ടോട്ടനം ഹോസ്‌പർ താരം സോണിനെ റയൽ മാഡ്രിഡിലെത്തിക്കാൻ ആവശ്യപ്പെട്ട് കാർലോ ആൻസലോട്ടി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്‌പറിന്റെ മുന്നേറ്റനിര താരമായ ഹ്യുങ് മിൻ സോണിനെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടിക്ക് താൽപര്യം. നിരവധി സീസണുകളായി ടോട്ടനം ഹോസ്‌പറിനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന സൗത്ത് കൊറിയൻ താരത്തെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡിനോട് ഇറ്റാലിയൻ പരിശീലകൻ ആവശ്യപ്പെട്ടുവെന്ന് സ്പോർട്ട് വൺ ആണു റിപ്പോർട്ടു ചെയ്‌തത്‌.

നിരവധി വർഷങ്ങളായി ടോട്ടനം ഹോസ്‌പറിന്റെ പ്രധാനപ്പെട്ട താരമാണ് ഹ്യുങ് മിൻ സോൺ. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മുപ്പത്തിയഞ്ചു മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടിയ താരം സലാക്കൊപ്പം ലീഗ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു. പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യത്തെ ഏഷ്യൻ താരമെന്ന നേട്ടവും ഇതിലൂടെ സോൺ സ്വന്തമാക്കി. ഈ സീസണിൽ പതിനാറു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളും രണ്ട് അസിസ്റ്റുമാണ് സോൺ സ്വന്തമാക്കിയിട്ടുള്ളത്.

ഈഡൻ ഹസാർഡ്, മാർകോ അസെൻസിയോ എന്നീ താരങ്ങൾ മികച്ച പ്രകടനം നടത്താൻ കഴിയാതെ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് സോണിനെ കാർലോ ആൻസലോട്ടി നോട്ടമിടുന്നത്. ലെഫ്റ്റ് ഇന്സൈഡ് ഫോർവേഡ്, സെൻട്രൽ സ്‌ട്രൈക്കർ എന്നിങ്ങനെ വിവിധ പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന താരം അതുകൊണ്ടു തന്നെ തന്റെ പദ്ധതികൾക്ക് അനുയോജ്യനാണെന്നാണ് കാർലോ ആൻസലോട്ടി കരുതുന്നത്.

ഈ വർഷത്തെ ബാലൺ ഡി ഓർ റാങ്കിങ്ങിൽ പതിനൊന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞ താരമാണ് ഹ്യുങ് മിൻ സോൺ. മുപ്പതുകാരനായ താരത്തിന് മൂന്നു വർഷമാണ് സ്‌പർസുമായി കരാർ ബാക്കിയുള്ളത്. ടോട്ടനത്തോട് വളരെയധികം ആത്മാർഥത പുലർത്തുന്ന കളിക്കാരനാണെങ്കിലും റയൽ മാഡ്രിഡ് ഓഫർ നൽകിയാൽ താരം അതു പരിഗണിക്കാൻ സാധ്യതയുണ്ട്. ട്രാൻസ്‌ഫർ നടന്നാൽ അതു സോണിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവാവുകയും ചെയ്യും.