മാഞ്ചസ്റ്റർ സിറ്റി തന്നെ പ്രീമിയർ ലീഗ് നേടും, എതിരാളികൾക്ക് മുന്നറിയിപ്പുമായി പെപ് ഗ്വാർഡിയോള | Guardiola

കഴിഞ്ഞ സീസണിൽ ആഴ്‌സനലിന്റെ കുതിപ്പിനെ അവസാനത്തെ ലാപ്പിൽ മറികടന്നാണ് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നത്. ജനുവരി ആരംഭിച്ചതിനു ശേഷം ആഴ്‌സണൽ പോയിന്റ് നഷ്‌ടമാക്കി തുടങ്ങിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി മികച്ച പ്രകടനം നടത്തി മുന്നേറി. ആ കുതിപ്പിൽ പ്രീമിയർ ലീഗ് മാത്രമല്ല, ചാമ്പ്യൻസ് ലീഗും എഫ്എ കപ്പുമടക്കം ട്രെബിൾ കിരീടങ്ങൾ അവർ സ്വന്തമാക്കി.

കഴിഞ്ഞ സീസണിലെ പിഴവ് ആവർത്തിക്കരുതെന്ന കരുതൽ ഈ സീസണിൽ ആഴ്‌സണലിനുണ്ട്. കഴിഞ്ഞ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ല്യൂട്ടൻ ടൗണിനെതിരെ അവർ പൊരുതി നേടിയ വിജയം അതിന്റെ തെളിവാണ്. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നതും ആഴ്‌സണലാണ്. എന്നാൽ ഇത്തവണ പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റി തന്നെ നേടുമെന്നാണ് ഗ്വാർഡിയോള വിശ്വസിക്കുന്നത്.

“എല്ലാ നേടണമെന്ന അതിയായ ആഗ്രഹം താരങ്ങൾക്കുണ്ട്. ആ നിലവാരം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞാൽ ഞങ്ങൾ തന്നെ പ്രീമിയർ ലീഗ് കിരീടം നേടുമെന്ന വിശ്വാസം എനിക്കുണ്ട്. ഞങ്ങൾക്കത് വീണ്ടും വിജയിക്കാൻ കഴിയും. ലിവർപൂളിനും ടോട്ടനത്തിനുമെതിരെ ഞങ്ങൾ കളിച്ച മത്സരങ്ങളിൽ കാത്തുസൂക്ഷിച്ച നിലവാരം നിലനിർത്താൻ കഴിഞ്ഞാൽ ഞങ്ങൾ ലീഗ് വിജയിക്കുമെന്ന് ഞാൻ എഴുതിയൊപ്പിട്ടു തരാൻ തയ്യാറാണ്.”

“ഞങ്ങൾ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വിജയിക്കുകയല്ല ചെയ്‌തിരിക്കുന്നത്‌, സമനിലയിൽ പിരിയുകയാണ് ചെയ്‌തത്‌. എന്നാൽ അവസാനത്തെ രണ്ടു മത്സരങ്ങളിൽ എന്റെ ടീമിന്റെ മനോഭാവം കണ്ടാൽ ഞാൻ എഴുതിയൊപ്പിട്ടു തരാം. എന്നാൽ സീസൺ മുഴുവൻ ഞങ്ങൾക്കത് നിലനിർത്താൻ കഴിയുമോ എന്നറിയില്ല, അതാണ് മുന്നിലുള്ള പ്രധാനപ്പെട്ട വെല്ലുവിളിയും.” ഗ്വാർഡിയോള പറഞ്ഞു.

ഒരു മത്സരം കൂടുതൽ കളിച്ച ആഴ്‌സണൽ 36 പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ 31 പോയിന്റുമായി ലിവർപൂൾ രണ്ടാമതും 30 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി മൂന്നാമതുമാണ്. കെവിൻ ഡി ബ്രൂയ്ൻ പരിക്കേറ്റു പുറത്തായത് സിറ്റിയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ഡിസംബർ അവസാനമോ ജനുവരിയിലോ താരം തിരിച്ചു വരുമെന്നതിനാൽ മാഞ്ചസ്റ്റർ സിറ്റിക്ക് കുതിപ്പ് കാണിക്കാൻ കഴിയും.

Guardiola Confident Man City Will Win Premier League