മെസിക്ക് മത്സരം കാണാൻ കസേര താഴ്ത്തിക്കൊടുക്കുന്ന മാർട്ടിനസ്, ഇന്റർ മിയാമിയിലെ ഡി പോളെന്ന് ആരാധകർ | Messi

അർജന്റീന താരങ്ങളായ ലയണൽ മെസിയും റോഡ്രിഗോ ഡി പോളും തമ്മിലുള്ള ബന്ധം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള ഒന്നാണ്. ലയണൽ മെസിയുടെ ബോഡിഗാർഡ് എന്ന രീതിയിൽ ആരാധകരുടെ ഇടയിൽ അറിയപ്പെടുന്ന ഡി പോൾ അതിനെ സാധൂകരിക്കുന്ന രീതിയിൽ മെസിയെ ചുറ്റിപ്പറ്റി എപ്പോഴുമുണ്ടാവുകയും താരത്തിന് എന്തെങ്കിലും പ്രശ്‌നങ്ങൾ വന്നാൽ ഉടനെ ഇടപെടുകയും ചെയ്യും. വളരെ ദൃഢമായൊരു ബന്ധമാണ് മെസിയും ഡി പോളും തമ്മിലുള്ളതെന്ന കാര്യത്തിൽ സംശയമില്ല.

2018 ലോകകപ്പിന് ശേഷം അർജന്റീനയിൽ ഉയർന്നു വന്ന പുതിയൊരു നിര താരങ്ങളുമായി തനിക്ക് ഇണങ്ങിച്ചേരാൻ സഹായിച്ചത് ഡി പോലാണെന്ന ലയണൽ മെസി തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇന്റർ മിയാമിയിലെത്തിയ താരത്തിന് അർജന്റീന ടീമിൽ ഡി പോൾ എന്നതു പോലെ അമേരിക്കൻ ക്ലബിൽ മറ്റൊരു താരത്തെ കിട്ടിയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഇന്റർമിയാമിയുടെ വെനസ്വലൻ താരമായ ജോസഫ് മാർട്ടിനസാണ്‌ ഇന്റർ മിയാമിയിൽ ഡി പോൾ.

കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ അൻപത്തിയഞ്ചാം മിനുട്ടിൽ പകരക്കാരനായാണ് ലയണൽ മെസി ഇറങ്ങിയിരുന്നത്. മത്സരത്തിന്റെ ആദ്യപകുതിയിൽ മുന്നിലെ ബെഞ്ചിന്റെ വലിപ്പം കാരണം മെസിക്ക് മത്സരം കൃത്യമായി കാണാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. മെസി പറയാതെ തന്നെ ഇത് മനസിലാക്കിയ ജോസെഫ് മാർട്ടിനസ് മുന്നിലെ കസേര താഴ്ത്തി വെക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിന്റെ പ്രവൃത്തിയോട് മെസി നന്ദി പറയുകയും ചെയ്‌തു.

മുപ്പതുകാരനായ ജോസഫ് മാർട്ടിനസും ലയണൽ മെസിക്കൊപ്പമാണ് മത്സരത്തിൽ ഇറങ്ങിയത്. ആദ്യമായി ഒരുമിച്ചു കളിക്കുകയായിരുന്നിട്ടും മൈതാനത്ത് ഒത്തിണക്കം കാണിക്കാൻ മുന്നേറ്റനിരയിൽ കളിക്കുന്ന താരങ്ങൾക്ക് കഴിഞ്ഞു. ഓഫ്‌സൈഡ് ട്രാപ്പിൽ കുടുങ്ങിയില്ലായിരുന്നെങ്കിൽ മെസിയുടെ പാസിൽ നിന്നും മാർട്ടിനസ് ഒരു ഗോൾ എന്തായാലും നേടിയേനെ. എന്തായാലും ഇന്റർ മിയാമിയിൽ മെസി വളരെ പെട്ടന്നു തന്നെ ഒത്തുപോകുമെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

Josef Martinez Making Strong Connection With Messi