കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഛേത്രിയുടെ ഒളിയമ്പോ, സഹൽ മോഹൻ ബഗാനിലേക്ക് ചേക്കേറിയതു ഗുണം ചെയ്‌തുവെന്ന് ഇന്ത്യൻ നായകൻ | Chhetri

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്രാൻസ്‌ഫറായിരുന്നു സഹൽ അബ്‌ദുൾ സമദ് ക്ലബ് വിട്ടത്. ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിലാണ് ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്ന സഹൽ മോഹൻ ബഗാനിലേക്ക് ചേക്കേറിയത്. ബ്ലാസ്റ്റേഴ്‌സിനൊപ്പം ദീർഘകാലം തുടർന്ന് ടീമിന് നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിച്ച താരത്തിന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ടീം മികച്ച പ്രകടനം നടത്തുന്നതിനാൽ സഹലിന്റെ അഭാവം അവർ മറന്നിട്ടുണ്ട്.

അതേസമയം മോഹൻ ബഗാനിലെത്തിയ സഹൽ മികച്ച പ്രകടനമാണ് ടീമിനായി നടത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ലഭിച്ചിരുന്നതിനേക്കാൾ സ്വാതന്ത്ര്യം കളിക്കളത്തിൽ ലഭിക്കുന്നത് താരത്തിന് തന്റെ കഴിവുകൾ പൂർണമായി പുറത്തെടുക്കാൻ സഹായിക്കുന്നുണ്ട്. ലീഗിൽ നാല് മത്സരങ്ങൾ കളിച്ച താരം ഇതുവരെ മൂന്നു ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. താരത്തിന്റെ മികച്ച പ്രകടനം ലീഗിൽ കളിച്ച എല്ലാ മത്സരങ്ങളിലും വിജയം നേടാൻ മോഹൻ ബഗാനെ സഹായിക്കുകയും ചെയ്‌തിട്ടുണ്ട്‌.

അതിനിടയിൽ കഴിഞ്ഞ ദിവസം ബെംഗളൂരു താരമായ സുനിൽ ഛേത്രി പറഞ്ഞ ഒരു പരാമർശമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. സഹൽ കൂടുതൽ മികച്ച പ്രകടനം ഇപ്പോൾ നടത്തുന്നതിനെ പ്രശംസിച്ചു കൊണ്ടാണ് ഛേത്രി സംസാരിച്ചതെങ്കിലും അതിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഒരു ഒളിയമ്പുണ്ടോ എന്ന സംശയം ആരാധകർക്ക് തോന്നിയാൽ അതിൽ കുറ്റം പറയാനാവില്ല. ഇന്ത്യൻ ടീമിനൊപ്പം ലോകകപ്പ് യോഗ്യത മത്സരത്തിന് തയ്യാറെടുക്കുമ്പോഴാണ് സഹലിനെക്കുറിച്ച് ഛേത്രി പറഞ്ഞത്.

“കഴിഞ്ഞ എട്ടു മാസത്തിനിടയിൽ സഹൽ വളരെയധികം മാറിയിട്ടുണ്ടെന്ന കാര്യം ഒരുപാടാളുകൾക്ക് മനസിലായിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. ആഭ്യന്തരഫുട്ബോളിൽ തിളങ്ങാൻ ബുദ്ധിമുട്ടിയിരുന്ന ഒരു താരത്തിൽ നിന്നും, ഇപ്പോൾ ഐഎസ്എല്ലിൽ മോഹൻ ബഗാനിൽ സഹൽ കളിക്കുന്നത് ലീഗിലെ വിദേശതാരങ്ങൾക്കൊപ്പം കിടപിടിക്കുന്ന മികവോടെയാണ്. താരം ഇതുപോലെ തന്നെ മികച്ച പ്രകടനം തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.” ഛേത്രി പറഞ്ഞു.

സഹലിനു മികച്ച പ്രകടനം നടത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് വിടേണ്ടി വന്നുവെന്ന ഒരു സൂചന ഛേത്രിയുടെ വാക്കുകളിൽ ഇല്ലെന്നു പറയാനാവില്ല. ഛേത്രിയും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും തമ്മിലുള്ള ബന്ധം അത്ര മികച്ചതല്ലെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നു പുറത്താകാൻ തന്നെ കാരണം ഛേത്രി ചതിയിലൂടെ നേടിയ ഗോളാണ്. അതിനു ശേഷം താരത്തിനെതിരെ കടുത്ത വിമർശനം ബ്ലാസ്റ്റേഴ്‌സ് ആരാധകർ നടത്തിയിരുന്നു.

Chhetri Says Sahal Changed A Lot Recently