പുതിയ പരിശീലകനു കീഴിൽ അർജന്റീനയോട് പകരം വീട്ടാൻ ബ്രസീൽ, ലാറ്റിനമേരിക്കൻ ശക്തികളുടെ പോരാട്ടം വരുന്നു

ലോകഫുട്ബോളിൽ ഏറ്റവുമധികം ആരാധകരുള്ള രണ്ടു ടീമുകളാണ് ബ്രസീലും അർജന്റീനയും. ഈ രണ്ടു ടീമുകൾ അവസാനമായി ഏറ്റുമുട്ടിയത് കഴിഞ്ഞ കോപ്പ അമേരിക്ക ടൂര്ണമെന്റിന്റെ ഫൈനലിലാണ്. ബ്രസീലിൽ വെച്ച് നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ഏഞ്ചൽ ഡി മരിയ നേടിയ ഒരേയൊരു ഗോളിൽ അർജന്റീന ബ്രസീലിനെ കീഴടക്കി കിരീടം നേടിയിരുന്നു. അർജന്റീനയോട് വഴങ്ങിയ തോൽവി ഇപ്പോഴും ബ്രസീൽ ആരാധകർക്കൊരു മുറിവാണ്.

കോപ്പ അമേരിക്ക, ഖത്തർ ലോകകപ്പ് വിജയത്തോടെ ലോകഫുട്ബോളിലെയും ലാറ്റിനമേരിക്കൻ ഫുട്ബോളിലെയും വലിയ ശക്തികളായി മാറിയെന്ന് അർജന്റീന തെളിയിച്ചു. എന്നാൽ സൗത്ത് അമേരിക്കയിലെ യഥാർത്ഥ ശക്തികേന്ദ്രം തങ്ങളാണെന്ന് തെളിയിക്കാൻ ബ്രസീലിന് അവസരമുണ്ട്. കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യത മത്സരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഈ വർഷത്തിൽ തന്നെ ബ്രസീലും അർജന്റീനയും തമ്മിലുള്ള പോരാട്ടവും അതിലുൾപ്പെട്ടിട്ടുണ്ട്.

നവംബർ മാസത്തിലാണ് അർജന്റീനയും ബ്രസീലും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം നടക്കുന്നത്. ബ്രസീലിൽ വെച്ചു തന്നെയാണ് മത്സരമെന്നത് അർജന്റീനയോട് പകരം ചോദിക്കാൻ കാനറിപ്പടക്ക് കൂടുതൽ സാധ്യത നൽകുന്നു. നവംബർ ആകുമ്പോഴേക്കും ബ്രസീൽ ടീമിന് പുതിയ സ്ഥിരം പരിശീലകൻ എത്താനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടു തന്നെ കൂടുതൽ കരുത്തോടെ ബ്രസീൽ ഇറങ്ങുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഈ രണ്ടു ടീമുകളും ഈ മാസം മത്സരിക്കാൻ ഇറങ്ങുന്നുണ്ട്. ലോകകപ്പിന് ശേഷം രണ്ടു ടീമുകളും ആദ്യമായി കളത്തിലിറങ്ങുമ്പോൾ ബ്രസീൽ ലോകകപ്പിലെ നാലാം സ്ഥാനക്കാരായ മൊറോക്കോയോടാണ് ഏറ്റുമുട്ടുന്നത്. അതേസമയം അർജന്റീന ലോകകപ്പ് വിജയം സ്വന്തം നാട്ടിൽ ആഘോഷിക്കുകയെന്ന ഉദ്ദേശത്തോടെ ചെറിയ എതിരാളികളോടാണ് ഏറ്റുമുട്ടുന്നത്. പനാമ, കുറകാവോ എന്നീ ടീമുകളാണ് അർജന്റീനയുടെ എതിരാളികൾ.