ഐഎസ്എല്ലിലെ മികച്ച ഗോളിനുള്ള പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരങ്ങൾ, എതിരാളികളും നിസാരക്കാരല്ല | ISL

ഇന്ത്യൻ സൂപ്പർ ലീഗിൽ മാച്ച്‍വീക്ക് ഏട്ടിലെ മികച്ച ഗോളിന് വേണ്ടി മത്സരിക്കുന്നവരിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആധിപത്യം. ആകെ നാല് ഗോളുകൾ വോട്ടിങ്ങിനായി ഇട്ടതിൽരണ്ടു ഗോളുകളും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടേതാണ്. ഇതിനു പുറമെ ഈസ്റ്റ് ബംഗാൾ, പഞ്ചാബ് എഫ്‌സി എന്നീ ടീമുകളിലെ താരങ്ങൾ നേടിയ ഗോളുകളുമുണ്ട്. വോട്ടിങ്ങിലൂടെയാണ് മികച്ച ഗോൾ തിരഞ്ഞെടുക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഗോളുകൾ രണ്ടും ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിൽ പിറന്നതാണ്. ബ്ലാസ്റ്റേഴ്‌സിനായി ആദ്യത്തെ ഗോൾ നേടിയ ക്വാമേ പെപ്രയാണ് ലിസ്റ്റിലുള്ള ഒരു താരം. മത്സരത്തിന്റെ ആദ്യപകുതിയിൽ ടീമിന്റെ തിരിച്ചുവരവിന് തുടക്കമിട്ട ഗോൾ താരം നേടിയത് ബോക്‌സിന്റെ പുറത്തു നിന്നുമുള്ള ഒരു ഇടംകാൽ ഷോട്ടിലൂടെയാണ്. അതിനു മുൻപ് ലൂണയുടെ പാസ് താരം കാലിൽ ഒതുക്കിയതും മനോഹരമായാണ്.

മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ ദിമിത്രിയോസിന്റെ രണ്ടാമത്തെ ഗോളാണ് ലിസ്റ്റിലുള്ള മറ്റൊന്ന്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ടീമിനായി ദിമിത്രിസ് നേടിയ സമനില ഗോൾ അതിമനോഹരമായ ഒന്നായിരുന്നു. ഡാനിഷിന്റെ പാസ് ബോക്‌സിന് വെളിയിൽ വെച്ച് ഒന്നൊതുക്കിയ താരം അതിനു ശേഷം പോസ്റ്റിന്റെ മൂലയിലേക്ക് അത് തൊടുത്തു വിടുകയായിരുന്നു. ഗോൾകീപ്പർക്ക് അതിൽ യാതൊന്നും ചെയ്യാൻ ഇല്ലായിരുന്നു.

ഇതിനു പുറമെ ഈസ്റ്റ് ബംഗാൾ താരമായ ബോർഹ ഹെരേര നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നേടിയ ഗോളും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പുതിയതായി വന്ന ടീമായ പഞ്ചാബ് എഫ്‌സി താരമായ ലൂക്ക മെയ്‌സൻ ബെംഗളൂരുവിനെതിരെ നേടിയ ഗോളുമാണ് ലിസ്റ്റിലുള്ളത്. ഈ രണ്ടു ഗോളുകളും മനോഹരമായതു തന്നെയാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുള്ള വോട്ടെടുപ്പിൽ മറ്റു ടീമിലെ താരങ്ങൾ വിജയിക്കുക പതിവില്ല.

എന്നാൽ ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയുണ്ട്. മണിക്കൂറുകൾ മാത്രം പോൾ ബാക്കി നിൽക്കെ നിലവിൽ ദിമിത്രിയോസാണ് ലീഡ് ചെയ്യുന്നത്. എന്നാൽ അതിനു പിന്നാലെ തന്നെ ഈസ്റ്റ് ബംഗാൾ താരവുമുണ്ട്. 43 ശതമാനത്തിലധികം വോട്ടുകൾ ഗ്രീക്ക് താരം ഇതുവരെ നേടിയപ്പോൾ 39 ശതമാനം വോട്ടുകൾ നേടി ഈസ്റ്റ് ബംഗാൾ താരം തൊട്ടു പിന്നിൽ വലിയ വെല്ലുവിളിയുമായി നിൽക്കുന്നുണ്ട്.

ISL Goal Of The Week Peprah Dimitrios Listed