ടീം വമ്പന്മാരുടെ മുന്നിൽ തോൽക്കുമ്പോൾ ഈ ആരാധകർക്ക് തോൽക്കാനാവില്ല, വമ്പൻ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് താരത്തെ വിജയിപ്പിച്ച് ആരാധകർ | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തിയിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിൽ ആരാധകർക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം ഇല്ലാതാക്കിയ മത്സരമായിരുന്നു ഗോവക്കെതിരെ നടന്നത്. ഗോവക്കെതിരെ വിജയം നേടുമെന്ന പ്രതീക്ഷ കുറവായിരുന്നെങ്കിലും ടീം പൊരുതുമെന്നെങ്കിലും ഏവരും പ്രതീക്ഷിച്ചു. എന്നാൽ വളരെ ദയനീയമായ പ്രകടനമാണ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.

ഗോവക്കെതിരായ മത്സരം കഴിഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സ് എത്രത്തോളം മുന്നോട്ടു പോകുമെന്ന കാര്യത്തിൽ പലർക്കും സംശയങ്ങൾ ഉണ്ടായിട്ടുണ്ട്. ഗോവയുടെ തന്ത്രങ്ങൾക്ക് യാതൊരു മറുപടിയും ഇവാന് ഉണ്ടായിരുന്നില്ല എന്നതിനാൽ തന്നെ വമ്പൻ ടീമുകൾക്കെതിരെ എത്രത്തോളം മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സിന് നടത്താൻ കഴിയുമെന്ന കാര്യത്തിൽ ആരാധകർക്ക് യാതൊരു ഉറപ്പും ഇപ്പോഴില്ല.

ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രകടനത്തിൽ സ്ഥിരതയില്ലെങ്കിലും ആരാധകർ നടത്തുന്ന പ്രകടനത്തിൽ എല്ലായിപ്പോഴും സ്ഥിരതയുണ്ട്. കഴിഞ്ഞ ദിവസം ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഗോൾ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ ബ്ലാസ്റ്റേഴ്‌സ് താരത്തെത്തന്നെ ആരാധകർ വിജയിപ്പിച്ചു. ഒരു ബ്ലാസ്റ്റേഴ്‌സ് താരം ലിസ്റ്റിലുണ്ടെങ്കിൽ അയാൾ തന്നെ വിജയം നേടുമെന്ന് വീണ്ടും തെളിയിക്കാൻ ഇതിലൂടെ ആരാധകർക്കായി.

ബ്ലാസ്റ്റേഴ്‌സ് താരമായ ദിമിത്രിയോസ് ചെന്നൈക്കെതിരെ നേടിയ ഗോളാണ് ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഉള്ളതിനാൽ തന്നെ വോട്ട് ഭാഗിച്ചു പോയിട്ടും 45 ശതമാനം വോട്ടുകൾ ദിമിത്രിയോസ് നേടി. രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാൾ താരം ബോർഹ ഹെരേര 37 ശതമാനത്തിലധികം വോട്ടുകൾ നേടിയപ്പോൾ പെപ്രക്ക് 14 ശതമാനം വോട്ടുകൾ ലഭിച്ചു.

ബ്ലാസ്‌റ്റേഴ്‌സ് താരത്തെ തോൽപ്പിക്കാൻ ഈസ്റ്റ് ബംഗാളിനൊപ്പം കൊൽക്കത്തയിലെ മറ്റൊരു ക്ലബായ മോഹൻ ബഗാന്റെ ആരാധകരും ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടന്നെങ്കിലും അവസാനത്തെ ലാപ്പിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്വന്തം താരത്തെ ഏറെ മുന്നിലെത്തിച്ചു. ടീം തോറ്റാലും ആരാധകർക്ക് തോൽക്കാൻ കഴിയില്ലെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.

Dimitrios Won ISL Goal Of The Week