അർജന്റീനയുടെ മണ്ണിൽ കിരീടമുയർത്താമെന്ന മോഹം പൊലിഞ്ഞു, ഞെട്ടിക്കുന്ന തോൽവി വഴങ്ങി ബ്രസീൽ ലോകകപ്പിൽ നിന്നും പുറത്ത് | Brazil U20

അർജന്റീനയിൽ വെച്ച് നടക്കുന്ന അണ്ടർ 20 ലോകകപ്പ് ടൂർണമെന്റിൽ ബ്രസീലിനു ഞെട്ടിക്കുന്ന തോൽവി. അധികസമയത്തേക്ക് വരെ നീണ്ട മത്സരത്തിൽ ഇസ്രായേലാണ് ലാറ്റിനമേരിക്കൻ കരുത്തരെ വീഴ്ത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇസ്രയേലിന്റെ വിജയം. മത്സരത്തിൽ അടുത്തടുത്ത മിനിറ്റുകളിൽ ലഭിച്ച രണ്ടു പെനാൽറ്റികൾ ഇസ്രായേൽ തുലച്ചില്ലെങ്കിൽ വിജയം ഇതിലും മികച്ചതായേനെ.

ഗോളുകളൊന്നും പിറക്കാതിരുന്ന ആദ്യപകുതിക്ക് ശേഷം അൻപത്തിയാറാം മിനുട്ടിൽ മാർക്കോസ് ലിയനാർഡോയിലൂടെ ബ്രസീലാണ് മുന്നിലെത്തിയത്. എന്നാൽ അവരുടെ സന്തോഷത്തിനു അധികം ആയുസുണ്ടായിരുന്നില്ല. അനൻ ഖലൈലിയിലൂടെ ഇസ്രായേൽ അറുപതാം മിനുട്ടിൽ സമനില ഗോൾ നേടി. ഈ രണ്ടു ഗോളിൽ മത്സരം സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്.

എക്‌സ്ട്രാ ടൈമിന്റെ ഒന്നാം മിനുട്ടിൽ തന്നെ മത്തേയൂസ് നസിമെന്റോയിലൂടെ ബ്രസീൽ വീണ്ടും മുന്നിലെത്തിയെങ്കിലും രണ്ടു മിനിറ്റിനകം ഹംസ ഷിബ്ലിയിലൂടെ ഇസ്രായേൽ വീണ്ടും ഒപ്പമെത്തി.അതിനു ശേഷം നൂറ്റിയഞ്ചാം മിനുട്ടിൽ ഡോർ ടുർഗേമാനാണ് ഇസ്രയേലിന്റെ വിജയഗോൾ നേടുക. പിന്നീട് 115, 116 മിനിറ്റുകളിൽ ഇസ്രായേലിനു അനുകൂലമായി രണ്ടു പെനാൽറ്റി ലഭിച്ചെങ്കിലും രണ്ടും അവർ തുലച്ചു കളയുകയാണ് ചെയ്‌തത്‌.

ബ്രസീലിനെ അപേക്ഷിച്ച് ദുർബലരായ ടീമായ ഇസ്രായേൽ അട്ടിമറി വിജയമാണ് ലോകകപ്പിൽ സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തിൽ കൊളംബിയയെ കീഴടക്കി ഇറ്റലിയും സെമി ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. ക്വാർട്ടർ ഫൈനലിൽ ഇനി സൗത്ത് കൊറിയയും നൈജീരിയയും തമ്മിലുള്ള പോരാട്ടവും അമേരിക്കയും യുറുഗ്വായും തമ്മിലുള്ള മത്സരവുമാണ് നടക്കാനുള്ളത്.

Brazil U20 Eliminated From World Cup By Israel U20