ്രസീലിനെ സംബന്ധിച്ച് നിർണായകമാണ് അടുത്ത മത്സരം. അതിൽ വിജയം നേടിയാൽ അർജന്റീനയെയും കീഴടക്കാൻ കഴിയുമെന്ന ആത്മവിശ്വാസം അവർക്കുണ്ടാകും.

Brazil Possible XI Vs Colombia