മികച്ച ലീഗിൽ കളിക്കണം, ലോകകപ്പ് നേടിയ അർജന്റീന താരം യൂറോപ്പിലേക്ക് ചേക്കേറുന്നു | Almada

അർജന്റീനയുടെ ഭാവിതാരമായി കണക്കാക്കപ്പെടുന്നവരിൽ പ്രധാനിയാണ് തിയാഗോ അൽമാഡ. നിരവധി താരങ്ങൾക്ക് പരിക്കേറ്റതിനാൽ കഴിഞ്ഞ ലോകകപ്പിൽ അവസാനനിമിഷം ടീമിലിടം നേടിയ താരം അർജന്റീനയുടെ കിരീടനേട്ടത്തിൽ പങ്കാളിയായിരുന്നു. എന്നാൽ അർജന്റീനക്ക് വേണ്ടി അധികം മത്സരങ്ങളിൽ താരം കളിച്ചില്ല. ആകെ പോളണ്ടിനെതിരായ മത്സരത്തിൽ മാത്രമാണ് താരം ഇറങ്ങിയത്.

എന്നാൽ ക്ലബ് തലത്തിൽ മിന്നുന്ന പ്രകടനമാണ് ഇരുപത്തിരണ്ടുകാരനായ താരം നടത്തുന്നത്. അമേരിക്കൻ ലീഗിൽ അറ്റ്‌ലാന്റാ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന താരം ഈ സീസണിൽ ടീമിനായി നേടിയത് പന്ത്രണ്ടു ഗോളുകളും പതിനാറു അസിസ്റ്റുകളുമാണ്. ക്ലബിനായി നടത്തിയ മികച്ച പ്രകടനം അമേരിക്കൻ ലീഗിൽ ഈ സീസണിലെ മികച്ച യുവതാരമായി അൽമാഡ തിരഞ്ഞെടുക്കപ്പെടാനും കാരണമായി.

എന്നാൽ എംഎൽഎസിലെ അൽമാഡയുടെ നാളുകൾ കഴിഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം താരം നടത്തിയ വെളിപ്പെടുത്തലിൽ നിന്നും വ്യക്തമാകുന്നത്. തനിക്ക് യൂറോപ്പിലേക്ക് ചേക്കേറാനുള്ള ആഗ്രഹം താരം നൽകിയ അഭിമുഖത്തിൽ പ്രകടിപ്പിക്കുകയുണ്ടായി. എംഎൽഎസ് സീസൺ അവസാനിച്ചതിനാൽ ജനുവരിയിൽ തന്നെ അമേരിക്ക വിടാൻ സാധ്യതയുള്ള താരം പരിഗണിക്കുന്ന ലീഗുകളും വ്യക്തമാക്കി.

“എനിക്ക് യൂറോപ്പിലേക്ക് പോകണം. അതെ, ഇനി വരാനിരിക്കുന്ന ട്രാൻസ്‌ഫർ ജാലകത്തിൽ എനിക്ക് യൂറോപ്യൻ ലീഗിലെത്തണം. എനിക്ക് ഏത് മികച്ച ലീഗായാലും കുഴപ്പമില്ല, എന്നാൽ അത് പ്രീമിയർ ലീഗോ ലാ ലിഗയോ ആകണമെന്നാണ് ആഗ്രഹം. എന്നാൽ ഏത് മികച്ച ലീഗും എനിക്ക് കുഴപ്പമില്ല. അയാക്‌സിൽ നിന്നും ഓഫർ വന്നിരുന്നെങ്കിലും അത് നടന്നില്ല.” അൽമാഡ പറഞ്ഞു.

അതേസമയം യൂറോപ്പിൽ നിന്നും ഏതെങ്കിലും ക്ലബ് 2025 വരെ കരാറുള്ള താരത്തിനായി രംഗത്തുണ്ടോ എന്ന കാര്യം വ്യക്തമല്ല. അടുത്തിടെ റിക്വൽമി അടക്കം പ്രശംസിച്ച താരമാണ് അൽമാഡ. യൂറോപ്പിലെ മികച്ച ക്ളബുകളിലേക്ക് ചേക്കേറിയാൽ കരിയർ കൂടുതൽ മികച്ചതാക്കാൻ താരത്തിന് കഴിയും. വരാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ടീമിൽ സ്ഥിരസാന്നിധ്യമാകാനും അതിലൂടെ കഴിയും.

Thiago Almada Wants To Go To Europe