ബ്രസീലിയൻ സുൽത്താന്റെ മായാജാലം കാണാനിതു സുവർണാവസരം, അൽ ഹിലാൽ-മുംബൈ സിറ്റി മത്സരത്തിന്റെ വേദി മാറ്റി | Al Hilal

സമകാലീന ഫുട്ബോളിലെ ഏറ്റവും പ്രതിഭയുള്ള താരങ്ങളിലൊരാളാണ് നെയ്‌മറെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തുടർച്ചയായ പരിക്കുകളും പ്രൊഫെഷണലല്ലാത്ത സമീപനവും കാരണം തന്റെ കഴിവിനനുസരിച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ ബ്രസീലിയൻ താരത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ മുപ്പത്തിയൊന്നു വയസു മാത്രമുള്ള താരത്തിന് ക്ലബ് തലത്തിലും ബ്രസീലിയൻ ടീമിനൊപ്പവും ഇനിയുമൊരുപാട് നേട്ടങ്ങൾ സ്വന്തമാക്കാനുള്ള സമയം അവശേഷിച്ചിട്ടുണ്ട്.

നെയ്‌മറുടെ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ ഇന്ത്യയിലേക്ക് കളിക്കാൻ വരുന്നുണ്ടെന്ന കാര്യം അറിഞ്ഞതു മുതൽ ആരാധകർ സന്തോഷത്തിലാണ്. നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന ഫുട്ബോൾ താരങ്ങളിൽ ഏറ്റവും പ്രതിഭയുള്ള ഒരാളുടെ പ്രകടനം കാണാൻ ആരാധകർക്കിതു സുവർണാവസരമാണ്. ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈ സിറ്റിയും അൽ ഹിലാലും ഒരു ഗ്രൂപ്പിൽ ഉൾപ്പെട്ടതോടെയാണ് നെയ്‌മർ ഇന്ത്യയിലേക്ക് വരാനുള്ള സാധ്യത തെളിഞ്ഞത്.

നേരത്തെ പൂനെയിലെ ശിവ് ഛത്രപതി സ്പോർട്ട്സ് കോംപ്ലക്‌സിൽ നടത്താൻ തീരുമാനിച്ചിരുന്ന മത്സരം മുംബൈയിലെ തന്നെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലേക്ക് മാറ്റിയിട്ടുണ്ട്. പൂനെയിലെ സ്റ്റേഡിയത്തിൽ പതിനൊന്നായിരം പേർക്കു മാത്രമേ ഇരിക്കാൻ കഴിയൂ എന്നതിനാലാണ് കൂടുതൽ കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലേക്ക് മത്സരം മാറ്റിയത്. 55000 കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലേക്ക് മത്സരം മാറ്റിയതോടെ കൂടുതൽ ആരാധകർക്ക് താരത്തെ കാണാനുള്ള സാഹചര്യമാണ് വന്നിരിക്കുന്നത്.

നവംബർ ആറിനു നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റിനു വളരെയധികം ആവശ്യക്കാർ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടു തന്നെ നേരിട്ടുള്ള ടിക്കറ്റ് വിൽപ്പനക്ക് പകരം ടിക്കറ്റുകൾക്കായി പ്രീ രെജിസ്ട്രേഷൻ നടത്തണമെന്ന നിർബന്ധം അധികൃതർ കൊണ്ടു വന്നിട്ടുണ്ട്. ടിക്കറ്റുകളുടെ പ്രീ രെജിസ്ട്രേഷൻ സെപ്‌തംബർ 29 വെള്ളിയാഴ്‌ച രാവിലെ പതിനൊന്നു മണി മുതലാണ് ആരംഭിക്കുക. ബ്രസീൽ ആരാധകർക്കിത് തങ്ങളുടെ പ്രിയതാരത്തെ കാണാനുള്ള സുവർണാവസരമാണ്.

നെയ്‌മറെ മാത്രമല്ല, യൂറോപ്പിൽ നിന്നും അൽ ഹിലാലിൽ എത്തിയ നിരവധി വമ്പൻ താരങ്ങൾ അൽ ഹിലാലിനൊപ്പം ഉണ്ടാകും. പ്രീമിയർ ലീഗിലെ ഗോൾവേട്ടക്കാരനായിരുന്ന മിട്രോവിച്ച്, മുൻ ബാഴ്‌സലോണ താരം മാൽക്കം, റൊണാൾഡോക്കൊപ്പം പോർച്ചുഗൽ ടീമിൽ കളിക്കുന്ന റൂബൻ നെവസ്, മുൻ ലാസിയോ താരം സാവിച്ച്, മുൻ ചെൽസി ഡിഫൻഡർ കൂളിബാളി, ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തിയ മൊറോക്കൻ ഗോൾകീപ്പർ ബോണോ എന്നിവരെല്ലാം അൽ ഹിലാലിന്റെ കളിക്കാരാണ്.

Mumbai City Vs Al Hilal Match Venue Changed