കോപ്പ അമേരിക്കക്കു തയ്യാറെടുക്കാൻ ബ്രസീൽ വമ്പന്മാരുമായി പോരാടും, അർജന്റീനയുടെ കാര്യത്തിൽ വ്യക്തതയില്ല | Copa America 2024

കോപ്പ അമേരിക്ക ടൂർണമെന്റ് അടുത്ത വർഷം നടക്കാനിരിക്കെ തങ്ങളുടെ കരുത്ത് തെളിയിക്കാൻ അതിൽ പല ടീമുകളും തയ്യാറെടുക്കുകയാണ്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഇത്തവണ വിപുലമായ ടൂർണമെന്റാണ് നടക്കുന്നത്. സൗത്ത് അമേരിക്കയിൽ നിന്നുള്ള പത്ത് ടീമുകളും കോൺകാഫ് മേഖലയിൽ നിന്നുള്ള ആറു ടീമുകളും പങ്കെടുക്കുന്ന ടൂർണമെന്റ് അമേരിക്കയിൽ വെച്ചാണ് നടക്കുക.

ടൂർണമെന്റിൽ കിരീടം നിലനിർത്താനും ലോകകപ്പ് നേടിയ തങ്ങൾ തന്നെയാണ് സൗത്ത് അമേരിക്കയിലെ വമ്പൻമാർ എന്നു തെളിയിക്കാനും അർജന്റീന ഇറങ്ങുമ്പോൾ ബ്രസീലിനു കിരീടമെന്നത് അവരുടെ നിലനിൽപ്പിന്റെ കൂടി പ്രശ്‌നമാണ്. തുടർച്ചയായി മോശം പ്രകടനം നടത്തുന്ന ബ്രസീലിനു കോപ്പ അമേരിക്കയിൽ വിജയം നേടിയാലേ ഇപ്പോൾ ഉയർന്നു കൊണ്ടിരിക്കുന്ന ആരാധകരോഷത്തെ ശമിപ്പിക്കാൻ കഴിയൂ.

എന്തായാലും കോപ്പ അമേരിക്ക കിരീടം ലക്ഷ്യമിട്ട് നല്ല രീതിയിൽ തന്നെ ഒരുങ്ങാനാണ് ബ്രസീൽ ശ്രമിക്കുന്നത്. മാർച്ച് മാസത്തിൽ ഇംഗ്ലണ്ടുമായി സൗഹൃദ മത്സരത്തിൽ കളിക്കുമെന്ന് ബ്രസീൽ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമെ അവർ ഒരു മത്സരം കൂടി യൂറോപ്പിൽ കളിച്ചേക്കും. അതിനു ശേഷം കോപ്പ അമേരിക്കക്ക് മുൻപ് അവർ ടൂർണമെന്റിലെ പ്രധാന എതിരാളികളായി വരാൻ സാധ്യതയുള്ള അമേരിക്ക, മെക്‌സിക്കോ എന്നിവരുമായും മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ബ്രസീൽ മികച്ച ടീമുകളുമായി ഏറ്റുമുട്ടി കോപ്പ അമേരിക്കക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ മറുവശത്ത് അർജന്റീന ഒന്നും ചെയ്‌തിട്ടില്ല. മാർച്ച് മാസത്തിൽ അമേരിക്കയിൽ വെച്ച് സൗഹൃദമത്സരങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും എതിരാളികൾ ആരെന്ന് തീരുമാനിച്ചിട്ടില്ല. സ്വാഭാവികമായും കോപ്പ അമേരിക്കക്ക് മുൻപ് കളിക്കുന്ന മത്സരങ്ങളും തീരുമാനം ആയിട്ടില്ല.

ബ്രസീൽ കോപ്പ അമേരിക്കക്ക് മുൻപ് നല്ല രീതിയിലുള്ള തയ്യാറെടുപ്പ് നടത്തുന്നുണ്ട്. ടൂർണമെന്റിന് മുൻപ് കാർലോ ആൻസലോട്ടി പരിശീലകനായി എത്തുമെന്ന റിപ്പോർട്ടുകളും വരുന്നു. അതേസമയം അർജന്റീന മെല്ലെപ്പോക്ക് സമീപനമാണ് എടുക്കുന്നത്. ഈ രണ്ടു ടീമുകൾക്കും പുറമെ യുറുഗ്വായ്, കൊളംബിയ, അമേരിക്ക, മെക്‌സിക്കോ തുടങ്ങിയ ടീമുകളും കോപ്പ അമേരിക്ക കിരീടം നേടാൻ സാധ്യതയുള്ളവരാണ്.

Copa America 2024 Preparations Brazil Argentina