ക്ലബിനു പിന്തുണ നൽകേണ്ട ആരാധകർക്കിടയിൽ എന്താണ് സംഭവിക്കുന്നത്, ബ്ലാസ്റ്റേഴ്‌സ് ഫാൻ ഗ്രൂപ്പുകളിലെ അസ്വാരസ്യം മറനീക്കി പുറത്ത്| Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഓരോ സീസണിലും കൂടുതൽ കൂടുതൽ മികച്ച രീതിയിൽ സംഘടിതരാകാൻ ആരാധകർക്ക് കഴിയുന്നുണ്ട്. ഇതുവരെയും ബ്ലാസ്റ്റേഴ്‌സ് കിരീടമൊന്നും നേടിയില്ലെങ്കിലും ആരാധകർ എന്ന നിലയിൽ അവരുടെ ശക്തി തകർക്കാൻ കഴിയാത്തതാണ്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ആരാധകരായി അവർ മാറുന്നുണ്ട്.

അതേസമയം കേരളത്തിനും ഇന്ത്യൻ ഫുട്ബോളിനും അഭിമാനമായി മാറുന്ന ഈ ആരാധകർ തമ്മിലുള്ള പ്രശ്‌നങ്ങൾ മറനീക്കി പുറത്തു വരികയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരിലെ രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ആർമി എന്ന ഫാൻ ഗ്രൂപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത ഔദ്യോഗിക പ്രസ്‌താവന ഇതിനുള്ള തെളിവാണ്.

കലൂർ സ്റ്റേഡിയത്തിലെ വെസ്റ്റ് ഗ്യാലറിയിലെ പ്രവർത്തനങ്ങൾക്ക് വർഷങ്ങളായി നേതൃത്വം നൽകുന്നത് ബ്ലാസ്റ്റേഴ്‌സ് ആർമി ആണെന്നും, കഴിഞ്ഞ ദിവസം മറ്റൊരു ഫാൻ ഗ്രൂപ്പ് അവരുടെ പ്രവർത്തനങ്ങൾ വെസ്റ്റ് ഗ്യാലറിയിലേക്ക് വ്യാപിപ്പിക്കാൻ പോവുകയാണെന്നു പറഞ്ഞത് തെറ്റാണെന്നുമാണ് പ്രസ്‌താവനയിൽ പറയുന്നത്. വെസ്റ്റ് ഗ്യാലറിയിൽ ടിക്കറ്റുകൾ അവർ ഓഫ്‌ലൈൻ വിൽപ്പന നടത്താൻ സാധ്യതയുണ്ടെന്നും എന്നാൽ ഫാൻ ആക്റ്റിവിറ്റികൾ ബ്ലാസ്റ്റേഴ്‌സ് ആർമി തന്നെയാണ് ചെയ്യുകയെന്നും പ്രസ്‌താവന വ്യക്തമാക്കുന്നു.

ഫാൻ ആക്റ്റിവിറ്റികൾ നന്നായി നടക്കുന്ന വെസ്റ്റ് ഗ്യാലറിയിലേക്ക് വരാനുള്ള മറ്റേ ഫാൻ ഗ്രൂപ്പിന്റെ പദ്ധതി നല്ല ഉദ്ദേശത്തോടെയല്ലെന്നും സ്റ്റേഡിയത്തിലെ അന്തരീക്ഷം മികച്ചതാക്കാനാണു ഉദ്ദേശമെങ്കിൽ നോർത്ത്, സൗത്ത് ഗ്യാലറിയിലേക്കും മറ്റു ബ്ലോക്കുകളിലേക്കും അവരുടെ പരിപാടികൾ വ്യാപിക്കുകയാണ് വേണ്ടതെന്നും അവർ പറയുന്നു. പരസ്‌പരബഹുമാനത്തോടെ മുന്നോട്ടു പോകണമെന്നും അവർ വ്യക്തമാക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച ആരാധകക്കൂട്ടമായ മഞ്ഞപ്പടയെയാണ് ഇവർ ഉദ്ദേശിച്ചതെന്നാണ് വ്യക്തമാകുന്നത്. പ്രസ്‌താവന ഇറക്കിയതിനു പിന്നാലെ അതിന്റെ ഭാഗമായി ചർച്ചകൾ നടക്കുന്നുണ്ട്. നല്ല രീതിയിലുള്ള ഫാൻ ആക്റ്റിവിറ്റികൾ ബ്ലാസ്റ്റേഴ്‌സ് ആർമി നേതൃത്വം നൽകുന്ന ഗ്യാലറിയിൽ നടക്കുന്നില്ലെന്നും മഞ്ഞപ്പട നേതൃത്വത്തിലേക്ക് വരാൻ കഴിയാത്തതിന്റെ ചൊരുക്കാണ് ഇതെന്നും ചിലർ ആരോപിക്കുന്നു.

അതേസമയം രാഷ്ട്രീയപാർട്ടികൾ പോലെ ഒരു ടീമിന്റെ ആരാധകക്കൂട്ടം വ്യത്യസ്‌ത വിഭാഗങ്ങളായി തിരിഞ്ഞ് പോരിടുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേർക്കുമുള്ളത്. രണ്ടു കൂട്ടരും ഒരുമിച്ചു നിന്നു കൊണ്ട് വരാനിരിക്കുന്ന മത്സരങ്ങളിലെല്ലാം ഗംഭീരമായി ടീമിനെ പിന്തുണച്ച് ലോകത്തിന്റെ ശ്രദ്ധയിലേക്ക് ഈ ടീമിനെ നയിക്കണമെന്ന് ഏവരും ചൂണ്ടിക്കാട്ടുന്നു.

Kerala Blasters Fan Groups Fight Over Gallery