മെസി അടുത്ത ലോകകപ്പ് കളിക്കണമെങ്കിൽ അർജന്റീന ഒരു പ്രധാന കാര്യം കൂടി പൂർത്തിയാക്കണം, വെളിപ്പെടുത്തലുമായി ടാഗ്ലിയാഫിക്കോ | Messi

ഖത്തർ ലോകകപ്പിനു ശേഷം ലയണൽ മെസി ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ച കാര്യം. എന്നാൽ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതോടെ ആ പദ്ധതികളിൽ മാറ്റം വരികയായിരുന്നു. ലോകചാമ്പ്യന്മാർ എന്ന നിലയിൽ അർജന്റീന ടീമിനൊപ്പം ഇനിയും തുടർന്ന് മത്സരങ്ങൾ കളിക്കാനുള്ള ആഗ്രഹമുണ്ടെന്നാണ് താരം വ്യക്തമാക്കിയത്. ഇപ്പോഴും അർജന്റീന ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായി മികച്ച പ്രകടനം നടത്തി ലയണൽ മെസി തുടരുന്നു.

അതേസമയം ലയണൽ മെസി വരാനിരിക്കുന്ന കോപ്പ അമേരിക്കക്ക് ശേഷം വിരമിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. അടുത്ത ലോകകപ്പിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് മെസി എപ്പോഴും വെളിപ്പെടുത്തുന്നത്. എന്നാൽ താരം അടുത്ത ലോകകപ്പിൽ കളിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അർജന്റൈൻ സഹതാരമായ ടാഗ്ലിയാഫിക്കോ പറയുന്നത്. അതിനുള്ള വഴി തുറക്കുക വരാനിരിക്കുന്ന കോപ്പ അമേരിക്കയിലൂടെയാണെന്നും ടാഗ്ലിയാഫിക്കോ പറയുന്നു.

“മെസി 2026 ലോകകപ്പിൽ കളിക്കാനുള്ള പ്രധാനമായും വേണ്ടതെന്നാണെന്നു നിങ്ങൾക്കറിയാമോ? അത് അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്കയിൽ കിരീടം സ്വന്തമാക്കുകയെന്നതാണ്. ഞങ്ങൾ ഖത്തറിൽ നടന്ന ലോകകപ്പിൽ കിരീടം സ്വന്തമാക്കിയില്ലായിരുന്നെങ്കിൽ താരം ദേശീയ ടീം വിടുമായിരുന്നു. എന്നാൽ താരം അത് നേടിയതോടെ കൂടുതൽ സമയം ആസ്വദിക്കണമെന്ന് തീരുമാനിച്ചു. അമേരിക്കയിൽ വെച്ചു നടക്കുന്ന കോപ്പ അമേരിക്ക വിജയിച്ചാൽ താരം വീണ്ടും തുടരുമെന്നുറപ്പാണ്.” ടാഗ്ലിയാഫിക്കോ വ്യക്തമാക്കി.

2024 ജൂൺ ഇരുപതിന്‌ ആരംഭിക്കാനിരിക്കുന്ന കോപ്പ അമേരിക്ക മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായ രീതിയിൽ നോർത്ത് അമേരിക്കൻ രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തിയാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ അർജന്റീനയെ സംബന്ധിച്ച് വലിയ പോരാട്ടം തന്നെ കിരീടം നേടാൻ വേണ്ടി നടത്തേണ്ടി വരും. എന്നാൽ ലോകകപ്പ് കിരീടം നേടിയതിനു ശേഷം ആത്മവിശ്വാസത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന അർജന്റീന തന്നെയാണ് ടൂർണമെന്റിൽ ഏറ്റവും സാധ്യതയുള്ള ടീം.

അതേസമയം നിലവിൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് അർജന്റീന. ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന രണ്ടു മത്സരങ്ങളിൽ യുറുഗ്വായ്, ബ്രസീൽ എന്നിവരെയാണ് അർജന്റീന നേരിടുന്നത്. ഈ രണ്ടു മത്സരങ്ങളും വിജയം നേടേണ്ടത് അർജന്റീനയെ സംബന്ധിച്ച് അനിവാര്യമായ കാര്യമാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും കരുത്തുറ്റ ടീമായ ഇവർക്കെതിരെ വിജയം നേടിയാൽ കോപ്പ അമേരിക്ക വിജയിക്കാമെന്ന ആത്മവിശ്വാസവും അർജന്റീനക്കുണ്ടാകും.

Tagliafico Says Messi May Play 2026 World Cup