ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് ക്ഷമ ചോദിച്ച് മോഹൻ ബഗാൻ ആരാധകർ, ക്രിസ്റ്റൽ ജോണിനെതിരെ പ്രതിഷേധം ശക്തമാകുന്നു | Mohun Bagan

കേരളം ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നും രോഷത്തോട് കൂടി ഓർക്കുന്ന പേരാണ് റഫറി ക്രിസ്റ്റൽ ജോണിന്റേത്. കഴിഞ്ഞ സീസണിൽ ബെംഗളൂരുവുമായുള്ള പ്ലേ ഓഫ് മത്സരത്തിൽ ക്രിസ്റ്റൽ ജോൺ എടുത്ത മണ്ടൻ തീരുമാനം ഒരിക്കലും പൊറുക്കാൻ കഴിയാത്തതാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എൽ മോഹങ്ങളെ പൂർണമായും ഇല്ലാതാക്കിയതും അദ്ദേഹം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.

ക്രിസ്റ്റൽ ജോണിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ അതിരൂക്ഷമായ വിമർശനമാണ് ആ മത്സരത്തിന് ശേഷം നടത്തിയത്. അന്നു ബ്ലാസ്‌റ്റേഴ്‌സിനെ എതിർടീമിന്റെ ആരാധകർ പലരും കളിയാക്കിയിരുന്നു. എന്നാൽ ഇന്നലെ നടന്ന മത്സരത്തിനു ശേഷം മോഹൻ ബഗാന്റെ ആരാധകർ ക്രിസ്റ്റൽ ജോണിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊപ്പമാണ്. അത്രയധികം അബദ്ധങ്ങളാണ് മത്സരത്തിൽ റഫറി കാണിച്ചു കൂട്ടിയത്.

മത്സരത്തിൽ ഏറ്റവും ചുരുങ്ങിയത് നാല് അബദ്ധങ്ങൾ ക്രിസ്റ്റൽ ജോൺ വരുത്തിയിട്ടുണ്ടെന്നാണ് മോഹൻ ബഗാൻ ആരാധകർ ആരോപിക്കുന്നത്. ജാഹു കുമ്മിൻസിനെ ഫൗൾ ചെയ്‌തതിനെ തുടർന്ന് അർഹിച്ചിരുന്ന പെനാൽറ്റി നൽകിയില്ലെന്നും ഗെഹ്‌ലോട്ടിന്റെ ഹാൻഡ്‌ബോൾ പെനാൽറ്റി നൽകിയില്ലെന്നും ജെറിക്ക് നൽകേണ്ട രണ്ടാമത്തെ മഞ്ഞക്കാർഡ് ഒഴിവാക്കിയെന്നും സഹലിനു പരിക്കേൽക്കാൻ കാരണമായ ടാക്കിളിനു ഫൗൾ പോലും വിളിച്ചില്ലെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

കടുത്ത പ്രതിഷേധമാണ് അവർ ക്രിസ്റ്റൽ ജോണിനെതിരെ നടത്തുന്നത്. നിരവധി മോഹൻ ബഗാൻ ആരാധകർ ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് ക്ഷമ ചോദിക്കുന്നുമുണ്ട്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ നടത്തിയ പ്രതിഷേധത്തിന്റെ കാരണം ഇപ്പോഴാണ് മനസിലായതെന്നും ഇതുപോലെയൊരു റഫറി ഐഎസ്എൽ മത്സരം നിയന്ത്രിക്കാൻ അർഹനല്ലെന്നും ഐ ലീഗ് പോലെയുള്ള ഡിവിഷനിലേക്ക് അദ്ദേഹത്തെ മാറ്റണമെന്നും അവർ പറയുന്നു.

ഇന്നലത്തെ മത്സരത്തിൽ രണ്ടു ചുവപ്പുകാർഡുകളും ക്രിസ്റ്റൽ ജോൺ പുറത്തെടുത്തിരുന്നു. മോഹൻ ബഗാൻ പരിശീലകൻ ഫെറാൻഡോ, ബെഞ്ചിലിരുന്ന ഒഡിഷ താരം ഡീഗോ മൗറീസിയോ എന്നിവരാണ് ചുവപ്പുകാർഡ് വാങ്ങിയത്. മത്സരത്തിൽ മോഹൻ ബഗാൻ സമനില വഴങ്ങുകയായിരുന്നു. ജാഹു രണ്ടു ഗോളുകൾ ആദ്യപകുതിയിൽ നേടിയതിനു ശേഷം രണ്ടാം പകുതിയിൽ അർമാൻഡോ സാദിക്കു മോഹൻ ബഗാനെ ഒപ്പമെത്തിച്ചു. സമനിലഗോൾ ഇഞ്ചുറി ടൈമിലാണ് പിറന്നത്.

Mohun Bagan Fans Slams Crystal John