നീതിക്കു വേണ്ടി നിലകൊണ്ട ഇവാൻ ബലിയാടാകും, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനെതിരെ കുരുക്കുമായി എഐഎഫ്എഫ്

ഇന്ത്യൻ സൂപ്പർലീഗിൽ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച സംഭവമാണ് പ്ലേ ഓഫിൽ ബെംഗളൂരുവിന്റെ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മത്സരം ബഹിഷ്‌കരിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറെടുക്കും മുൻപാണ് ഛേത്രി കിക്കെടുത്തത്. റഫറിയത് അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തർക്കിക്കുകയും അതിനു ശേഷം പരിശീലകൻ ടീമിനെ തിരിച്ചു വിളിച്ച് മത്സരത്തിൽ നിന്നും പിന്മാറുകയുമായിരുന്നു.

മത്സരങ്ങളിൽ നിന്നും ടീം ഇറങ്ങിപ്പോയാൽ കടുത്ത ശിക്ഷയാണ് അവരെ കാത്തിരിക്കുക. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഇതുവരെ യാതൊരു നടപടിയും എടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് ചെയ്‌തത്‌ തെറ്റാണ് എന്നുപോലും ഐഎസ്എല്ലിന്റെയോ എഐഎഫ്എഫിന്റെയോ നേതൃത്വത്തിലുള്ള ഒരാളും പ്രതികരിച്ചിട്ടില്ല. ലീഗിലെ മികച്ച ഫൻബേസായ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പിണക്കാതിരിക്കാൻ വേണ്ടിയാണ് ഇതെന്നാണ് സൂചനകൾ.

അതേസമയം തന്റെ ടീമിനെ തിരിച്ചു വിളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെതിരെ നടപടിക്കുള്ള നീക്കങ്ങൾ എഐഎഫ്എഫ് ആരംഭിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. മത്സരവുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് പരിശീലകന് എഐഎഫ്എഫ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവാൻ വുകോമനോവിച്ച് മത്സരത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പെരുമാറി എന്ന കാരണം പറഞ്ഞാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

സംഭവത്തിൽ അദ്ദേഹത്തിന്റെ വിശദീകരണം കേട്ടതിനു ശേഷമാകും എഐഎഫ്എഫ് നടപടി സ്വീകരിക്കുക. എന്ത് നടപടിയാകും സ്വീകരിക്കുക എന്ന കാര്യത്തിലും നിലവിൽ വ്യക്തതയില്ല. എന്നാൽ ഈ നോട്ടീസ് നൽകിയതോടെ വിവാദസംഭവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ഇവാനിൽ മാത്രം കേന്ദ്രീകരിക്കാനും ക്ലബ്ബിനെ സംരക്ഷിച്ച് അദ്ദേഹത്തെ ബലിയാടാക്കാനുള്ള നീക്കങ്ങളായും കണക്കാക്കാവുന്നതാണ്. അതേസമയം ആരാധകർ മുഴുവൻ ഇവാന്റെ കൂടെയാണ്.