ഫുട്ബോൾ ലോകത്തു നിന്നും ഇതാദ്യം, ടൈം മാഗസിൻ അത്‌ലറ്റ് ഓഫ് ദി ഇയർ സ്വന്തമാക്കി ലയണൽ മെസി | Messi

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസി കരിയറിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ താരമാണ്. ലോകകപ്പ് കൂടി നേടിയാൽ കരിയർ പരിപൂർണതയിൽ എത്തുമെന്നിരിക്കെ കഴിഞ്ഞ ഖത്തർ ലോകകപ്പിൽ അവിശ്വസനീയമായ പ്രകടനം നടത്തി കിരീടം ടീമിന് സ്വന്തമാക്കി നൽകാൻ മെസിക്ക് കഴിഞ്ഞു. ഇതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി ഏവരും മെസിയെ വാഴ്ത്തുന്നു.

ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷം മെസിയെത്തേടി നിരവധി പുരസ്‌കാരങ്ങളാണ് വന്നത്. ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മെസി അതിനു പിന്നാലെ കായികരംഗത്തെ ഓസ്‌കാർ എന്ന പേരിൽ അറിയപ്പെടുന്ന ലോറിസ് അവാർഡും സ്വന്തമാക്കി. ഈ വർഷത്തെ ബാലൺ ഡി ഓർ സ്വന്തമാക്കി അവയുടെ എണ്ണം എട്ടാക്കിയ മെസി കഴിഞ്ഞ ദിവസം മറ്റൊരു പുരസ്‌കാരം കൂടി നേടിയിട്ടുണ്ട്.

ടൈം മാഗസിന്റെ 2023ലെ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരമാണ് ലയണൽ മെസിയെ തേടിയെത്തിയത്. ഇതാദ്യമായാണ് ഒരു ഫുട്ബോൾ താരം ടൈം മാഗസിന്റെ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കുന്നത്. യൂറോപ്പ് വിട്ട് അമേരിക്കയിലേക്ക് ചേക്കേറിയതും ഈ പുരസ്‌കാരം നേടാൻ മെസിയെ സഹായിച്ചിട്ടുണ്ട്. ഹാലാൻഡ് ദ്യോക്കോവിച്ച് എന്നിവരെയാണ് മെസി പുരസ്‌കാരനേട്ടത്തിനായി മറികടന്നത്.

കളിക്കളത്തിലും പുറത്തും ലയണൽ മെസിയുണ്ടാക്കുന്ന പ്രഭാവമാണ് ഈ പുരസ്‌കാരം നേടാൻ കാരണമായത്. കഴിഞ്ഞ വർഷം ലോകകപ്പ് നേടിയ ലയണൽ മെസി അതിനു ശേഷം അമേരിക്കയിലേക്ക് ചേക്കേറി അവിടെ വലിയ വിപ്ലവം സൃഷ്‌ടിച്ചിരുന്നു. താരത്തിന്റെ വരവോടെ അമേരിക്കൻ ഫുട്ബോളിന്റെ വരുമാനത്തിലും സാമ്പത്തികമായ കാര്യങ്ങളിലും വലിയ രീതിയിലുള്ള കുതിച്ചുകയറ്റം ഉണ്ടായിട്ടുണ്ട്.

അമേരിക്കയിൽ മികച്ച പ്രകടനം നടത്തിയ മെസി ക്ലബിന് ആദ്യത്തെ കിരീടം സ്വന്തമാക്കി നൽകിയെങ്കിലും പരിക്ക് പലപ്പോഴും വില്ലനായി മാറിയിരുന്നു. കഴിഞ്ഞ സീസണിന്റെ പകുതിയിൽ എംഎൽഎസിൽ എത്തിയ താരം പുതിയ സീസണിനായി ഒരുങ്ങുകയാണ്. ഫെബ്രുവരിയിലാണ് പുതിയ സീസൺ ആരംഭിക്കുക. അതിനു പുറമെ വരുന്ന വർഷം അമേരിക്കയിൽ വെച്ച് നടക്കുന്ന കോപ്പ അമേരിക്കയും മെസി ലക്ഷ്യമിടുന്നു.

Messi Won Time Magazine Athlete Of The Year