“കൊച്ചിയിൽ കളിക്കാനിറങ്ങണമെങ്കിൽ ചെവിയിൽ പഞ്ഞി തിരുകേണ്ടി വരും”- ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ച് സുനിൽ ഛേത്രി | Chhetri

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ആരാധകരെക്കുറിച്ച് ചോദിച്ചാൽ എല്ലാവരും സംശയമില്ലാതെ പറയുന്ന പേരായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെന്ന്. കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീം സ്ഥാപിതമായിട്ട് ഒരു പതിറ്റാണ്ടാകുന്നതേയുള്ളൂ എങ്കിലും ആരാധകരുടെ പാഷന്റെ കാര്യത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പല ഇന്ത്യൻ ക്ലബുകളും നമുക്ക് പിന്നിലാണ്. ഓരോ സീസണിലും ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ മത്സരം കൊച്ചിയിൽ നടത്തുന്നതിന്റെ കാരണവും മറ്റൊന്നല്ല.

കേവലം സ്വന്തം മൈതാനത്ത് മാത്രം ഒതുങ്ങുന്നതല്ല കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ കരുത്ത്. ചില മത്സരങ്ങളിൽ എതിരാളികളുടെ മൈതാനത്ത് വരെ ആധിപത്യം സ്ഥാപിക്കാൻ അവർക്ക് കഴിയും. അത് പലപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ തെളിയിച്ചിട്ടുമുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് പത്താമത്തെ സീസണിൽ ഏതാനും മത്സരങ്ങൾ പൂർത്തിയായപ്പോൾ ഏറ്റവുമധികം ആരാധകരെത്തിയത് കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനാണെന്നത് ഫാൻസിന്റെ കരുത്ത് വ്യക്തമാക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കരുത്ത് കൃത്യമായി അറിയാമെന്ന രീതിയിൽ കഴിഞ്ഞ ദിവസം സുനിൽ ഛേത്രി നടത്തിയ പ്രതികരണം ഇപ്പോൾ വൈറലാവുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൈതാനത്ത് നടന്ന ആദ്യത്തെ മത്സരത്തിൽ കളിക്കേണ്ടി വന്നിരുന്നെങ്കിൽ എന്താണ് സംഭവിക്കുകയെന്ന ചോദ്യത്തിന് സുനിൽ ഛേത്രി മറുപടി പറഞ്ഞത് “അവിടെ കളിക്കുകയാണെങ്കിൽ വാം അപ്പിന് താൻ ചെവിയിൽ പഞ്ഞി വെച്ച് ഇറങ്ങേണ്ടി വരുമായിരുന്നു” എന്നാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ച് ഛേത്രി ഇങ്ങിനെ പ്രതികരിക്കാനുള്ള കാരണം എല്ലാവർക്കും ഊഹിക്കാമല്ലോ. കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ ഛേത്രി ചതിയിലൂടെ നേടിയ ഗോളിലാണ് ബെംഗളൂരു വിജയം നേടിയത്. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസമാണ് ഛേത്രിയെങ്കിലും തങ്ങളോട് ചെയ്‌ത ചതി ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരിക്കലും മറക്കില്ല. ആദ്യ മത്സരത്തിൽ ഛേത്രി ഉണ്ടായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം താരം അനുഭവിക്കേണ്ടി വരുമായിരുന്നു എന്നുറപ്പ്.

നിലവിൽ ഇന്ത്യൻ ഫുട്ബോൾ ടീമിനൊപ്പം ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് സുനിൽ ഛേത്രി. അതുകൊണ്ടാണ് ബെംഗളൂരുവിനൊപ്പമുള്ള മത്സരങ്ങളിൽ താരം ഇല്ലാത്തത്. ഏഷ്യൻ ഗെയിംസിൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും മുന്നേറിയ ഇന്ത്യൻ ടീമിന് പ്രീ ക്വാർട്ടറിൽ എതിരാളികൾ ഏഷ്യയിലെ കരുത്തരായ ടീമായ സൗദി അറേബ്യയാണ്. പതിമൂന്നു വർഷത്തിന് ശേഷമാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.

Chhetri On Playing Against Kerala Blasters In Kochi