അർജന്റൈൻ പരിശീലകനു കീഴിൽ തോൽവിയറിഞ്ഞിട്ടില്ല, കോപ്പ അമേരിക്കയിൽ കൊളംബിയയെ കരുതിയിരിക്കണം
കോപ്പ അമേരിക്ക ടൂർണമെന്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമ്പോൾ ഏവരും കിരീടസാധ്യത കൽപ്പിക്കുന്നത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്കാണ്. അതിനു പുറമെ യുവതാരങ്ങളുടെ കരുത്തുമായി എത്തുന്ന ബ്രസീൽ, അടുത്തിടെ ബ്രസീലിനെയും അർജന്റീനയെയും ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കീഴടക്കിയ യുറുഗ്വായ് എന്നിവർക്കും കോപ്പ അമേരിക്കയിൽ കിരീടസാധ്യത കൽപ്പിക്കുന്നുണ്ട്.
എന്നാൽ അതിനൊപ്പം തന്നെ ഏവരും കരുതിയിരിക്കേണ്ട ടീമാണ് കൊളംബിയ. കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതിരുന്ന ടീമിലേക്ക് 2022ൽ അർജന്റൈൻ പരിശീലകനായ നെസ്റ്റർ ലോറെൻസോ എത്തിയതിനു ശേഷം അവർ അവിശ്വസനീയമായ കുതിപ്പിലാണ്. അൻപത്തിയെട്ടു വയസുള്ള ലോറെൻസോ പരിശീലിപ്പിച്ച ഒരു മത്സരത്തിലും കൊളംബിയ തോൽവിയറിഞ്ഞിട്ടില്ല.
Néstor Lorenzo: 19/19 as Colombia's head coach 🫡🇨🇴 pic.twitter.com/MCUAiS6ELS
— CONMEBOL Copa América™️ ENG (@copaamerica_ENG) June 10, 2024
ലോറെൻസോക്ക് കീഴിൽ ലോകകപ്പ് യോഗ്യത മത്സരം, ഇന്റർനാഷണൽ ഫ്രണ്ട്ലി എന്നിങ്ങനെ പത്തോമ്പത് മത്സരങ്ങളാണ് കൊളംബിയ ഇതുവരെ കളിച്ചിട്ടുള്ളത്. അതിൽ പതിനാലെണ്ണത്തിലും വിജയം നേടിയ ടീം അഞ്ചെണ്ണത്തിൽ സമനില വഴങ്ങി. യുഎസ്എ, സൗത്ത് കൊറിയ, ചിലി, യുറുഗ്വായ്, ഇക്വഡോർ എന്നീ ടീമുകൾക്കെതിരെയാണ് കൊളംബിയ സമനില വഴങ്ങിയത്.
അതേസമയം ലോറെൻസോക്ക് കീഴിൽ പല വമ്പന്മാരെയും കൊളംബിയ അട്ടിമറിച്ചിട്ടുണ്ട്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെ കഴിഞ്ഞ നവംബറിൽ കീഴടക്കിയ അവർ അതിനു പുറമെ സൗഹൃദ മത്സരങ്ങളിൽ ജർമനി, മെക്സിക്കോ, സ്പെയിൻ എന്നീ ടീമുകളെയും തോൽപ്പിച്ചു. കഴിഞ്ഞ സൗഹൃദമത്സരത്തിൽ യുഎസ്എ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് കൊളംബിയയോട് കീഴടങ്ങിയത്.
ബൊളീവിയക്കെതിരെ ഒരു സൗഹൃദമത്സരം കളിച്ചതിനു ശേഷം കോപ്പ അമേരിക്കക്ക് ഇറങ്ങാനൊരുങ്ങുന്ന കൊളംബിയ ഗ്രൂപ്പ് ഡിയിലാണ്. ബ്രസീൽ, കോസ്റ്റാറിക്ക, പാരഗ്വായ് എന്നീ ടീമുകളാണ് കൊളംബിയക്കൊപ്പം ഗ്രൂപ്പിലുള്ളത്. അർജന്റൈൻ പരിശീലകന് കീഴിൽ മികച്ച ഫോമിലുള്ള കൊളംബിയ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബ്രസീലിനു വെല്ലുവിളി നൽകുമെന്നുറപ്പാണ്.