തിരിച്ചടികൾക്കിടയിൽ പ്രതീക്ഷ നൽകുന്ന വാർത്തയുമായി മാർക്കസ്, ഇനിയെല്ലാം ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിന്റെ കയ്യിൽ | Kerala Blasters

ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ പ്രതിഷേധസൂചകമായി കളിക്കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ എടുത്ത നടപടികൾക്കെതിരെ നൽകിയ അപ്പീൽ കഴിഞ്ഞ ദിവസമാണ് എഐഎഫ്എഫ് അപ്പീൽ കമ്മിറ്റി തള്ളിക്കളഞ്ഞത്. ഇതോടെ ക്ലബും പരിശീലകനും പിഴത്തുക അടക്കണമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. രണ്ടാഴ്‌ചയുടെ ഉള്ളിൽ ശിക്ഷാനടപടിയായി നൽകിയ തുക ബ്ലാസ്റ്റേഴ്‌സും പരിശീലകനും അടക്കണമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സിനു നാല് കോടി രൂപയും പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് അഞ്ചു ലക്ഷം രൂപയുമാണ് പിഴയായി നൽകിയിരിക്കുന്നത്. ഇവാനെ പത്ത് മത്സരങ്ങളിൽ നിന്നും വിലക്കിയിട്ടുമുണ്ട്. നാലു കോടി രൂപയെന്ന വലിയ തുക ബ്ലാസ്റ്റേഴ്‌സിന് പിഴയായി ലഭിച്ചതിനാൽ തന്നെ ക്ലബിന്റെ ട്രാൻസ്‌ഫർ നീക്കങ്ങളെ അത് ബാധിക്കുമോയെന്ന സംശയം പലർക്കുമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം മാർക്കസ് മെർഗുലാവോ തള്ളിക്കളഞ്ഞു.

പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ മെർഗുലാവോ പറയുന്നത് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് നിശ്ചയിച്ചു വെച്ചിരിക്കുന്ന ട്രാൻസ്‌ഫർ ലക്ഷ്യങ്ങൾ, അവർക്ക് വേണ്ടി ക്ലബ് നൽകാനുദ്ദേശിക്കുന്ന തുക എന്നിവയുമായി ബന്ധപ്പെട്ട് സാമ്പത്തികപരമായ നിയന്ത്രണങ്ങളൊന്നും ഈ തീരുമാനം വരുത്താനുള്ള സാധ്യതയില്ല. എന്നാൽ ഇപ്പോഴാണ് ഇങ്ങനൊരു തീരുമാനം വന്നതെന്നതിനാൽ കൂടുതൽ വിവരങ്ങൾ അറിയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ആശ്വാസകരമാണ് ഇക്കാര്യം. കഴിഞ്ഞ സീസണിൽ വലിയ തിരിച്ചടികൾ ഏറ്റു വാങ്ങിയ ടീമിന് അടുത്ത സീസണിൽ തിരിച്ചു വരണമെങ്കിൽ വമ്പൻ സൈനിംഗുകൾ കൂടിയേ തീരൂ. എന്നാൽ ഇത്രയും വലിയ പിഴത്തുക അടക്കേണ്ടതിനാൽ ട്രാൻസ്‌ഫർ ബഡ്‌ജറ്റ്‌ കുറക്കാനുള്ള തീരുമാനം ബ്ലാസ്റ്റേഴ്‌സ് നേതൃത്വം സ്വീകരിച്ചാൽ അത് വലിയ തിരിച്ചടി തന്നെയാകും.

AIFF Penalty Wont Effect Kerala Blasters Transfer Plans