സൗദി അറേബ്യയിലേക്ക് ചേക്കേറാൻ മെസി ഒരുപാട് ആഗ്രഹിച്ചിരുന്നു, അർജന്റീന നായകൻറെ വെളിപ്പെടുത്തൽ | Messi

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏവരും ഉറ്റു നോക്കിയ ഒന്നാണ് ലയണൽ മെസിയുടെ ട്രാൻസ്‌ഫർ. ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ താരത്തെ നിലനിർത്താൻ പിഎസ്‌ജി ശ്രമിച്ചെങ്കിലും താരം അതിനു തയ്യാറായില്ല. മെസി പിഎസ്‌ജിയുമായി കരാർ പുതുക്കുന്നില്ലെന്ന് വ്യക്തമായതോടെയാണ് ട്രാൻസ്‌ഫർ അഭ്യൂഹങ്ങളും ശക്തമായത്. നിരവധി ക്ലബുകളുമായി താരത്തെ ബന്ധപ്പെടുത്തി വാർത്തകൾ വന്നു.

മെസിയുടെ മുൻ ക്ലബായ ബാഴ്‌സലോണ, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചില ക്ലബുകൾ, ഇറ്റലിയിൽ നിന്നുമുള്ള ക്ലബുകൾ, സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ എന്നിവരെല്ലാം അഭ്യൂഹങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ച് മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്കാണ് ചേക്കേറിയത്. കഴിഞ്ഞ ദിവസം ടൈം മാഗസിനോട് സംസാരിക്കുമ്പോൾ അതിന്റെ കാരണം താരം വ്യക്തമാക്കി.

“സത്യമെന്താണെന്ന് വെച്ചാൽ എനിക്ക് താൽപര്യമുണ്ടാക്കിയ ഒരുപാട് ഓഫറുകൾ ഉണ്ടായിരുന്നു. അതെല്ലാം ഞാൻ പരിശോധിച്ച് എന്റെ കുടുംബത്തിന് കൂടി അനുയോജ്യമാണോയെന്നു നോക്കിയാണ് മിയാമിയിലേക്ക് വരികയെന്ന അവസാനത്തെ തീരുമാനം എടുത്തത്. ബാഴ്‌സലോണയിലേക്ക് തിരികെ പോവുക എന്നതായിരുന്നു എന്റെ ഏറ്റവും ആദ്യത്തെ താൽപര്യം, എന്നാൽ അത് അസാധ്യമായ ഒന്നായിരുന്നു. ഞാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല.”

“അതിനു ശേഷം ഞാൻ സൗദി അറേബ്യൻ ലീഗിലേക്ക് പോകുന്നതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചുവെന്നതും സത്യം തന്നെയാണ്. എനിക്കാ രാജ്യത്തെ അറിയാം, അവർ വളരെ കരുത്തുറ്റ ഒരു മത്സരം ഉണ്ടാക്കുന്നുണ്ടെന്നും ഭാവിയിൽ തന്നെ ലോകത്തിലെ ഏറ്റവും മികച്ച ലീഗായി മാറുമെന്നും എനിക്കറിയാമായിരുന്നു. ഒടുവിൽ സൗദി അറേബ്യ അല്ലെങ്കിൽ എംഎൽഎസ് എന്നായിരുന്നു എന്റെ മനസിൽ. രണ്ടിലും എനിക്ക് വലിയ താൽപര്യം ഉണ്ടായിരുന്നു.” മെസി വ്യക്തമാക്കി.

ലയണൽ മെസി സൗദിയെ തഴഞ്ഞ് അമേരിക്കയിലേക്ക് പോയത് ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലെ ആരാധകർക്കാണ് നിരാശ നൽകിയത്. ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് ഏറ്റവുമധികം പിന്തുണ നൽകിയത് ഏഷ്യൻ രാജ്യങ്ങളിലെ ആരാധകരാണ്. അവിടെ മെസി കളിച്ചിരുന്നെങ്കിൽ താരത്തിന് അവിസ്‌മരണീയമായ അനുഭവമായേനെ. അതിനു പുറമെ മെസി, റൊണാൾഡോ പോരാട്ടവും ആരാധകർക്ക് കാണാമായിരുന്നു.

Messi Admits He Tempted To Join Saudi Arabia