ബ്ലാസ്‌റ്റേഴ്‌സിനെ വഞ്ചിച്ച ഛേത്രിയുടെ കരിയർ അവസാനിക്കുന്നു, കളി നിർത്താൻ സമയമായെന്ന് പരിശീലകൻ

ഇന്ത്യൻ ഫുട്ബോളിൽ ഇതിഹാസതുല്യമായ സ്ഥാനത്തിരിക്കുന്ന താരമാണ് സുനിൽ ഛേത്രിയെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇപ്പോൾ അങ്ങിനെയല്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും തമ്മിൽ നടന്ന മത്സരത്തിനിടെ ഛേത്രി നേടിയ ഗോൾ ഫുട്ബോൾ മര്യാദകളെ തന്നെ ലംഘിക്കുന്ന ഒന്നാണെന്നും ബ്ലാസ്‌റ്റേഴ്‌സിനെ വഞ്ചിച്ചു കൊണ്ടാണ് അത് നേടിയതെന്നും പറഞ്ഞ ആരാധകർ ഇന്ത്യൻ നായകനു നേരെ ശക്തമായ വിമർശനം ഉയർത്തിയിരുന്നു.

ഇന്ത്യൻ ഫുട്ബോളിൽ ഒരു യുഗം തന്നെ കുറിച്ച സുനിൽ ഛേത്രിയുടെ കരിയറിന് തിരശീല വീഴാൻ ഒരുങ്ങുകയാണെന്ന ശക്തമായ സൂചന നൽകിയിരിക്കുകയാണ് ദേശീയ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റിമാക്ക്. മുപ്പത്തിയെട്ടു വയസുള്ള സുനിൽ ഛേത്രി തന്റെ കരിയറിലെ അവസാനത്തെ സീസണിനായി ഒരുങ്ങുകയാണെന്നും താരത്തിന്റെ പ്രായം പരിഗണിക്കുമ്പോൾ ദേശീയ ടീമിൽ നിന്നും വിടപറയാൻ സമയമായെന്നും ഇഗോർ സ്റ്റിമാക്ക് പറഞ്ഞു.

“താരത്തിന്റെ പ്രായം പരിഗണിക്കുമ്പോൾ ഫുട്ബോളിൽ നിന്നും വിടപറയാനുള്ള സമയമായിരിക്കുന്നു. സുനിൽ തന്റെ അവസാനത്തെ സീസണാണ് കളിക്കുന്നതെന്നു വേണം കരുതാൻ, തീർച്ചയായും ഇത് താരത്തിന്റെ അവസാനത്തെ ഏഷ്യൻ കപ്പായിരിക്കും. ഇനിയുള്ള സമയം താരം ഏറ്റവും മികച്ച പ്രകടനം ടീമിനായി നൽകുമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു.” കഴിഞ്ഞ ദിവസം സ്റ്റിമാക്ക് പറഞ്ഞത് എഐഎഫ്എഫ് വെബ്‌സൈറ്റ് വെളിപ്പെടുത്തി.

കരിയറിന്റെ അവസാന കാലഘട്ടത്തിലേക്ക് കടന്ന ഛേത്രി ഇന്ത്യക്കായി ഏറ്റവുമധികം ഇന്റർനാഷണൽ ഗോളുകൾ നേടിയ താരമെന്നതിനു പുറമെ ചരിത്രത്തിൽ ഏറ്റവുമധികം ഇന്റർനാഷണൽ ഗോളുകൾ നേടിയ താരമെന്ന പട്ടികയിലും മുൻനിരയിൽ നിൽക്കുന്നുണ്ട്. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന താരം അടുത്ത വർഷം ജനുവരിൽ ആരംഭിക്കുന്ന ഏഷ്യൻ കപ്പോടെ വിരമിക്കാനാണ് സാധ്യത.