ആ നാല് സൈനിംഗുകൾ എന്തിനു വേണ്ടിയായിരുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെതിരെ ക്ലബിൽ പടയൊരുക്കം | Erik Ten Hag

ഡച്ച് ക്ലബായ അയാക്‌സിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിച്ച എറിക് ടെൻ ഹാഗ് പരിശീലകനായി എത്തിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു. കഴിഞ്ഞ സീസണിൽ ടീമിനെ മൂന്നാം സ്ഥാനത്തെത്തിച്ചും ഒരു കിരീടം നേടിക്കൊടുത്തും ആ പ്രതീക്ഷ അദ്ദേഹം വിപുലമാക്കി. വരുന്ന സീസണിൽ കൂടുതൽ മികച്ച പ്രകടനം ടീമിനുണ്ടാകുമെന്ന് ഏവരും കരുതി.

എന്നാൽ ഈ സീസണിലിതു വരെ പ്രതീക്ഷ നൽകുന്ന പ്രകടനമല്ല മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഉണ്ടായിരിക്കുന്നത്. പതിനാലു മത്സരങ്ങൾ കളിച്ച ക്ലബ് അതിൽ ആറെണ്ണത്തിലും തോൽവി വഴങ്ങി നിലവിൽ ലീഗിൽ ഏഴാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരുമായി ഒൻപത് പോയിന്റിന്റെ വ്യത്യാസമേയുള്ളൂവെങ്കിലും ടീമിന്റെ പ്രകടനം മുന്നേറുമെന്ന പ്രതീക്ഷ നൽകുന്നതല്ല.

അതിനിടയിൽ പരിശീലകനെതിരെ ക്ലബിനുള്ളിൽ അസ്വാരസ്യങ്ങൾ ആരംഭിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. സ്കൈ സ്പോർട്ട്സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പകുതിയോളം താരങ്ങൾക്കും ടെൻ ഹാഗിലുള്ള വിശ്വാസം നഷ്ടമായിട്ടുണ്ട്. ഹോളുണ്ട്, വെഗോസ്റ്റ്, ആന്റണി, മൗണ്ട് എന്നിങ്ങനെ അദ്ദേഹം വന്നതിനു ശേഷം നടത്തിയ സൈനിംഗുകൾ എന്തിനു വേണ്ടിയായിരുന്നു എന്ന സംശയവും ഉയരുന്നു.

ടെൻ ഹാഗിന്റെ പദ്ധതികളിലും പരിശീലനം നടത്തുന്നതിലുമെല്ലാം താരങ്ങൾ ആശങ്കയുണ്ട്. എന്തിനു വേണ്ടിയെന്നറിയാതെ അദ്ദേഹം താരങ്ങളെ ഒരുപാട് ഓടാൻ നിർബന്ധിക്കുന്നുണ്ടെന്ന് ചിലർ പരാതി പറയുന്നു. അതുപോലെ തന്നെ തന്റെ പദ്ധതികളിൽ മാത്രം ഏതു നേരവും ഉറച്ചു നിൽക്കുന്ന അദ്ദേഹത്തിന്റെ മനോഭാവം ഒരു റോബോട്ടിനെപ്പോലെയാണെന്നാണ് പലരും കരുതുന്നത്.

മാൻ മാനേജ്‌മെന്റിന്റെ കാര്യത്തിൽ ടെൻ ഹാഗിനുള്ള പ്രശ്‌നങ്ങളും താരങ്ങളെ അസ്വസ്ഥമാക്കുന്നു. ഒരു വിമർശനം നടത്തിയതിന്റെ പേരിൽ ജാഡൻ സാഞ്ചോയെ ടീമിന് പുറത്തിരുത്തിയത് പലരിലും അസ്വാരസ്യം ഉണ്ടാക്കുന്നുണ്ട്. ഇംഗ്ലീഷ് താരം യൂത്ത് ടീമിനൊപ്പമാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. തങ്ങളുടെ ആശങ്കകൾ ചില സീനിയർ താരങ്ങൾ പരിശീലകനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രശ്‌നങ്ങൾക്ക് ഇനിയും പരിഹാരമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. താരങ്ങളും പരിശീലകനും തമ്മിൽ അകൽച്ചയുണ്ടായാൽ അത് ടീമിന്റെ ഫോമിനെ കൂടുതൽ ബാധിക്കും. അങ്ങിനെ മുന്നോട്ടു പോയാൽ ചിലപ്പോൾ പരിശീലകനെ പുറത്താക്കുന്നതിലേക്ക് വരെ അത് നയിച്ചേക്കാം. എന്തായാലും ആരാധകർക്ക് സുഖകരമായ സാഹചര്യമല്ല ടീമിലുള്ളത്.

Erik Ten Hag Lost Dressing Room Support