എമിയുടെ ഡാൻസും മെസിയുടെ ആക്രോശവും കൊളംബിയ മറന്നിട്ടുണ്ടാകില്ല, ഫൈനലിൽ പ്രതികാരം തന്നെ ലക്‌ഷ്യം

കോപ്പ അമേരിക്ക 2024ന്റെ ഫൈനൽ പോരാട്ടം തിങ്കളാഴ്‌ച പുലർച്ചെ നടക്കാൻ പോവുകയാണ്. നിലവിലെ ചാമ്പ്യന്മാരും ടൂർണമെന്റിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന ടീമുമായി അർജന്റീനക്ക് എതിരാളികൾ കൊളംബിയയാണ്. ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമാണ് തങ്ങളെന്ന് പ്രകടനം കൊണ്ടു തെളിയിച്ച ടീമാണ് ഹമെസ് റോഡ്രിഗസിന്റെ കൊളംബിയ.

കൊളംബിയയും അർജന്റീനയും കോപ്പ അമേരിക്ക ടൂർണമെന്റിൽ മുഖാമുഖം വരുമ്പോൾ 2021ലെ കോപ്പ അമേരിക്കയിൽ സംഭവിച്ച ചില കാര്യങ്ങൾക്ക് കൊളംബിയയുടെ മനസിലുണ്ടാകും. ആ ടൂർണമെന്റിന്റെ സെമി ഫൈനലിൽ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം അർജന്റീനക്കായിരുന്നു. കൊളംബിയക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം നേടിയത്.

ഷൂട്ടൗട്ടിൽ എമിലിയാനോ മാർട്ടിനസ് ഹീറോയായപ്പോൾ 3-2നാണ് അർജന്റീന വിജയം നേടിയത്. കൊളംബിയൻ താരങ്ങൾ പെനാൽറ്റി നഷ്‌ടമാക്കിയപ്പോൾ എമിലിയാനോ മാർട്ടിനസ് അവർക്കു മുന്നിൽ ഡാൻസ് ചെയ്‌തിരുന്നു. അതിനു പുറമെ യെറി മിന പെനാൽറ്റി നഷ്‌ടമാക്കിയപ്പോൾ ലയണൽ മെസി താരത്തോട് ആക്രോശിച്ചതുമെല്ലാം കൊളംബിയൻ താരങ്ങളുടെ ഓർമയിൽ ഇപ്പോഴുമുണ്ടാകും.

അടുത്ത ദിവസം കോപ്പ അമേരിക്ക ഫൈനലിനായി ഇറങ്ങുമ്പോൾ കൊളംബിയൻ താരങ്ങളുടെ മനസിൽ ആ തോൽവിക്കുള്ള പ്രതികാരം തീർച്ചയായും ഉണ്ടാകും. ഇരുപത്തിമൂന്നു വർഷങ്ങൾക്ക് ശേഷമുള്ള അവരുടെ ആദ്യത്തെ പ്രധാന കിരീടം അർജന്റീനയുടെ കണ്ണുനീർ വീഴ്ത്തി സ്വന്തമാക്കിയാൽ കൊളംബിയക്ക് അതിനേക്കാൾ സംതൃപ്തി നൽകുന്ന മറ്റൊരു കാര്യമുണ്ടാകില്ല.

ഇരുപത്തിയെട്ടു മത്സരങ്ങളിൽ അപരാജിതരായി കുതിക്കുന്ന കൊളംബിയ അവസാനമായി തോൽവി വഴങ്ങിയത് അർജന്റീനക്കെതിരെ 2022ൽ നടന്ന മത്സരത്തിലാണ്. എന്നാൽ ഇന്നത്തെ പരിശീലകനായിരുന്നില്ല അന്ന് കൊളംബിയയെ നയിച്ചിരുന്നത്. കോപ്പ അമേരിക്ക ഫൈനലിന് ഇറങ്ങുമ്പോൾ ഏതു ടീമിനെയും കീഴടക്കാൻ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസം കൊളംബിയക്കുണ്ട്.