പ്രതീക്ഷിച്ചതൊന്നുമല്ല സംഭവിക്കാൻ പോകുന്നത്, ഭാവിയെക്കുറിച്ച് തീരുമാനമെടുത്ത് ലയണൽ മെസി| Lionel Messi

ഫുട്ബോൾ ലോകത്തെ ചൂടേറിയ ചർച്ചാവിഷയമാണ് ലയണൽ മെസിയുടെ ഭാവിയെക്കുറിച്ചുള്ളത്. ഇതുവരെയും ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കാൻ തയ്യാറായിട്ടില്ല. ലോകകപ്പിന് ശേഷം മെസി കരാർ പുതുക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായിട്ടില്ല. അതിനിടയിൽ പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയതോടെ ആരാധകരും മെസിക്കെതിരെ തിരിഞ്ഞു. ഇതോടെ മെസി ബാഴ്‌സയിലേക്ക് തിരിച്ചു പോകുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമായി.

എന്നാൽ റേഡിയോ മാർക്ക കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോർട്ടുകൾ ഈ വാർത്തകളെ മുഴുവനായും തള്ളിക്കളയുന്നതാണ്. ലയണൽ മെസി ഫ്രഞ്ച് ക്ലബുമായി ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കുമെന്നാണ് അവർ വെളിപ്പെടുത്തുന്നത്. അതിനു ശേഷം അമേരിക്കൻ ലീഗിലേക്ക് മെസി ചേക്കേറുമെന്നും അവർ പറയുന്നു. ഒരു വർഷം കൂടി മാത്രമേ മെസി യൂറോപ്യൻ ഫുട്ബോളിൽ കളിക്കുകയുള്ളൂവെന്നും അതിനു ശേഷം യൂറോപ്പ് വിടുമെന്നുമാണ് അവർ പറയുന്നത്.

അതിനു പുറമെ ദേശീയടീമിന്റെ ഒപ്പമുള്ള മെസിയുടെ പദ്ധതികളെക്കുറിച്ചും അവർ പറയുന്നുണ്ട്. നേരത്തെ അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു ശേഷം മെസി ദേശീയ ടീമിൽ നിന്നും വിരമിക്കുന്ന കാര്യം ആലോചിക്കുമെന്ന റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാൽ 2026 ലോകകപ്പ് വരെ അർജന്റീനക്കൊപ്പം തുടരാനാണ് മെസിയുടെ തീരുമാനം. പരിശീലകൻ സ്‌കലോണി, സഹതാരങ്ങൾ, എഎഫ്എ പ്രസിഡന്റ് എന്നിവരോട് മെസി ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

ലയണൽ മെസിയുടെ കാര്യത്തിൽ പിഎസ്‌ജിക്ക് ആശയക്കുഴപ്പങ്ങൾ ഉണ്ടെങ്കിലും ക്ലബിന്റെ ഉടമകളായ ഖത്തറികൾക്ക് അതിൽ വ്യക്തതയുണ്ട്. എന്ത് വില കൊടുത്തും ലയണൽ മെസിയുടെ കരാർ പുതുക്കുകയെന്ന നിർദ്ദേശമാണ് പിഎസ്‌ജി ഉടമകൾ ക്ലബിന്റെ നേതൃത്വത്തിന് നൽകിയിരിക്കുന്നത്. ആരാധകർ ലയണൽ മെസിക്ക് എതിരായാണ് നിൽക്കുന്നതെങ്കിലും താരത്തിന്റെ കരാർ പുതുക്കാൻ പിഎസ്‌ജി ശ്രമം നടത്തുമെന്ന് ഇത് വ്യക്തമാക്കുന്നു. Lionel Messi To Renew With PSG For One Year Then Move To MLS