ഈ ആരാധകർ നൽകുന്ന പിന്തുണ സമാനതകളില്ലാത്തത്, ഗോവയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത് വമ്പൻ സ്വീകരണം | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകപ്പട കേരള ബ്ലാസ്റ്റേഴ്‌സിനു തന്നെയാണ്. ടീം പ്രവർത്തനം ആരംഭിച്ച് പത്ത് വർഷം മാത്രമേ ആയിട്ടുള്ളൂവെങ്കിലും അന്നുമുതൽ ഇന്നുവരെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ലബുകളെ വരെ പിന്നിലാക്കുന്ന ആരാധകപിന്തുണയാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുന്നത്. ഈ ആരാധകപ്പട കാരണം കൊണ്ടു തന്നെ ആഗോളതലത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ഖ്യാതി പരക്കുകയും ചെയ്‌തിട്ടുണ്ട്‌.

സ്വന്തം മൈതാനത്തു മാത്രമല്ല, എതിരാളികളുടെ മൈതാനത്തും ടീമിന് ബ്ലാസ്റ്റേഴ്‌സ് മികച്ച പിന്തുണയാണ് നൽകാറുള്ളത്. കഴിഞ്ഞ ദിവസം ഗോവയുടെ മൈതാനത്ത് നടന്ന മത്സരത്തിനു മുൻപ് ആരാധകർ നൽകിയ സ്വീകരണം അത്തരത്തിലുള്ള ഒന്നായിരുന്നു. മത്സരത്തിനായി സ്റ്റേഡിയത്തിലേക്ക് ടീം ബസ് വരുന്ന സമയത്താണ് മികച്ച സ്വീകരണം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകിയത്.

മത്സരത്തിനായി ഫറ്റോർഡ സ്റ്റേഡിയത്തിലേക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ടീം ബസ് വരുന്ന സമയത്ത് നൂറു കണക്കിന് ആരാധകർ ബാനറുമായി അവിടെയുണ്ടായിരുന്നു. അവർ മഞ്ഞയും നീലയും കലർന്ന സ്‌മോക്ക് സ്റ്റിക്കുകൾ ഉപയോഗിക്കുകയും ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചുമാണ് ടീമിനെ സ്വീകരിച്ചത്. ഇവാൻ വുകോമനോവിച്ച് അടക്കമുള്ളർ ആരാധകരെ അഭിവാദ്യം ചെയ്യുകയുമുണ്ടായി.

മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ടീമിന് നല്ല രീതിയിലുള്ള പിന്തുണ നൽകിയിരുന്നു. എന്നാൽ ആരാധകരുടെ പിന്തുണയ്ക്ക് അതുപോലെ പ്രതിഫലം നൽകാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. മത്സരത്തിൽ മോശം പ്രകടനമാണ് ടീം നടത്തിയത്. ഗോവയുടെ മാൻ മാർക്കിങ്ങിനു മറുപടി നൽകാൻ കഴിയാതെ ബ്ലാസ്റ്റേഴ്‌സ് തളർന്നപ്പോൾ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം ആതിഥേയർ സ്വന്തമാക്കി.

ലീഗിലെ ടോപ് സിക്‌സ് ടീമുകൾക്കെതിരെ മൂന്നു മത്സരം കളിച്ച ബ്ലാസ്റ്റേഴ്‌സ് അതിൽ ഒന്നിലും വിജയിച്ചിട്ടില്ല. രണ്ടെണ്ണത്തിൽ തോൽവി വഴങ്ങുകയും ചെയ്‌തു. ഇനി ഈ മാസം നടക്കാനുള്ള മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണവും ടോപ് സിക്‌സ് ടീമുകൾക്കെതിരെയാണ്. അടുത്ത മത്സരത്തിൽ പഞ്ചാബിനെ നേരിടുന്ന ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നിവർക്കെതിരെയും കളിക്കും.

Kerala Blasters Fans Welcomes Team In Goa