റൊണാൾഡോ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കും, അൽ നസ്റിൽ നിന്നും താരത്തെ സ്വന്തമാക്കാൻ വമ്പൻമാർ രംഗത്ത് | Cristiano Ronaldo
യൂറോപ്യൻ ഫുട്ബോൾ വിട്ടു ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് വന്നത് ഏവരെയും ഞെട്ടിച്ച ട്രാൻസ്‌ഫർ ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങിയ താരത്തിന് യൂറോപ്പിൽ തന്നെ തുടരാനാണ് താൽപര്യമെങ്കിലും വമ്പൻ ക്ലബുകളൊന്നും ഓഫർ നൽകിയില്ല. ഇതേത്തുടർന്നാണ് വമ്പൻ പ്രതിഫലം വാങ്ങി റൊണാൾഡോ സൗദി പ്രൊ ലീഗിലെത്തിയത്.
സൗദി പ്രൊ ലീഗിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഒരു പ്രധാന കിരീടം പോലും റൊണാൾഡോക്ക് അവിടെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. അതിനിടയിൽ താരത്തിന് യൂറോപ്പിലേക്ക് തിരിച്ചു വരാനുള്ള സാധ്യത തുറക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സൗദി അറേബ്യയിലെ ഒരു ജേർണലിസ്റ്റാണ് റൊണാൾഡോക്ക് യൂറോപ്പിൽ നിന്നുമുള്ള ഓഫറിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
🚨 Bayer Leverkusen wants to sign Cristiano Ronaldo upon recommendation of their coach Xabi Alonso. [@AlhazzaMutab] pic.twitter.com/pqhjZU5QuL
— TCR. (@TeamCRonaldo) May 9, 2024
ഈ സീസണിൽ അവിശ്വസനീയമായ കുതിപ്പ് നടത്തുന്ന ജർമൻ ക്ലബായ ബയേർ ലെവർകൂസൻ അടുത്ത സീസണിലേക്ക് റൊണാൾഡോയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് അദ്ദേഹം പുറത്തു വിട്ടത്. ആദ്യമായി ജർമൻ ലീഗ് കിരീടമുയർത്തിയ ടീം അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള വമ്പൻ പോരാട്ടങ്ങൾക്ക് ഇറങ്ങുമ്പോൾ റൊണാൾഡോയെപ്പോലെയൊരു താരത്തിന്റെ സാന്നിധ്യം അവർക്ക് ഗുണമാണ്.
റയൽ മാഡ്രിഡിൽ റൊണാൾഡോക്കൊപ്പം കളിച്ചിട്ടുള്ള സാബി അലോൺസോയാണ് നിലവിൽ ബയേർ ലെവർകൂസൻറെ പരിശീലകൻ. ഈ ബന്ധം തന്നെയാണ് താരത്തെ സ്വന്തമാക്കുന്നതിൽ നിർണായകമാകുന്നത്. അൽ നസ്‌റുമായി റൊണാൾഡോക്ക് 2025 വരെ കരാർ ഉണ്ടെങ്കിലും താരത്തിന് യൂറോപ്പിലേക്ക് തിരിച്ചു പോകണമെന്ന് പറഞ്ഞാൽ അതിൽ തടസങ്ങളുണ്ടാകാൻ സാധ്യതയില്ല.
ഈ സീസണിൽ ഒരു മത്സരം പോലും തോൽക്കാതെ റെക്കോർഡ് കുതിപ്പ് നടത്തുന്ന ടീമാണ് ബയേർ ലെവർകൂസൻ. അങ്ങിനെയുള്ള ഒരു ടീമിലേക്ക് റൊണാൾഡോ എത്തിയാൽ അത് ടീമിന് കൂടുതൽ കരുത്തും ആത്മവിശ്വാസവും നൽകും. ഈ ട്രാൻസ്‌ഫർ സംഭവിച്ചാൽ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം വീണ്ടുമുയർത്താനുള്ള അവസരം കൂടിയാണ് റൊണാൾഡോക്ക് ലഭിക്കുക.
Cristiano Ronaldo Linked With Bayer Leverkusen