റൊണാൾഡോയുടെ അഭിപ്രായത്തെ പൂർണമായും നിഷേധിച്ച് ബ്രൂണോ ഫെർണാണ്ടസ്, പോർച്ചുഗൽ ടീമിൽ പുതിയ അധികാരകേന്ദ്രം പിറക്കുന്നു| Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും തമ്മിൽ ഈഗോ പ്രശ്‌നങ്ങൾ ഉണ്ടോയെന്നത് ഒരുപാട് നാളുകളായി ഫുട്ബോൾ ലോകത്ത് ഉയർന്നു വന്നിരുന്ന സംശയമാണ്. അൽ നസ്റിൽ എത്തിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പമുണ്ടായിരുന്ന വ്യക്തികൾ തന്നെ ചതിച്ചുവെന്ന റൊണാൾഡോയുടെ വെളിപ്പെടുത്തൽ ബ്രൂണോയെ ഉദ്ദേശിച്ചാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനു ശേഷം ബ്രൂണോയുടെ പ്രകടനം കൂടുതൽ മെച്ചപ്പെടുകയും ചെയ്‌തു.

ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകളെ ശരി വെക്കുന്ന സംഭവമാണ് ഇന്റർനാഷണൽ ബ്രേക്കിൽ നടന്ന യൂറോ യോഗ്യത മത്സരത്തിന് ശേഷം ഉണ്ടായത്. പോർച്ചുഗൽ ടീമിന്റെ പുതിയ പരിശീലകനായി എത്തിയ റോബർട്ടോ മാർട്ടിനസിനു കീഴിൽ മികച്ച പ്രകടനമാണ് അവർ നടത്തിയത്. രണ്ടു മത്സരത്തിലും ഇരട്ടഗോൾ നേടിയ റൊണാൾഡോ അതിനു ശേഷം മാർട്ടിനസ് എത്തിയതിനു ശേഷം ടീമിൽ വ്യത്യസ്‌തമായ ആശയങ്ങളും മനോഭാവവും വന്നുവെന്നും കൂടുതൽ ആശ്വാസം ലഭിക്കുന്നുണ്ടെന്നുമാണ് പ്രതികരിച്ചത്.

എന്നാൽ ഇതിനെ പൂർണമായും നിഷേധിച്ചു കൊണ്ടാണ് ബ്രൂണോ ഫെർണാണ്ടസ് പ്രതികരിച്ചത്. പുതിയ പരിശീലകനും പുതിയ ആശയങ്ങളും വന്നിട്ടുണ്ടെങ്കിലും കൂടുതൽ ആശ്വാസം നൽകുന്ന ഒന്നും ഇപ്പോഴില്ലെന്നും മാറ്റങ്ങളുടെ ഒരു സമയമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ടീമിലെ അന്തരീക്ഷം എല്ലായിപ്പോഴും മികച്ചതാണെന്നും മാറ്റങ്ങൾ കൊണ്ടുവരാനുള്ള പുതിയ പരിശീലകന്റെ ശ്രമത്തെ താരങ്ങൾ കൃത്യമായി മനസിലാക്കി പ്രവർത്തിക്കയാണ് വേണ്ടതെന്നും ബ്രൂണോ പറഞ്ഞു.

റൊണാൾഡോയെ ബെഞ്ചിലിരുത്തിയ ഫെർണാണ്ടോ സാന്റോസിനെതിരെയുള്ള ഒളിയമ്പായിരുന്നു താരത്തിന്റെ പ്രതികരണമെങ്കിൽ അതിനെ നിരസിച്ചു കൊണ്ട് സാന്റോസിനെ പിന്തുണച്ചാണ് ബ്രൂണോ സംസാരിച്ചത്. ഇതിനു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ റൊണാൾഡോ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾക്ക് ശേഷം ബ്രൂണോ റൊണാൾഡോക്ക് ഹസ്‌തദാനം നൽകാതെ ഒഴിവാക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. റൊണാൾഡോയുടെ കരിയർ അവസാന ഘട്ടത്തിലേക്ക് അടുത്തതിനാൽ പോർച്ചുഗൽ ടീമിലെ പുതിയ അധികാരകേന്ദ്രമായി മാറാനാണ് ബ്രൂണോ ശ്രമിക്കുന്നതെന്ന് വേണം കരുതാൻ. Bruno Fernandes Disagrees With Cristiano Ronaldo About New Portugal Manager