മാന്ത്രികഗോളുകളുമായി ഗുണ്ടോഗൻ, ചെകുത്താന്മാരെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ജേതാക്കൾ | Manchester City

എഫ്എ കപ്പ് ഫൈനലിലെ ആവേശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ഈ സീസണിലെ രണ്ടാമത്തെ കിരീടം സ്വന്തമാക്കിയത്. ജർമൻ താരം ഇൽകെയ് ഗുണ്ടോഗൻ രണ്ടു കിടിലൻ ഗോളുകളാണ് മത്സരത്തിൽ നേടിയത്. ഇതോടെ ഈ സീസണിൽ ട്രെബിൾ കിരീടങ്ങൾ നേടാമെന്ന പ്രതീക്ഷ മാഞ്ചസ്റ്റർ സിറ്റി സജീവമാക്കി.

മത്സരത്തിന്റെ ആദ്യത്തെ മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ച് ജർമൻ താരം മാഞ്ചസ്റ്റർ സിറ്റിയെ മുന്നിലെത്തിച്ചു. പന്തുമായി മുന്നേറിയ മാഞ്ചസ്റ്റർ സിറ്റിയുടെ ക്രോസ് ഹെഡ് ചെയ്‌ത്‌ അകറ്റാൻ ലിൻഡ്‌ലോഫ് ശ്രമിച്ചപ്പോൾ അത് കെവിൻ ഡി ബ്രൂയ്‌ന്റെ തലയിൽ തട്ടി നേരെ ഗുണ്ടോഗന്റെ കാലുകളിലേക്ക്. താരം അത് മികച്ചൊരു വോളിയിലൂടെ വലയിലെത്തിച്ചപ്പോൾ ഡി ഗിയക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല.

എന്നാൽ ആദ്യപകുതിയിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒപ്പമെത്തി. ആരോൺ വാൻ ബിസാക്കയുടെ ഹെഡർ ബോക്‌സിനുള്ളിൽ വെച്ച് ഗ്രിലീഷിന്റെ കയ്യിൽ കൊണ്ടതിനു റഫറി വീഡിയോ പരിശോധിച്ച് പെനാൽറ്റി നൽകുകയായിരുന്നു. കിക്കെടുത്ത ബ്രൂണോ ഫെർണാണ്ടസ് അനായാസം മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. മുപ്പത്തിമൂന്നാം മിനുട്ടിലാണ് സമനില ഗോൾ പിറന്നത്.

അമ്പത്തിയൊന്നാം മിനുട്ടിലാണ് ഗുണ്ടോഗൻ മാജിക്ക് വീണ്ടും പിറന്നത്. കെവിൻ ഡി ബ്രൂയ്ൻ എടുത്ത കോർണർ നേരെ വന്നത് ബോക്‌സിനു പുറത്തു നിന്ന താരത്തിന്റെ അടുത്തേക്കായിരുന്നു. പന്ത് നിലം തോടും മുൻപേ അത് ബോക്‌സിന്റെ ഒഴിഞ്ഞ മൂലയിലേക്ക് താരം കൃത്യമായി പ്ലേസ് ചെയ്‌തു. അതിനു ശേഷം ഹാലാൻഡിന്റെ ഷോട്ടിൽ നിന്നുള്ള റീബൗണ്ടിൽ നിന്നും താരം മറ്റൊരു ഗോൾ കൂടി നേടിയെങ്കിലും അത് ഓഫ്‌സൈഡായിരുന്നു.

മത്സരത്തിന്റെ അവസാനത്തെ നിമിഷങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആക്രമണം ശക്തമാക്കുകയും ഗോളിനടുത്ത് എത്തുകയും ചെയ്‌തിരുന്നു. എന്നാൽ അതെല്ലാം കൃത്യമായി മാഞ്ചസ്റ്റർ സിറ്റി ഇല്ലാതാക്കി. വിജയത്തോടെ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ആത്മവിശ്വാസത്തോടെ ഇറങ്ങാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിയും.

Manchester City Won FA Cup 2023