അർജന്റീനയിൽ നിന്നും ചെൽസിക്ക് പുതിയ പരിശീലകൻ, ചർച്ചകൾ വിജയം | Chelsea

ഈ സീസണിൽ നിരവധി വമ്പൻ താരങ്ങളെ സ്വന്തമാക്കിയെങ്കിലും എവിടെയും എത്താൻ കഴിയാതെ പോയ ടീമാണ് ചെൽസി. റോമൻ അബ്രമോവിച്ചിന് പകരം ടോഡ് ബോഹ്‍ലി സ്ഥാനമേറ്റെടുത്തതിന് ശേഷമാണ് ചെൽസിയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായത്. സീസണിന്റെ തുടക്കത്തിൽ തന്നെ തോമസ് ടുഷെലിനെ വ്യക്തിപരമായ പ്രശ്‌നങ്ങൾ കാരണം മാനേജർ സ്ഥാനത്തു നിന്നും പുറത്താക്കിയാണ് അദ്ദേഹം തന്റെ വരവ് ഫുട്ബോൾ ലോകത്തെ അറിയിച്ചത്.

എന്നാൽ ആ തീരുമാനം തെറ്റാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ടുഷെലിനു പകരമെത്തിയ ഗ്രഹാം പോട്ടർക്ക് ഒരുപാട് അവസരങ്ങൾ നൽകിയെങ്കിലും ടീമിനെ മെച്ചപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതോടെ പോട്ടറും പുറത്തായി. അതിനു ശേഷം ബ്രൂണോ സാൾട്ടിയാർ താൽക്കാലിക പരിശീലകനായി ടീമിനെ ഏതാനും മത്സരങ്ങളിൽ ലീഡ് ചെയ്‌തു. ഇപ്പോൾ ലംപാർഡ് ഈ സീസൺ കഴിയുന്നതു വരെ ചെൽസി പരിശീലകനായി സ്ഥാനമേറ്റെടുത്തിട്ടുണ്ട്.

അടുത്ത സീസണിലേക്ക് പുതിയ പരിശീലകനെ കണ്ടെത്താനുള്ള ചർച്ചകൾ നടത്തുന്ന ചെൽസിക്ക് അതിൽ പുരോഗമനം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുൻ ടോട്ടനം ഹോസ്‌പർ പരിശീലകനായ മൗറീസിയോ പോച്ചട്ടിനോയുമായി ചെൽസി നേതൃത്വം നടത്തുന്ന ചർച്ചകൾ വിജയകരമായാണ് മുന്നോട്ടു പോകുന്നത്. അവസാന ഘട്ട ചർച്ചകൾ കൂടി വിജയത്തിലേക്കെത്തിയാൽ പോച്ചട്ടിനോ ചെൽസി പരിശീലകനായി പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരുമെന്നുറപ്പാണ്.

പ്രീമിയർ ലീഗിൽ ടോട്ടനം ഹോസ്‌പറിനെ സ്ഥിരമായി ടോപ് ഫോറിലെത്തിക്കുകയും ഒരിക്കൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിപ്പിക്കുകയും ചെയ്‌താണ്‌ പോച്ചട്ടിനോ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ടോട്ടനത്തിൽ നിന്നും പുറത്തു വന്നതിനു ശേഷം പിന്നീട് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയെ പരിശീലിപ്പിച്ച അദ്ദേഹത്തിന് അവിടെ വലിയ വിജയങ്ങൾ സൃഷ്‌ടിക്കാൻ കഴിയാതിരുന്നതിനാൽ കഴിഞ്ഞ സീസണിന് ശേഷം പുറത്താക്കപ്പെട്ടു. അതിനു ശേഷം മറ്റൊരു ടീമിനെ പോച്ചട്ടിനോ പരിശീലിപ്പിച്ചിട്ടില്ല.

പ്രീമിയർ ലീഗിൽ പോച്ചട്ടിനോക്കുള്ള അപാരമായ പരിചയസമ്പത്ത് ചെൽസിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അവസാനഘട്ട ചർച്ചകൾ പാളിയാൽ പോച്ചട്ടിനോയെ ചെൽസി വേണ്ടെന്നു വെക്കാനും സാധ്യതയുണ്ട്. നേരത്തെ എൻറിക്വ, നിഗൽസ്‌മാൻ എന്നിവരെ ചെൽസി വേണ്ടെന്നു വെച്ചിരുന്നു. എന്നാൽ ഇതുവരെയുള്ള ചർച്ചകൾ വിജയം കണ്ടതിനാൽ ഈ നിയമനം നടക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്.

Chelsea Close To Appoint Pochettino As New Manager