അർജന്റീന എങ്ങിനെയാണത് കൈകാര്യം ചെയ്‌തതെന്ന്‌ ഗ്വാർഡിയോള ചോദിച്ചു, ലോകകപ്പിനു ശേഷം തനിക്കു വന്ന ഫോൺകോൾ വെളിപ്പെടുത്തി ഒട്ടമെൻഡി | Argentina

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ പ്രകടനം അവിശ്വസനീയമായ ഒന്നായിരുന്നു. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ഏവരും എഴുതിത്തള്ളിയ ടീം കിരീടം നേടുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാൽ മെക്‌സിക്കോയുമായി നടന്ന രണ്ടാമത്തെ മത്സരത്തിൽ ലയണൽ മെസി നേടിയ ഗോളിൽ എല്ലാം മാറിമറിഞ്ഞു. അവിടെ നിന്നും ഉയർത്തെഴുന്നേറ്റാണ് അർജന്റീന ലോകകപ്പ് കിരീടം പടവെട്ടി നേടിയെടുത്തത്.

അതിൽ തന്നെ അർജന്റീനയുടെ രണ്ടു മത്സരങ്ങൾ അവിശ്വസനീയമായിരുന്നു. ഹോളണ്ടിനെതിരായ ക്വാർട്ടർ ഫൈനലിലും ഫ്രാൻസിനെതിരായ ഫൈനലിലും രണ്ടു ഗോളിന്റെ ലീഡ് സ്വന്തമാക്കിയ അർജന്റീന അവസാന നിമിഷങ്ങളിൽ അത് കളഞ്ഞു കുളിച്ച് ഒടുവിൽ മത്സരം ഷൂട്ടൗട്ടിലേക്ക് പോകുന്ന സാഹചര്യം ഉണ്ടായി. എന്നാൽ ആ രണ്ടു ഷൂട്ടൗട്ടിലും എമിലിയാനോ മാർട്ടിനസിന്റെ കരങ്ങൾ ടീമിന് വിജയം നേടിക്കൊടുത്തു.

എത്ര വലിയ പ്രതിസന്ധിയിലേക്ക് പോയാലും തോൽവി സമ്മതിക്കാതെ വിജയത്തിനു വേണ്ടി പൊരുതുന്ന അർജന്റീനയുടെ ഈ മനോഭാവം ആരാധകരിൽ പലർക്കും അവിശ്വസനീയമായ ഒന്നായിരുന്നു. എന്നാൽ ആരാധകർ മാത്രമല്ല, മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള വരെ അർജന്റീനയുടെ ഈ മനോഭാവത്തിൽ അമ്പരന്നുവെന്നാണ് ടീമിന്റെ പ്രതിരോധതാരം ഒട്ടമെന്റി പറയുന്നത്.

“ലോകകപ്പിനു ശേഷം പെപ് ഗ്വാർഡിയോള എന്നെ വിളിച്ചിരുന്നു. രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയതിനു ശേഷം ആ ലീഡ് പൂർണമായും കളഞ്ഞു കുളിച്ചിട്ടും അധികസമയത്ത് ആവേശത്തോടെ പൊരുതാനും മത്സരഫലം അനുകൂലമാക്കാനുമുള്ള ആ മനോഭാവം എങ്ങിനെ അർജന്റീനക്ക് ലഭിച്ചുവെന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്.” മുൻ മാഞ്ചസ്റ്റർ സിറ്റി താരം കൂടിയായ ഓട്ടമെന്റി പറഞ്ഞു.

അർജന്റീനയുടെ അവിശ്വസനീയമായ മനോഭാവം തന്റെ ടീമിലേക്ക് പകർന്നു നൽകാൻ വേണ്ടിയായിരിക്കാം ഗ്വാർഡിയോള അതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ടാവുക. ഓട്ടമെന്റി അതിനു എന്ത് മറുപടി നൽകിയെന്ന് അറിയില്ലെങ്കിലും അതിനു ശേഷം മാഞ്ചസ്റ്റർ സിറ്റി നടത്തിയ പ്രകടനവും മികച്ചതായിരുന്നു. ആദ്യമായി ചാമ്പ്യൻസ് ലീഗും ട്രെബിൾ കിരീടങ്ങളും നേടാൻ കഴിഞ്ഞ സീസണിൽ അവർക്ക് കഴിഞ്ഞു.

Guardiola Asked About Argentina Mentality In World Cup