വരുന്നത് കഴിവു തെളിയിക്കാനുള്ള സുവർണാവസരം, ആരാധകരുടെ പ്രതീക്ഷകൾ നിറവേറ്റാൻ ആർക്കാണു കഴിയുക | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചതു മുതൽ പരിക്കിന്റെയും വിലക്കിന്റെയും തിരിച്ചടികൾ കേരള ബ്ലാസ്റ്റേഴ്‌സിന് ഉണ്ടായിരുന്നു. നിലവിൽ ടീമിലെ നാല് താരങ്ങൾ പരിക്കിന്റെ പിടിയിലാണ്. അതിനിടയിൽ മറ്റു താരങ്ങളുടെ ബുദ്ധിമോശം നിറഞ്ഞ പെരുമാറ്റം കാരണം വിലക്കുകളും കുറവല്ല. മൂന്നു മത്സരങ്ങളിൽ വിലക്ക് ലഭിച്ച പ്രബീർ ദാസും ഡ്രിങ്കിച്ചും അടുത്ത മത്സരത്തിൽ തിരിച്ചെത്തുമെങ്കിലും കഴിഞ്ഞ മത്സരത്തിൽ അകാരണമായി വാങ്ങിയ ചുവപ്പുകാർഡ് കാരണം ദിമിത്രിസിനു കളിക്കാൻ കഴിയില്ല.

ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിസിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകുമെങ്കിലും അത് മറ്റു താരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം കൂടി നൽകുന്നുണ്ട്. നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിര താരങ്ങൾ അത്ര മികച്ച ഫോമിലാണെന്ന് പറയാൻ കഴിയില്ല. ഒരുക്കി നൽകിയ അവസരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമായ അഡ്രിയാൻ ലൂണ മുന്നിൽ നിൽക്കുമ്പോഴും ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോളുകളുടെ എണ്ണം കുറവാണെന്നത് ടീമിന്റ മുന്നേറ്റനിര മെച്ചപ്പെടാനുണ്ടെന്നതിന്റെ തെളിവാണ്.

അതേസമയം അടുത്ത മത്സരത്തിൽ ദിമിത്രിസ് കളിക്കാത്തതിനാൽ മുന്നേറ്റനിരയിൽ ഇന്ത്യൻ താരമായ ഇഷാൻ പണ്ഡിറ്റക്ക് ആദ്യ ഇലവനിൽ അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്. ലൂണയെ മധ്യനിരയിൽ കളിപ്പിച്ച് രണ്ടു സ്‌ട്രൈക്കർമാരുമായി ഇറങ്ങുകയന്നെ തന്റെ ശൈലി തന്നെ ഇവാൻ സ്വീകരിച്ചാൽ അതിനുള്ള സാധ്യതയാണ് കൂടുതൽ. അങ്ങിനെയാണെങ്കിൽ തന്റെ കഴിവ് തെളിയിക്കാനും മികച്ച പ്രകടനം നടത്തി ടീമിൽ സ്ഥിരസാന്നിധ്യമായി മാറാനും ഇഷാന് അവസരമുണ്ട്.

അതേസമയം ലൂണയെ മുന്നേറ്റനിരയിൽ സെക്കൻഡ് സ്‌ട്രൈക്കർ എന്ന നിലയിൽ കളിപ്പിക്കാനാണ് പദ്ധതിയെങ്കിൽ ഇഷാന് അവസരം ലഭിക്കുന്ന കാര്യം സംശയമാണ്. പെപ്ര മാത്രമാകും പ്രധാന സ്‌ട്രൈക്കറായി ഇറങ്ങുക. ഈ സീസണിലെ എല്ലാ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിട്ടുള്ള ആഫ്രിക്കൻ താരം നല്ല പ്രെസിങ് നടത്തുന്നുണ്ടെങ്കിലും ഒരു സ്‌ട്രൈക്കർക്ക് വേണ്ട പ്രധാനപ്പെട്ട കാര്യമായ ഗോൾ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അടുത്ത മത്സരം താരത്തിനും അതിനുള്ള അവസരം നൽകുന്നതാണ്.

ഡ്രിങ്കിച്ച് ഇനിയുള്ള മത്സരങ്ങളിൽ ഉണ്ടാകുമെന്നതിനാൽ ഇനി മുതൽ മുന്നേറ്റനിരയിൽ രണ്ടു വിദേശതാരങ്ങളെ കളിപ്പിക്കാൻ കഴിയില്ല. വിദേശതാരങ്ങളായി ഡ്രിങ്കിച്ച്, ലൂണ, ഡൈസുകെ, പെപ്ര എന്നിവരാണ് ഉണ്ടാവുക. ദിമിത്രിസ് തിരിച്ചു വരുന്നതോടെ ഇതിൽ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്തായാലും ഇന്ത്യൻ സ്‌ട്രൈക്കർമാർക്ക് ബ്ലാസ്റ്റേഴ്‌സിൽ ഇനി അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ലഭിക്കുന്ന അവസരങ്ങൾ താരങ്ങൾ മുതലെടുക്കുമോ എന്നാണു ആരാധകർ ഉറ്റു നോക്കുന്നത്.

Kerala Blasters Indian Strikers Might Get A Chance Next Match