2034ൽ സൗദി അറേബ്യയിലെ ലോകകപ്പിലും ലയണൽ മെസി കളിക്കണം, ആഗ്രഹം വെളിപ്പെടുത്തി ഫിഫ പ്രസിഡന്റ് | Messi

ഖത്തർ ലോകകപ്പ് അർജന്റീന ജേഴ്‌സിയിൽ ലയണൽ മെസിയുടെ അവസാനത്തെ ടൂർണമെന്റ് ആകുമെന്നാണ് അതിനു മുൻപ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ കിരീടം സ്വന്തമാക്കിയതോടെ ദേശീയടീമിനൊപ്പം തന്നെ തുടരാനാണ് ലയണൽ മെസി തീരുമാനിച്ചത്. ഇനിയും ഒരുപാട് നേട്ടങ്ങൾക്ക് വേണ്ടി പൊരുതാൻ കഴിയുമെന്ന ആത്മവിശ്വാസം മെസിക്ക് വന്നു ചേർന്നു.

ലോകകപ്പിന് ശേഷവും മികച്ച പ്രകടനം നടത്തുന്ന അർജന്റീന ടീമിനൊപ്പം അടുത്ത കോപ്പ അമേരിക്കക്ക് വേണ്ടി തയ്യാറെടുക്കുകയാണ് ലയണൽ മെസിയും സംഘവും. അതേസമയം അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റോടെ താരം കളിക്കളത്തിൽ നിന്നും വിടപറയുമോ എന്ന സംശയം ആരാധകർക്കുണ്ട്. ആരോഗ്യം അനുവദിച്ചാൽ അടുത്ത ലോകകപ്പിലും കളിക്കുമെന്നാണ് ഇതേക്കുറിച്ച് മെസി പറഞ്ഞിട്ടുള്ളത്.

അതേസമയം കഴിഞ്ഞ ദിവസം ഫിഫ പ്രസിഡന്റായ ജിയാനി ഇൻഫാന്റിനോ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. മെസി 2026 ലോകകപ്പിൽ മാത്രമല്ല അതിനു ശേഷം നടക്കുന്ന 2030ലെയും 2034ലെയും ലോകകപ്പിൽ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും താരത്തിന് കഴിയുന്ന കാലം മുഴുവൻ കളിക്കളത്തിൽ സജീവമായി ഉണ്ടാകണമെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.

ഇൻഫാന്റിനോയുടെ ഈ വാക്കുകൾ മെസിക്കുള്ള ജനസമ്മിതി എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ്. ആരാധകർ മാത്രമല്ല, ഫുട്ബോൾ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വരെ മൈതാനത്ത് മെസിയുടെ സാമീപ്യം വളരെയധികം ആസ്വദിക്കുന്നവരാണ്. അത് ലയണൽ മെസിയുടെ കളിയുടെ മനോഹാരിത കൊണ്ടു തന്നെയാണ്. മനോഹരമായ കളിച്ച് എല്ലാ നേട്ടങ്ങളും സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു.

അതേസമയം 2026 ലോകകപ്പിന് തന്നെ ഉണ്ടാകുമോ എന്നുറപ്പില്ലാത്ത മെസി 2034 ലോകകപ്പിൽ കളിക്കുന്ന കാര്യം ചിന്തിക്കുക പോലും വേണ്ട. 2026 ലോകകപ്പ് അമേരിക്കയിൽ വെച്ചാണ് നടക്കുന്നത് എന്നതിനാൽ തന്നെ മെസി പങ്കെടുക്കാൻ നേരിയ സാധ്യതയുണ്ട്. 2030 ലോകകപ്പ് നിരവധി രാജ്യങ്ങളിൽ വെച്ചാണ് നടക്കുക. ഒരുപക്ഷെ സൗദിയിൽ വെച്ച് നടക്കുന്ന 2034 ലോകകപ്പിൽ ഒരു പരിശീലകന്റെ വേഷത്തിൽ മെസി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

FIFA President Wants Messi To Play 2034 World Cup