“അവരൊക്കെ കരുതുന്നതിനേക്കാൾ വലുതാണ് ബ്രസീൽ ടീം”- ആൻസലോട്ടി പരിശീലകനായി വരുന്നതിനെ ചോദ്യം ചെയ്‌ത്‌ ഇതിഹാസതാരം | Ancelotti

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്തായതോടെ കഴിഞ്ഞ ഇരുപതു കൊല്ലമായി ഒരു ലോകകപ്പ് പോലും നേടാനായിട്ടില്ലെന്ന മോശം റെക്കോർഡാണ് ബ്രസീൽ ടീമിനെ തേടിയെത്തിയത്. അതിനു മുൻപ് അഞ്ചു തവണ ലോകകപ്പ് നേടിയിട്ടുള്ള ബ്രസീൽ ഖത്തർ ലോകകപ്പ് കഴിഞ്ഞതോടെ അടുത്ത ലോകകപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. റയൽ മാഡ്രിഡ് പരിശീലകനായ ആൻസലോട്ടിയെ നോട്ടമിട്ടത് അതിന്റെ ഭാഗമായാണ്.

ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷന്റെ നേതൃത്വത്തിലുള്ളവർ പറയുന്നതു പ്രകാരം അടുത്ത കോപ്പ അമേരിക്കക്ക് മുൻപായി ആൻസലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനായി ചുമതല ഏറ്റെടുക്കും. എന്നാൽ ഇറ്റാലിയൻ പരിശീലകനെ എത്തിക്കുന്നതിൽ ദേശീയടീമിന്റെ ഇതിഹാസതാരമായ കഫുവിന് ചില സംശയങ്ങളുണ്ട്. ബ്രസീൽ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ പോകുന്നതിന്റെ യാതൊരു ആവേശവും അദ്ദേഹം കാണിക്കുന്നില്ലെന്നതാണ് അതിനു കാരണം.

“ബ്രസീലിന്റെ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത് ഒരു ബഹുമതിയാണെന്ന് എന്നെങ്കിലും ആൻസലോട്ടി പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? അഞ്ചു തവണ ലോകചാമ്പ്യന്മാരായ ഒരു ടീമിനെ നയിക്കുന്നത് ഒരു ബഹുമതിയാണെന്ന് പറഞ്ഞിട്ടുണ്ടോ? 220 മില്യനോളം വരുന്ന ബ്രസീലിയൻസ് ആദരവോടെ കാണുന്ന ഈ ജേഴ്‌സി അണിയാൻ അഭിമാനമാണെന്ന് പറഞ്ഞിട്ടുണ്ടോ?”

“ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്താൽ ഏതൊരു മാനേജരും ആദ്യം ചെയ്യുന്നത് എന്തായിരിക്കും. ഞാൻ അഞ്ചു തവണ ലോകചാമ്പ്യന്മാരായ ഒരു ടീമിനെയാണ് നയിക്കാൻ പോകുന്നതെന്ന മുന്നറിയിപ്പ് നൽകുകയാവും ചെയ്യുക. ഞങ്ങൾ മാത്രമാണ് അഞ്ചു തവണ ലോകകപ്പ് നേടിയിട്ടുള്ള ഒരേയൊരു ടീം. അവർ പരിഗണിക്കുന്നതിനേക്കാൾ വലുതാണ് ബ്രസീൽ ടീം.” കഫു പറഞ്ഞു.

ബ്രസീൽ ടീം പരിശീലകനായി സ്ഥാനമേറ്റെടുക്കുന്നതിനെ സംബന്ധിച്ച് യാതൊരു സൂചനയും കാർലോ ആൻസലോട്ടി ഇതുവരെ നൽകിയിട്ടില്ല. റയൽ മാഡ്രിഡിൽ തന്നെ ഈ സീസണിലും തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ബ്രസീലിന്റെ കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ആദ്യമായാണ് ബ്രസീലിൽ നിന്നല്ലാതെയുള്ള ഒരു പരിശീലകൻ ബ്രസീൽ ടീമിലേക്ക് വരാനൊരുങ്ങുന്നത്.

Cafu Questions Ancelotti Agreement with Brazil