തന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാനുറപ്പിച്ച് എമിലിയാനോ മാർട്ടിനസ്, മാഞ്ചസ്റ്റർ സിറ്റിയെയും പിന്നിലാക്കി ആസ്റ്റൺ വില്ല | Aston Villa

ഖത്തർ ലോകകപ്പ് അടക്കം അർജന്റീന കഴിഞ്ഞ രണ്ടര വർഷത്തിൽ സ്വന്തമാക്കിയ മൂന്നു കിരീടങ്ങളുടെ പിന്നിലെയും പ്രധാന കാരണം ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് കൂടിയാണ്. താരത്തിന്റെ വരവോടു കൂടി പുതിയൊരു ആത്മവിശ്വാസമാണ് അർജന്റീന നേടിയെടുത്തത്. ഒരിക്കലും തോൽക്കാൻ കഴിയില്ലെന്ന മനോഭാവവും അത് സഹതാരങ്ങൾക്ക് അതുപോലെ നൽകാനുള്ള കഴിവുമാണ് എമിലിയാനോ മാർട്ടിനസിനെ വ്യത്യസ്‌തനാക്കുന്നത്.

കഴിഞ്ഞ മാസത്തിൽ നൽകിയ ഒരു അഭിമുഖത്തിലുൾപ്പെടെ താരം പലപ്പോഴും വെളിപ്പെടുത്തിയിട്ടുള്ള കാര്യമാണ് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുകയെന്നത്. അതിനു തനിക്ക് കഴിയുമെന്ന് താരം വിശ്വാസം പ്രകടിപ്പിച്ചപ്പോൾ അത് പലർക്കും തമാശയായിരുന്നു. വമ്പൻ പോരാട്ടം നടക്കുന്ന പ്രീമിയർ ലീഗിലെ മിഡ് ടേബിൾ ക്ലബായ ആസ്റ്റൺ വില്ലയിൽ നിന്നും ചാമ്പ്യൻസ് ലീഗിലേക്കെത്താൻ താരത്തിന് കഴിയില്ലെന്നാണ് ഏവരും കരുതിയത്.

എന്നാൽ ആസ്റ്റൺ വില്ല ഈ സീസണിൽ നടത്തുന്ന പ്രകടനം തന്റെ ആഗ്രഹങ്ങൾ എമിലിയാനോ മാർട്ടിനസ് നടപ്പിലാക്കുമെന്ന പ്രതീക്ഷ നൽകുന്നതാണ്. നിലവിൽ ലീഗിൽ പതിനഞ്ചു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ മുപ്പത്തിരണ്ടു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ആസ്റ്റൺ വില്ല നിൽക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലുമായി നാല് പോയിന്റ് മാത്രം വ്യത്യാസമേ അവർക്കുള്ളൂ.

ആസ്റ്റൺ വില്ല മികച്ച പ്രകടനം നടത്തുമ്പോൾ അതിൽ എമിലിയാനോ മാർട്ടിനസിന്റെ പങ്ക് വളരെ പ്രധാനമാണ്. വളരെ ശക്തമായ ഒരു പ്രതിരോധനിരയില്ലാത്ത ക്ലബിന് വേണ്ടി നിർണായകമായ സമയത്ത് സേവുകളുമായി താരം എപ്പോഴും മികച്ച പ്രകടനം നടത്താറുണ്ട്. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആസ്റ്റൺ വില്ല വിജയം നേടിയപ്പോഴും എമിലിയാനോ മാർട്ടിനസ് കിടിലൻ സേവുകളുമായി രക്ഷകനായി.

ആസ്റ്റൺ വില്ലയുടെ ഈ കുതിപ്പിൽ പരിശീലകനായ ഉനെ എമറിയും നിർണായകമായ പങ്കു വഹിക്കുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. യൂറോപ്പിലെ നിരവധി ക്ലബുകളെ പരിശീലിപ്പിക്കുകയും യൂറോപ്പ ലീഗ് അടക്കമുള്ള കിരീടം നിരവധി തവണ സ്വന്തമാക്കുകയും ചെയ്‌തിട്ടുള്ള എമറിയുടെ തന്ത്രങ്ങൾ ടീമിൽ പ്രധാനമാണ്. എന്തായാലും ആസ്റ്റൺ വില്ല ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയാൽ തന്നെ അത് വലിയൊരു നേട്ടമാണ്.

Aston Villa Moved To Third In EPL Table