“മെസിയുടെ ട്രൗസർ വരെ അവർ അടിച്ചുമാറ്റി”- അരങ്ങേറ്റത്തിന്റെ ആവേശം വെളിപ്പെടുത്തി അർജന്റീന താരം | Messi

യൂറോപ്പിലേതു പോലെ ഫുട്ബോളിന് വലിയ രീതിയിലുള്ള വേരോട്ടമില്ലാത്ത രാജ്യമാണ് അമേരിക്കയെങ്കിലും മെസി അവിടെ എത്തിയതോടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. എംഎൽഎസ് ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ മെസി കഴിഞ്ഞ ദിവസം ടീമിനായി അരങ്ങേറ്റം നടത്തി ഇഞ്ചുറി ടൈമിൽ ഫ്രീകിക്കിലൂടെ വിജയഗോൾ നേടിയതോടെ അമേരിക്കയിൽ വലിയ രീതിയിലുള്ള തരംഗവും സൃഷ്‌ടിച്ചിട്ടുണ്ട്.

ലയണൽ മെസി ഇന്റർ മിയാമി അരങ്ങേറ്റം നടത്തി ടീമിനെ മനോഹരമായ ഗോൾ നേടി വിജയിപ്പിച്ചതിനു ശേഷം നടന്ന കാര്യങ്ങളെക്കുറിച്ച് ഇന്റർ മിയാമിയുടെ പതിനെട്ടുകാരനായ താരം ബെഞ്ചമിൻ ക്രിമാച്ചി വെളിപ്പെടുത്തുകയുണ്ടായി. മത്സരത്തിന് ശേഷം ലയണൽ മെസിയുടെ ജേഴ്‌സിക്കു വേണ്ടി എല്ലാവരും ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായെന്നും ഒടുവിൽ താരത്തിന്റെ ട്രൗസർ വരെ അടിച്ചു മാറ്റിയെന്നുമാണ് ബെഞ്ചമിൻ ക്രിമാച്ചി പറയുന്നത്.

മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ ബെഞ്ചമിന് പകരക്കാരനായാണ് ലയണൽ മെസി കളത്തിലിറങ്ങുന്നത്. ലയണൽ മെസി ഇറങ്ങിയതിനു ശേഷം മത്സരം കാണുമ്പോൾ ഒരു സഹതാരം എന്ന നിലയിലല്ല, മറിച്ച് ആരാധകൻ എന്ന നിലയിലായിരുന്നു താനെന്നാണ് ബെഞ്ചമിൻ പറയുന്നത്. മെസിക്കൊപ്പം ഒരുമിച്ച് കളത്തിലിറങ്ങാൻ കഴിഞ്ഞില്ലെങ്കിലും താരത്തെ മത്സരത്തിന് ശേഷം കെട്ടിപ്പിടിക്കാൻ കഴിഞ്ഞത് ഒരു സ്വപ്‌നമായിരുന്നുവെന്ന് ബെഞ്ചമിൻ പറഞ്ഞു.

അമേരിക്കയിൽ ജനിച്ചു വളർന്നയാളാണ് ബെഞ്ചമിനെങ്കിലും അർജന്റീന പൗരത്വം താരത്തിനുണ്ട്. ബെഞ്ചമിന്റെ മാതാപിതാക്കൾ അർജന്റീന സ്വദേശികളാണ്. പതിനെട്ടു വയസ് മാത്രമുള്ള താരത്തിനു അർജന്റീനയുടെയും അമേരിക്കയുടെയും യൂത്ത് ടീമുകളിൽ കളിക്കാനുള്ള ക്ഷണവും ലഭിച്ചിട്ടുണ്ട്. ലയണൽ മെസിക്കൊപ്പം കളിക്കാനുള്ള അവസരം ലഭിക്കുന്നത് താരത്തിന് വളർന്നു വരാനുള്ള വലിയൊരു അവസരമാണ് നൽകുന്നത്.

Cremaschi On Messi After Inter Miami Debut