ആറു കോടിയുടെ ട്രാൻസ്‌ഫറിൽ ഇവാൻ മുംബൈ സിറ്റിയിലേക്ക്, സോഷ്യൽ മീഡിയയിൽ ശക്തമാകുന്ന അഭ്യൂഹങ്ങളിലെ യാഥാർത്ഥ്യമെന്ത് | Vukomanovic

കേരള ബ്ലാസ്റ്റേഴ്‌സിന് കിരീടം സ്വന്തമാക്കി നൽകുകയെന്ന വലിയ ലക്‌ഷ്യം ഇതുവരെ നടപ്പായില്ലെങ്കിൽ പോലും ടീമിനെക്കൊണ്ട് ഏറ്റവും സ്ഥിരതയുള്ള പ്രകടനം നടത്തിച്ച പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. ആദ്യത്തെ സീസണിൽ ടീമിനെ ഫൈനലിലെത്തിച്ച അദ്ദേഹത്തിന് കീഴിൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കളിച്ചു. അതുകൊണ്ടു തന്നെ ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനും കൂടിയാണ് അദ്ദേഹം.

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വരുന്ന റിപ്പോർട്ടുകൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്. ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ഡസ് ബക്കിങ്ഹാം മുംബൈ സിറ്റി വിട്ട് ഓക്സ്ഫോഡ് യുണൈറ്റഡിലേക്ക് ചേക്കേറിയതിനു പകരക്കാരനായി ഇവാൻ വുകോമനോവിച്ച് ആറു കോടി രൂപയുടെ ട്രാൻസ്‌ഫറിൽ എത്തുമെന്നാണ് അഭ്യൂഹങ്ങൾ.

എന്നാൽ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുമ്പോഴും അതിനുള്ള സാധ്യത തീരെയില്ലെന്നാണ് അനുമാനിക്കേണ്ടത്. ഈ സീസൺ തുടങ്ങിയതിനു ശേഷം ഇവാൻ വുകോമനോവിച്ച് തന്നെ പറഞ്ഞത് കേരള ബ്ലാസ്റ്റേഴ്‌സിനോടും അവരുടെ ആരാധകരോടും വളരെയധികം അടുപ്പമുണ്ടെന്നും ഒരിക്കലും ഇന്ത്യയിൽ മറ്റൊരു ടീമിനെ താൻ പരിശീലിപ്പിക്കില്ലെന്നുമാണ്. അങ്ങിനെ പറഞ്ഞ ആശാൻ ക്ലബ് വിടാൻ സാധ്യതയില്ല.

അതേസമയം നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകളിൽ ആശങ്ക തുടരുകയാണ്. ജനുവരിയിൽ ഇവാൻ വുകോമനോവിച്ച് മുംബൈ സിറ്റിയുടെ പരിശീലകനായി എത്തുമെന്ന് അദ്ദേഹത്തിന്റെ ഏജന്റുമാരായ പാ റോഡിയും ജോയെ കിങ്ങും സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. അതിനൊപ്പം മുംബൈ സിറ്റി പുതിയ പരിശീലകനെ കണ്ടെത്തിയെന്ന് വ്യക്തമാക്കിയ മാർക്കസ് മെർഗുലാവോ അതാരാണെന്ന് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.

നിലവിൽ പരിശീലകനില്ലാത്ത മുംബൈ സിറ്റി പുതിയ മാനേജറെ കണ്ടെത്തിയെന്നു പറയുമ്പോഴും അതാരാണെന്ന കാര്യത്തിൽ യാതൊരു സൂചനയും ലഭിക്കാത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. ഇവാന്റെ കാര്യം തീരുമാനിച്ച് അത് ആരാധകരിലേക്ക് എത്താതെ മറച്ചു പിടിക്കുകയാണോ എന്ന ആശങ്ക നിലവിലുണ്ട്. എന്തായാലും മുംബൈ സിറ്റി പുതിയ പരിശീലകനെ പ്രഖ്യാപിച്ചാൽ മാത്രമേ ഇതിനൊരു അവസാനമുണ്ടാകൂ.

Vukomanovic To Mumbai City Rumours Getting Strong