“ആഗ്രഹിച്ച കാര്യം തന്നെയാണ് ഞാൻ പറഞ്ഞത്”- ആരാധകർക്ക് ആവേശമുണ്ടാക്കുന്ന വെളിപ്പെടുത്തലുമായി അഡ്രിയാൻ ലൂണ | Adrian Luna

രണ്ടു വർഷങ്ങൾക്കു മുൻപാണ് ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയിൽ നിന്നും യുറുഗ്വായ് താരമായ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. അതിനു ശേഷമിതു വരെ ടീമിന്റെ നെടുന്തൂണായി മാറാൻ ലൂണക്ക് കഴിഞ്ഞു. താരത്തെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഇവാൻ വുകോമനോവിച്ച് എന്ന പരിശീലകൻ കൂടി ചേർന്നതോടെ വമ്പൻ പ്രകടനമാണ് ടീമിനായി അഡ്രിയാൻ ലൂണ ഓരോ സീസണിലും നടത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിൽ ഇക്കാലയളവിലെ താരങ്ങളെ എടുത്തു നോക്കിയാൽ ലൂണയെപ്പോലെ സ്വാധീനം ചെലുത്തിയ മറ്റൊരു കളിക്കാരൻ ഉണ്ടാകില്ലെന്ന കാര്യം തീർച്ചയാണ്. കളിക്കളത്തിലെ എല്ലാ ഭാഗത്തുമെത്താനും പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ പങ്കു വഹിക്കാനും കഴിയുന്ന താരം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയങ്കരനാണ്. അതു തന്നെയാണ് മറ്റു ക്ലബുകളുടെ ഓഫർ ഉണ്ടായിട്ടും ലൂണയെ വിട്ടുകൊടുക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ തയ്യാറാവാത്തതിന്റെ കാരണം.

ബ്ലാസ്റ്റേഴ്‌സിനൊപ്പം എക്കാലവും തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ക്ലബിനൊപ്പം രണ്ടു വർഷം പൂർത്തിയാക്കിയ വേളയിൽ അഡ്രിയാൻ ലൂണ പറയുന്നത്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് യുറുഗ്വായ് താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കു വെച്ചത്. “ഇനിയുമൊരുപാട് കാലം ഈ ക്ലബ്ബിനെ പ്രതിനിധീകരിച്ചു കളിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നതും ആഗ്രഹിക്കുന്നതും” എന്നാണു അഡ്രിയാൻ ലൂണ പറഞ്ഞത്.

അതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ ഇൻസ്റ്റാഗ്രാം പോസ്റ്റ് സ്റ്റോറിയായി ഷെയർ ചെയ്‌ത്‌ “ഞാൻ ആഗ്രഹിക്കുന്ന കാര്യം തന്നെയാണ് പറഞ്ഞത്” എന്ന ക്യാപ്‌ഷൻ നൽകി അതിനെ ഒന്നുകൂടി ഉറപ്പിക്കാനും ലൂണ മറന്നില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോടുള്ള താരത്തിന്റെ സ്നേഹമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഇനി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ഒരു കിരീടം കൂടി സ്വന്തമാക്കാൻ കഴിഞ്ഞാൽ ക്ലബിന്റെ ഇതിഹാസമായി മാറാൻ ലൂണക്ക് കഴിയും.

Adrian Luna Wish To Spend More Years With Kerala Blasters