ഇതുപോലെ ഒത്തൊരുമ മറ്റൊരു ദേശീയ ടീമിനുമുണ്ടാകില്ല, അർജന്റീന ടീമിനെക്കുറിച്ച് പരഡെസിന്റെ വാക്കുകൾ | Argentina

2018 ലോകകപ്പിൽ തോൽവി വഴങ്ങി പുറത്തായതിനു ശേഷം അർജന്റീന ടീമിൽ ചെറിയൊരു പ്രതിസന്ധി രൂപപ്പെട്ടെങ്കിലും ലയണൽ സ്‌കലോണിയെന്ന പരിശീലകൻ വന്നതോടെ അതിലെല്ലാം മാറ്റങ്ങളുണ്ടായി. തന്റെ പദ്ധതിക്ക് അനുയോജ്യരായ താരങ്ങളെ ഒരുപാട് പേരെ പരീക്ഷിച്ചതിനു ശേഷം കണ്ടെത്തിയ സ്‌കലോണി ലയണൽ മെസിയെ കേന്ദ്രമാക്കി ഒരു മികച്ച ടീമിനെ കെട്ടിപ്പടുത്തു. സ്‌കലോണിയുടെ പാദത്തിൽ വിജയം കണ്ടപ്പോൾ സാധ്യമായ എല്ലാ കിരീടങ്ങളും അർജന്റീന കഴിഞ്ഞ വർഷങ്ങളിൽ സ്വന്തമാക്കുകയും ചെയ്‌തു.

ഇക്കാലയളവിൽ അർജന്റീനയെ സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കാൻ സഹായിച്ചത് ടീമിന്റെ അപാരമായ കെട്ടുറപ്പു കൂടിയാണ്. ലോകകപ്പിൽ അത് കുറേക്കൂടി പ്രകടമായിരുന്നു. മോശം പ്രകടനം നടത്തിയ വമ്പൻ താരങ്ങളെ പുറത്തിരുത്തി പുതിയ താരങ്ങളെ സ്‌കലോണി പരീക്ഷിച്ചതൊന്നും ടീമിന്റെ അന്തരീക്ഷത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല. ഓരോ താരങ്ങളും പരാതികളില്ലാതെ സ്‌കലോണി ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി നടപ്പിലാക്കിയത് അർജന്റീനയുടെ കുതിപ്പിനെ സഹായിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ടീമിന്റെ മധ്യനിര താരമായ ലിയാൻഡ്രോ പരഡെസ് പറഞ്ഞ വാക്കുകൾ അർജന്റീന ടീമിലെ താരങ്ങൾ തമ്മിലുള്ള കെട്ടുറപ്പ് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു. “ഞങ്ങൾ സംസാരിക്കുന്നത് നിർത്താറേയില്ല. ഓരോ പ്രാവശ്യവും ഞങ്ങൾ അർജന്റീന ക്യാംപിൽ നിന്നും പിരിയുമ്പോഴും അടുത്ത തവണ ഒരുമിച്ച് ചേരാൻ എത്ര സമയം വേണമെന്നാണ് നോക്കാറുള്ളത്. ചാറ്റിലൂടെ ഞങ്ങൾ അത് കൃത്യമായി കണക്കാക്കുകയും ചെയ്യും.” ലിയാൻഡ്രോ പരഡെസ് പറഞ്ഞു.

ലിയാൻഡ്രോ പറഞ്ഞ വാക്കുകൾ അർജന്റീന താരങ്ങൾ തമ്മിലുള്ള അപാരമായ ഒത്തിണക്കം വ്യക്തമാക്കി നൽകുന്നതാണ്. ഈ ഒത്തിണക്കം തന്നെയാണ് എതിരാളികൾക്ക് ഭേദിക്കാൻ കഴിയാത്ത ഒരു ശക്തിയായി ടീമിനെ മാറ്റിയത്. ലോകകപ്പിൽ ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ ടീമിനെ അതിനു ശേഷം തിരിച്ചുവരാൻ സഹായിച്ചതും താരങ്ങൾ തമ്മിലുള്ള പരസ്‌പരധാരണയാണ്. ഇപ്പോഴുള്ള വിജയക്കുതിപ്പും അതിന്റെ കൂടി ഭാഗമാണെന്നതിൽ സംശയമില്ല.

അർജന്റീന ഇപ്പോൾ അവിശ്വസനീയമായ ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഒരുമിച്ചു ചേരുന്ന സമയം കുറവാണെങ്കിലും പരസ്‌പരം നല്ല രീതിയിലുള്ള ബന്ധം സ്ഥിരമായി വെച്ചു പുലർത്തുന്നത് ടീമിന്റെ കെട്ടുറപ്പ് വർധിക്കാൻ സഹായിക്കുന്നു. അതുകൊണ്ടു കൂടിയാണ് അടുത്ത കോപ്പ അമേരിക്ക നേടാൻ ഏറ്റവുമധികം സാധ്യത അർജന്റീന ടീമിനായതും. നിലവിൽ ഒരു ദേശീയ ടീമിലെയും താരങ്ങൾ തമ്മിൽ ഇത്രയധികം ഒത്തിണക്കമുണ്ടാകില്ലെന്നു പറഞ്ഞാലും അതിശയോക്തിയില്ല.

Paredes On Atmosphere In Argentina Team