മെസിയും സ്‌കലോണിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ, അർജന്റീന പരിശീലകൻ രാജിക്കൊരുങ്ങിയതിനു പിന്നിലെ കാരണമിതാണ് | Messi

കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ അർജന്റീന വിജയം നേടിയതിന്റെ സന്തോഷത്തിൽ നിന്നിരുന്ന ആരാധകരെ ഞെട്ടിച്ച പ്രതികരണമാണ് പരിശീലകനായ സ്‌കലോണി നടത്തിയത്. അർജന്റീനക്ക് കുറച്ചുകൂടി ഊർജ്ജസ്വലനായ ഒരു പരിശീലകനെ ആവശ്യമുണ്ടെന്നും അതിനാൽ തന്നെ താൻ സ്ഥാനമൊഴിയാൻ സാധ്യതയുണ്ടെന്ന സൂചനയാണ് ലോകകപ്പ് നേടിത്തന്ന പരിശീലകൻ നൽകിയത്.

അർജന്റീന ടീം മികച്ച ഫോമിൽ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ സ്‌കലോണി ഇങ്ങിനെയൊരു പ്രതികരണം നടത്തിയതിന്റെ കാരണം ആർക്കും മനസിലായില്ലായിരുന്നു. അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ ടാപ്പിയയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നും ലോകകപ്പ് നേടിയതിന്റെ ബോണസ് തുക അർജന്റീനയിലെ കോച്ചിങ് സ്റ്റാഫുകൾക്ക് ലഭിച്ചില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായി.

എന്നാൽ അർജന്റീനയിലെ മാധ്യമങ്ങൾ മറച്ചുവെച്ച ചില കാര്യങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. അന്നത്തെ മത്സരത്തിന് ശേഷം സ്‌കലോണി ടീം വിടുമെന്ന് പറയാനുള്ള യഥാർത്ഥ കാരണം മെസിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കൊണ്ടാണെന്നാണ് ദി അത്‌ലറ്റിക് വെളിപ്പെടുത്തുന്നത്. മത്സരത്തിന് മുൻപ് ഗ്യാലറിയിലുണ്ടായ പ്രശ്‌നങ്ങളും അതിനെത്തുടർന്നുണ്ടായ സംഭവങ്ങളുമാണ് അതിനു വഴിവെച്ചത്.

ഗ്യാലറിയിൽ അർജന്റീന ആരാധകരെ ബ്രസീലിയൻ പോലീസ് തല്ലിച്ചതക്കാൻ തുടങ്ങിയപ്പോൾ അതിൽ ഇടപെട്ട താരങ്ങൾ അതിനു ശേഷം നേരെ ഡ്രസിങ് റൂമിലേക്കു പോയി പിന്നീടാണ് തിരിച്ചെത്തിയത്. എന്നാൽ ടീമിലെ മുഴുവൻ താരങ്ങളും ഡ്രസിങ് റൂമിലേക്ക് പോയത് പരിശീലകനോട് ചോദിക്കാതെയാണ്. മെസിയുടെയും സംഘത്തിന്റെയും ഈ സമീപനം കോച്ചിങ് സ്റ്റാഫിന് ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു.

പ്രസ്‌തുത സംഭവത്തിൽ പുതിയ വികാസം എന്താണെന്ന് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം വരാനിരിക്കുന്ന കോപ്പ അമേരിക്കക്ക് ശേഷം സ്‌കലോണി അർജന്റീന പരിശീലകസ്ഥാനം ഒഴിയാൻ പോവുകയാണ്. അതിനു പുറമെ അദ്ദേഹത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും അർജന്റീനയിലെ നിലവിലെ സാഹചര്യം അത്ര ശുഭകരമല്ല.

Tensions Arise Between Messi And Scaloni In Argentina