നമുക്ക് കൊച്ചിയിൽ കാണാം മക്കളേ, തിരിച്ചുവരവ് പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധമതിൽ | Leskovic

ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ സീസണിലിതു വരെ ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു പോയതെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പരിക്കും വിലക്കും ടീമിനെ ബാധിച്ചെങ്കിലും അതിലൊന്നും ബ്ലാസ്റ്റേഴ്‌സ് തളർന്നില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആറു മത്സരങ്ങളിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് അതിൽ നാല് വിജയവും ഒരു സമനിലയും ഒരു തോൽവിയും വഴങ്ങി നിലവിൽ ലീഗിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്. ഈ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനവും ടീമിന്റെ ഭാഗത്തു നിന്നും ഉണ്ടായി.

ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ ചില താരങ്ങൾ പരിക്കിന്റെ പിടിയിൽ തന്നെയാണ്. അതിനിടയിൽ സന്തോഷകരമായ ഒരു പ്രഖ്യാപനം ബ്ലാസ്റ്റേഴ്‌സ് സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ടത് ടീമിന്റെ വിദേശ സെന്റർ ബാക്കായ മാർകോ ലെസ്‌കോവിച്ച് പരിക്കിൽ നിന്നും മുക്തനായി എന്നതാണ്. അടുത്ത മത്സരം കളിക്കാൻ ക്രൊയേഷ്യൻ താരം തയ്യാറാണെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നു. ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും ടീമിനായി കളിക്കാത്ത താരമാണ് ലെസ്‌കോവിച്ച്.

2021ൽ ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സാഗ്രബിൽ നിന്നാണ് ലെസ്‌കോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് എത്തിയത്. അതിനു ശേഷം ഇതുവരെ ടീമിന്റെ പ്രധാന പ്രതിരോധതാരം മുപ്പത്തിരണ്ട് വയസുള്ള താരം തന്നെയായിരുന്നു. മുപ്പത്തിയാറു മത്സരങ്ങൾ ടീമിനായി കളിച്ച താരം ഒരു ഗോളും നേടിയിട്ടുണ്ട്. എന്നാൽ പരിക്ക് കാരണം പുറത്തിരിക്കുകയായിരുന്ന താരം ഈ സീസണിൽ ഒരു മത്സരത്തിൽ പോലും ഇറങ്ങിയില്ല. താരം തിരിച്ചു വരുന്നതിനായി ആരാധകർ കാത്തിരിക്കുകയാണ്.

ലെസ്‌കോവിച്ചിന്റെ പരിക്ക് ബ്ലാസ്‌റ്റേഴ്‌സിനെ പല രീതിയിൽ ബാധിച്ചിരുന്നു. ഈ സീസണിനു മുന്നോടിയായി ടീമിലെത്തിച്ച മിലോസ് ഡ്രിങ്കിച്ചിന് മൂന്നു മത്സരങ്ങളിൽ വിലക്ക് ലഭിച്ചപ്പോഴാണ് ലെസ്‌കോവിച്ചിന്റെ അഭാവം പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ഇന്ത്യൻ പ്രതിരോധതാരങ്ങളായ പ്രീതം കോട്ടാലും ഹോർമിപാമും മികച്ച പ്രകടനം നടത്തി അത് പരിഹരിക്കുകയുണ്ടായി. ഇപ്പോൾ ലെസ്‌കോവിച്ച് തിരിച്ചു വരുന്നതോടെ ബ്ലാസ്റ്റേഴ്‌സ് ടീമിന് കൂടുതൽ കരുത്താണ് ലഭിക്കാൻ പോകുന്നത്.

അടുത്ത മത്സരം ഹൈദെരാബാദിനെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. തന്റെ വിശ്വസ്‌തനായ താരത്തിന് ആ മത്സരത്തിൽ ഇവാൻ അവസരം നൽകുമോയെന്നാണ് ആരാധകർ പ്രധാനമായും ഉറ്റു നോക്കുന്നത്. ഇരുപത്തിയഞ്ചുകാരനായ മീലൊസ് ഡ്രിങ്കിച്ച് വിലക്ക് ലഭിക്കുന്നതിനു മുൻപ് നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനമാണ് നടത്തിയത് എന്നതിനാൽ ലെസ്‌കോവിച്ചിന് ആദ്യ ഇലവനിൽ അവസരം ലഭിക്കുമോയെന്നു കണ്ടറിയണം. എന്നാൽ അദ്ദേഹത്തെ കളിക്കളത്തിൽ കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്.

Marko Leskovic Back In Kerala Blasters Training