ടീമിനായി വിജയഗോൾ നേടിയതിനു ശേഷം ക്രിസ്റ്റ്യൻ അറ്റ്സു പോയത് മരണത്തിലേക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയും ന്യൂകാസിലും അടക്കമുള്ള ക്ലബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ മരണവാർത്തയാണ് ഫുട്ബോൾ ലോകത്ത് ഇപ്പോൾ വേദനയാകുന്നത്. ഫെബ്രുവരി ആറിന് തുർക്കിയെയും സിറിയയെയും ബാധിച്ച ഭൂകമ്പത്തിലാണ് താരം മരണപ്പെട്ടത്. അന്നു മുതൽ കാണാതായ താരത്തിന്റെ മൃതദേഹം കണ്ടെത്തിയെന്ന് താരത്തിന്റെ ഏജന്റ് ഇന്ന് പ്രസ്‌താവനയിലൂടെ സ്ഥിരീകരിച്ചിരുന്നു.

ഭൂകമ്പം നടന്നത് മുതൽ അറ്റ്സുവും അപകടത്തിൽപ്പെട്ടിരിക്കാമെന്ന വാർത്തകൾ ഉയർന്നു വന്നിരുന്നു. എന്നാൽ അതിനൊപ്പം തന്നെ താരത്തെ രക്ഷപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ വന്നത് ആശ്വാസമായി. എന്നാൽ രണ്ടു ദിവസങ്ങൾക്ക് മുൻപ് അറ്റ്‌സുവിനെ ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് താരത്തിന്റെഏജന്റ് വെളിപ്പെടുത്തിയത് വീണ്ടും ആശങ്കകൾക്ക് വഴി വെച്ചത്. ഇതിനു പിന്നാലെയാണ് ഇന്ന് താരത്തിന്റെ ജീവനറ്റ ശരീരവും മൊബൈൽ ഫോണും കണ്ടെത്തിയെന്ന് ഏജന്റ് സ്ഥിരീകരിച്ചത്.

അവസാന മത്സരത്തിൽ ടീമിനായി ഗോൾ നേടി വിജയം നൽകിയതിനു പിന്നാലെയാണ് അറ്റ്സുവിനെ മരണം കവർന്നെടുത്തത്. ഭൂകമ്പം നടന്നതിന്റെ തലേ ദിവസമാണ് താരത്തിന്റെ ക്ലബായ ഹടായ്സ്പോർ തുർക്കിഷ് ലീഗിൽ കാസിംപസയെ നേരിട്ടത്. മത്സരത്തിന്റെ തൊണ്ണൂറ്റിയേഴാം മിനുട്ടിൽ അറ്റ്സു എടുത്ത ഫ്രീ കിക്കിലൂടെ ടീം മത്സരത്തിലെ ഒരേയൊരു ഗോളും വിജയവും സ്വന്തമാക്കി. മത്സരത്തിന് ശേഷം തന്റെ താമസസ്ഥലത്തേക്ക് പോയ താരം പിറ്റേന്ന് മരണത്തിനു ഇരയാവുകയും ചെയ്‌തു. മത്സരത്തിന് പിന്നാലെ തന്റെ കുടുംബത്തെ കാണാൻ പോകേണ്ടിയിരുന്ന താരം ഗോൾ നേടിയതിന്റെ സന്തോഷത്തിൽ ടിക്കറ്റ് റദ്ദാക്കി തുർക്കിയിൽ തുടരുകയായിരുന്നു.

സൗദി ക്ലബായ അൽ റയേദിൽ നിന്നും കഴിഞ്ഞ വർഷമാണ് താരം തുർക്കിയിലെത്തിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൺ, ബേൺമൗത്ത്‌, ന്യൂകാസിൽ യുണൈറ്റഡ് എന്നീ ക്ലബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള അറ്റ്സു ഘാനക്ക് വേണ്ടി 65 മത്സരങ്ങളിൽ നിന്നും പത്ത് ഗോളുകൾ നേടിയിട്ടുണ്ട്. ചെൽസിയുടെയും താരമായിരുന്നെങ്കിലും ടീമിനായി കളിച്ചിട്ടില്ല. പോർട്ടോക്കൊപ്പം പോർച്ചുഗീസ് ലീഗും ന്യൂകാസിലിനൊപ്പം കറബാവോ കപ്പും നേടിയിട്ടുള്ള അറ്റ്സു ഘാനക്കൊപ്പം ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.