ഏജന്റ് സ്പെയിനിൽ, ചെൽസിയിൽ നിന്നും മറ്റൊരു താരം കൂടി ബാഴ്‌സലോണയിലേക്ക്

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ നടത്തിയ നീക്കങ്ങൾ ഏറ്റവും തിരിച്ചടി നൽകിയത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിക്കാണ്. ചെൽസി നോട്ടമിട്ട താരങ്ങളായ ലെവൻഡോസ്‌കി, റഫിന്യ, കൂണ്ടെ എന്നീ താരങ്ങളെ സ്വന്തമാക്കിയ ബാഴ്‌സ ചെൽസിയിൽ നിന്നും ക്രിസ്റ്റിൻസെൻ, അലോൻസോ എന്നിവരെയും ടീമിലെത്തിച്ചു. ലക്ഷ്യമിട്ട താരങ്ങളിൽ ആരെയും സ്വന്തമാക്കാൻ കഴിയാതിരുന്നത് ഈ സീസണിൽ ചെൽസിയുടെ പ്രകടനത്തെ ബാധിച്ചതിനാൽ പരിശീലകൻ തോമസ് ടുഷെൽ പുറത്താക്കപ്പെടുകയും ചെയ്‌തിരുന്നു.

ചെൽസിയിൽ നിന്നും മറ്റൊരു താരത്തെക്കൂടി സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ ആരംഭിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറ്റാലിയൻ മാധ്യമമായ ടുട്ടോമെർകാടോയുടെ റിപ്പോർട്ടുകൾ പ്രകാരം ചെൽസി മധ്യനിരയിലെ ഇറ്റാലിയൻ താരമായ ജോർജിന്യോയെയാണ് ബാഴ്‌സലോണ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. താരത്തിന്റെ ഏജന്റായ ജോവോ സാന്റോസിനെ കഴിഞ്ഞ ദിവസം ബാഴ്‌സലോണയിൽ കണ്ടത് ഇതു സംബന്ധിച്ച ചർച്ചകൾക്കാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബാഴ്‌സലോണയുടെ വിശ്വസ്‌തനായ ഡിഫൻസീവ് മിഡ്‌ഫീൽഡറായ സെർജിയോ ബുസ്‌ക്വറ്റ്സ് ഈ സീസൺ കഴിയുന്നതോടെ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ നിലവിലുണ്ട്. മുപ്പത്തിനാലുകാരനായ ബുസ്‌ക്വറ്റ്‌സിന് പകരക്കാരനായാണ് സാവി ജോർജിന്യോയെ നോട്ടമിടുന്നത്. ഈ സീസൺ കഴിയുന്നതോടെ ജോർജിന്യോയുടെ ചെൽസി കരാർ അവസാനിക്കുമെന്നതും ബാഴ്‌സയ്ക്ക് താരത്തെ സ്വന്തമാക്കാൻ പ്രേരണ നൽകുന്ന കാര്യമാണ്. സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ ഫ്രീ ഏജന്റായ താരങ്ങളെയാണ് ബാഴ്‌സലോണ കൂടുതലായും നോട്ടമിടുന്നത്.

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നാല് താരങ്ങളാണ് ഫ്രീ ഏജന്റായി ബാഴ്‌സയിൽ എത്തിയത്. ചെൽസി താരങ്ങളായ ആന്ദ്രെസ് ക്രിസ്റ്റൻസെൻ, മാർകോസ് അലോൺസോ എന്നിവർക്കു പുറമെ സ്‌പാനിഷ്‌ താരമായ ഹെക്റ്റർ ബെല്ലറിൻ, എസിമിലാൻ മിഡ്‌ഫീൽഡർ ഫ്രാങ്ക് കെസീ എന്നിവരെയാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. ഇതിനു പുറമെ 2021 സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റി കരാർ അവസാനിച്ച എറിക് ഗാർസിയയെയും ബാഴ്‌സലോണ ടീമിലെത്തിച്ചിരുന്നു.

ജോർജിന്യോ മാത്രമാവില്ല വരാനിരിക്കുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലേക്കെത്താൻ സാധ്യതയുള്ള ചെൽസി താരം. ഇറ്റാലിയൻ താരത്തിന് പുറമെ ചെൽസി കരാർ അവസാനിക്കുന്ന സ്‌പാനിഷ്‌ ഫുൾ ബാക്കായ സെസാർ ആസ്പ്ലികുയറ്റയും ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ സാധ്യതയുണ്ട്. ഈ സമ്മറിൽ തന്നെ ആസ്പ്ലികുയറ്റയെ സ്വന്തമാക്കാൻ ബാഴ്‌സ ശ്രമിച്ചെങ്കിലും ചെൽസി താരത്തെ വിട്ടുകൊടുക്കാൻ തയ്യാറായില്ല.